ട്രെയിൻ യാത്രക്കാരുടെ മരണം; ചരിത്രത്തിലാദ്യമായി എൻജിനീയർമാർക്കെതിരെ കേസെടുത്ത് ഇന്ത്യൻ റെയിൽവേ
text_fieldsതാനെ: ജൂൺ 9ന് താനെയിലെ മുംബ്ര സ്റ്റേഷനിലുണ്ടായ ട്രെയിൻ അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ എൻജിനീയർമാർക്കെതിരെ കേസെടുത്ത് ഇന്ത്യൻ റെയിൽവേ. ചരിത്രത്തിലാദ്യമായാണ് ട്രെയിൻ അപകടങ്ങളിൽ റെയിൽവേ എൻജിനീയർമാർക്കെതിരെ കേസെടുക്കുന്നത്.
അസിസ്റ്റന്‍റ് ഡിവിഷണൽ എൻജിനീയർ വിശാൽ ഡോലാസ്, സീനിയർ സെക്ഷൻ എൻജിനീയർ സമർ യാദവ് എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ ചുമത്തിയിട്ടുള്ളത്. ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നും അലക്ഷ്യമായി ട്രാക്ക് ഉപേക്ഷിച്ച് പോയെന്നുമുള്ള ആരോപണങ്ങളാണ് ഉദ്യോഗസ്ഥർക്ക് മേലുള്ളത്.
രണ്ട് ട്രെയിനുകൾ അതിവേഗം കടന്നു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നാലുപേർ മരിച്ചതിനു പുറമെ രണ്ട് പേർക്ക് തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് പരിക്കേൽക്കുകയും ചെയ്തു. കൃത്യമായി ട്രാക്ക് വെൽഡ് ചെയ്യാത്തതുമൂലം ഒരു ഭാഗം താഴ്ന്നു പോയതാണ് അപകടത്തിനു കാരണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ട്രാക്ക് അകലം ക്രമീകരിച്ചിരുന്നതെന്നും അധികൃതർ പറഞ്ഞു.
അപകടത്തിനു മുമ്പ് കനത്ത മഴ പെയ്തത് അപകടത്തിന്‍റെ ആഘാതം കൂട്ടി. അപകടത്തെ തുടർന്ന് നടത്തിയ അവലോകനത്തിൽ ഉദ്യോഗസ്ഥർ മുന്നറിയിപ്പുകൾ അവഗണിച്ചതും കൃത്യ സമയത്ത് അറ്റകുറ്റ പണികൾ ചെയ്യാത്തതുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. ഇത് അശ്രദ്ധയല്ലെന്നും മനപൂർവമായ വീഴ്ചയാണെന്നും അന്വേഷണസംഘം നിരീക്ഷിച്ചു.


