ഹിന്ദി അടിച്ചേൽപ്പിക്കാൻ വീണ്ടും റെയിൽവേ
text_fieldsതിരുവനന്തപുരം: ഇടവേളക്ക് ശേഷം ദക്ഷിണ റെയിൽവേയിൽ വീണ്ടും ഹിന്ദി അടിച്ചേൽപ്പിക്കാൻ നീക്കം. ഔദ്യോഗിക കാര്യങ്ങളിലും ഓഫീസ് വ്യവഹാരങ്ങളിലും ജീവനക്കാർ ഹിന്ദി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. മലയാളവും തമിഴുമടക്കം പ്രദേശിക ഭാഷകളെ അവഗണിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിമർശനം. 2019ൽ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷും ഹിന്ദിയും മാത്രം മതിയെന്ന് നിര്‍ദേശിച്ച് നോട്ടീസിറക്കിയത് വിവാദമാവുകയും കനത്ത പ്രതിഷേധങ്ങൾക്കിടയാക്കുകയും ചെയ്തതതോടെ പിൻവലിച്ചിരുന്നു. നാല് വർഷങ്ങൾക്കിപ്പുറം സമാനനീക്കവുമായാണ് റെയിൽവേ രംഗത്തിറങ്ങിയിരിക്കുന്നത്.
ഹിന്ദി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സെപ്റ്റംബർ 15 വരെ നീളുന്ന പ്രത്യേക കാമ്പയിന്റെ ഭാഗമാണ് സർക്കുലറെന്നാണ് ഔദ്യോഗിക വിശദീകരണം. ഇക്കാലയളവിലെ ജീവനക്കാരുടെ ഹിന്ദി ഉപയോഗം പ്രത്യേകം രേഖപ്പെടുത്തും. മാത്രമല്ല, വകുപ്പുതല പ്രവർത്തനങ്ങളിലും പരിശോധനകളിലും ഹിന്ദി ഉപയോഗം എത്രത്തോളമെന്നത് പരിശോധിക്കുകയും ചെയ്യും. അനുമതികൾ, അംഗീകാരങ്ങൾ, വാക്കാലുള്ള നിർദ്ദേശങ്ങൾ, കത്തുകൾ, പരിശോധനാ റിപ്പോർട്ടുകൾ എന്നിവയിലുൾപ്പെടെ ആശയവിനിമയ മാധ്യമമായി ഹിന്ദി ഉപയോഗിക്കണമെന്നാണ് നിർദേശം. സെപ്റ്റംബർ 19നകം ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസർക്കാറിന്റെ 2025-26ലെ ഭാഷ നയപ്രകാരം സർക്കാർ ഓഫീസുകളിൽ ഹിന്ദി പരാമാവധി ഉപയോഗിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, കാമ്പയിനുകൾ ഒരു ഭാഗത്ത് നടക്കുമ്പോഴും ഇംഗ്ലീഷിലാണ് കാര്യങ്ങൾ അധികവും നിർവഹിക്കപ്പെടുന്നത്. ഈ സാഹചര്യം മാറ്റുന്നതിനാണ് ഹിന്ദിക്ക് പ്രാമുഖ്യം നൽകാൻ കേന്ദ്രം നിഷ്കർഷിച്ചിരിക്കുന്നത്. പിന്നാലെയാണ് ഹിന്ദി കാമ്പയിനുമായി റെയിൽവേ രംഗത്തെത്തിയത്.