മിസൈൽ നിർമാണവും സ്വകാര്യ മേഖലക്ക്, ഡി.ആർ.ഡി.ഒ വികസിപ്പിച്ച സാങ്കേതിക വിദ്യ കൈമാറും; പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി
text_fieldsന്യൂഡൽഹി: രാജ്യസുരക്ഷക്കുള്ള പരമ്പരാഗത മിസൈൽ സംവിധാനങ്ങൾക്കായി പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച മുഴുവൻ സാങ്കേതികവിദ്യകളും ഇന്ത്യക്കകത്തുള്ള സ്വകാര്യ പ്രതിരോധ വ്യവസായത്തിന് കൈമാറാൻ പ്രതിരോധമന്ത്രി രാജ്‍നാഥ് സിങ് അനുമതി നൽകി.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തകയായിരുന്ന ആണവായുധ ശേഷിയുള്ളതടക്കം തന്ത്രപ്രധാന മിസൈലുകളുടെയും ബോംബുകളുടെയും നിർമാണം സ്വകാര്യമേഖലയിലേക്ക് മാറ്റാൻ നടപടി തുടങ്ങിയതിന് പിന്നാലെയാണ് മിസൈൽ സാങ്കേതിക വിദ്യ സ്വകാര്യ മേഖലക്ക് കൂടി കൈമാറാൻ ഇന്ത്യയുടെ പ്രതിരോധചരിത്രത്തിൽ ആദ്യമായി അനുമതി നൽകുന്നത്. ബഹിരാകാശ രംഗവും സ്വകാര്യമേഖലക്ക് തീറെഴുതുന്നുവെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടയിലാണ് നിർണായക തീരുമാനം.
പ്രതിരോധ ഉൽപാദനമേഖലയിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാനെന്ന് പറഞ്ഞാണ് ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്ന മിസൈലുകൾ അടക്കമുള്ള പ്രതിരോധ ഉൽപന്നങ്ങളുടെ നിർമാണച്ചുമതല പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബി.ഡി.എൽ), ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) എന്നിവയിൽനിന്ന് എടുത്ത് സ്വകാര്യ മേഖലക്കുകൂടി നൽകാൻ ഈയിടെ തീരുമാനിച്ചത്. മിസൈൽ നിർമാണം സ്വകാര്യ മേഖലക്ക് നൽകുമ്പോൾ രൂപകൽപനയും സാങ്കേതികവിദ്യയും ഡി.ആർ.ഡി.ഒ തയാറാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, സാങ്കേതിക വിദ്യകൂടി കൈമാറാനാണ് ഇപ്പോഴുള്ള നിർദേശം.
അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ്, ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് തുടങ്ങിയ സ്വകാര്യ കമ്പനികൾ പ്രതിരോധ ഉൽപാദന മേഖലയിൽ ഇങ്ങനെ സജീവമാകുമ്പോൾ സാങ്കേതിക വിദ്യ കൈമാറ്റം ഉറപ്പുവരുത്താനാണ് മന്ത്രി രാജ്നാഥിന്റെ പച്ചക്കൊടി. അതേസമയം, പ്രതിരോധ രംഗത്ത് ആത്മ നിർഭർ ഇന്ത്യയെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്നും പ്രതിരോധ മേഖലയിൽ ആഭ്യന്തര വ്യവസായങ്ങളുടെ വർധിച്ച പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണ് ഈ നീക്കമെന്നും പ്രതിരോധ മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ആധുനിക പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനും നിർമിക്കാനുമുള്ള ഇന്ത്യൻ വ്യവസായ രംഗത്തിന്‍റെ ശേഷിക്ക് ആക്കം പകരാനുള്ള ഡി.ആർ.ഡി.ഒയുടെ നിരന്തര ശ്രമമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.
ആഭ്യന്തര നിർമാണ ശേഷി ഉയർത്തുക, പ്രതിരോധ വ്യവസായ അടിത്തറ ശക്തിപ്പെടുത്തുക, സപ്ലൈ ശൃംഖലയിലെ ഇന്ത്യൻ എം.എസ്.എം.ഇകൾക്കും മറ്റു സാങ്കേതിക പങ്കാളികൾക്കും അവസരങ്ങൾ സൃഷ്‍ടിക്കുക എന്നിവയാണ് ലക്ഷ്യമെന്നും മന്ത്രാലയം തുടർന്നു. മിസൈൽ വികസനവും വൻതോതിലുള്ള വ്യവസായിക ഉൽപാദനവും തമ്മിലുള്ള അന്തരം നികത്താൻ ഈ സാങ്കേതിക കൈമാറ്റം സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നീക്കം രാജ്യരക്ഷ അപകടപ്പെടുത്തും -ഇ.ടി
കോഴിക്കോട്: തന്ത്രപ്രധാന മിസൈല്‍ സാങ്കേതികവിദ്യ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള കേന്ദ്ര നീക്കം ദേശസുരക്ഷയെ ബാധിക്കുന്ന ഗുരുതര സാഹചര്യമാണുണ്ടാക്കുകയെന്നും തീരുമാനം റദ്ദാക്കണമെന്നും മുസ്‍ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇന്ത്യയിലെ ആഭ്യന്തര കമ്പനികള്‍ക്കു പ്രതിരോധ വിതരണ ശൃംഖലയില്‍ വലിയ പങ്കാളിത്തം ഉറപ്പാക്കാനും വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കാനുമാണ് നീക്കമെന്ന് പറയുന്നവര്‍, രാജ്യം ലോകത്തെ ആദ്യ അഞ്ച് സൈനിക ബഹിരാകാശ ശക്തികളിലൊന്നാണെന്ന വസ്തുത മറച്ചുപിടിക്കുകയാണ്.
അമേരിക്കയും ചൈനയുമായി ഒരേസമയം സൗഹൃദം ദൃഢമാക്കി നമ്മുടെ ശത്രുരാജ്യമായ പാക്കിസ്ഥാന്‍ ഒളിയുദ്ധം ശക്തമാക്കുമ്പോള്‍ ഇന്ത്യയുടെ ശക്തിവര്‍ധിപ്പിക്കല്‍ അനിവാര്യമാണ്. പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചും ശാത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും സൈന്യത്തെയും വിശ്വാസത്തിലെടുത്തും അവര്‍ക്ക് പൂർണ പിന്തുണ ഉറപ്പാക്കിയും രാജ്യത്തെ കരുത്തുറ്റതാക്കുന്നതിന് പകരം സ്വകാര്യ കുത്തകകള്‍ക്ക് മിസൈല്‍ സാങ്കേതികവിദ്യ കൈമാറുന്നത് തലമറന്ന് എണ്ണതേക്കുന്ന നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


