Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാലുമാറ്റത്തിന്...

കാലുമാറ്റത്തിന് രാജ്യസഭ അംഗീകാരം; എം.പിമാരുടെ അംഗത്വം റദ്ദാക്കാനുള്ള ആപിന്റെ അപേക്ഷയിൽ നടപടിയില്ല

text_fields
bookmark_border
കാലുമാറ്റത്തിന് രാജ്യസഭ അംഗീകാരം; എം.പിമാരുടെ അംഗത്വം റദ്ദാക്കാനുള്ള ആപിന്റെ അപേക്ഷയിൽ നടപടിയില്ല
cancel

ന്യൂഡൽഹി: രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ബി.ജെ.പിയിൽ ലയിക്കാനുള്ള ഏഴ് ആം ആദ്മി പാർട്ടി എം.പിമാരുടെ അപേക്ഷ രാജ്യസഭ ചെയർമാൻകൂടിയായ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അംഗീകരിച്ചു. ഇവരുടെ കൂറുമാറ്റം അസാധുവായി പ്രഖ്യാപിക്കണമെന്ന ആപ് രാജ്യസഭാ കക്ഷി നേതാവ് സഞ്ജയ് സിങ്ങിന്റെ അപേക്ഷയും ഭരണഘടനവിരുദ്ധമാണെന്ന കപിൽ സിബൽ അടക്കമുള്ള മുതിർന്ന നിയമവിദഗ്ധരുടെ നിലപാടും തള്ളിയാണ് രാജ്യസഭാ ചെയർമാന്റെ നടപടി.

രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഠക്, ഹർഭജൻ സിങ്, വിക്രംജിത് സാഹ്നി, സ്വാതി മലിവാൾ, രജീന്ദർ ഗുപ്ത എന്നിവരുടെ ബി.ജെ.പി ലയനം അംഗീകരിച്ചതോടെ രാജ്യസഭയിലെ ബി.ജെ.പി അംഗസംഖ്യ 106ൽനിന്ന് 113 ആയി ഉയർന്നു. ആപ് എം.പിമാർ 10ൽനിന്ന് മൂന്നായി ചുരുങ്ങുകയും ചെയ്തു. ആപ് രാജ്യസഭാ കക്ഷി നേതാവ് സഞ്ജയ് സിങ്, എൻ.ഡി. ഗുപ്ത, ബൽബീർ സിങ് സീചേവാൾ എന്നിവരാണ് അവശേഷിക്കുന്നവർ. ബി.ജെ.പി ലയനത്തിന് അംഗീകാരം നൽകിയതിന് പിന്നാലെ രാജ്യസഭയിലെ മാറിയ കക്ഷിനില രാജ്യസഭ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു.

ഡൽഹി ജൽ ബോർഡ് അഴിമതി കേസിൽ ഇ.ഡി പിന്തുടർന്നതോടെ കേസ് ഒഴിവാക്കാൻ ബി.ജെ.പിയുമായി അടുത്ത രാഘവ് ഛദ്ദ രാജ്യസഭാംഗത്വം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ, ഇ.ഡി റെയ്ഡിനിരയായ ലവ്‍ലി പഞ്ചാബ് യൂനിവേഴ്സിറ്റി ഉടമ അശോക് മിത്തൽ, വനിതാ കമീഷൻ നിയമനത്തിൽ സി.ബി.ഐ പ്രതിയാക്കിയ സ്വാതി മലിവാൾ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഹർഭജൻ സിങ്, ആപ് ബുദ്ധികേന്ദ്രം സന്ദീപ് പഠക് തുടങ്ങിയവരെ കൂടി കൂട്ടി ആപിൽനിന്ന് മൂന്നിൽ രണ്ട് പേരെ ഒപ്പിച്ചാണ് കൂറുമാറ്റ നിരോധന നിയമത്തിൽനിന്ന് രക്ഷപ്പെട്ടത്. ഏപ്രിൽ 24നാണ് ആപിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ലയിക്കുകയാണെന്ന് ഇവർ രാജ്യസഭാ ചെയർമാന് കത്ത് നൽകിയത്. അതിന് പിന്നാലെ ഛദ്ദയും പഠകും മിത്തലും ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തി പാർട്ടി അംഗത്വമെടുക്കുകയും ചെയ്തു.

Show Full Article
TAGS:Rajya Sabha party AAP 
News Summary - Rajya Sabha recognizes party defection; no action yet on AAP’s petition to disqualify MPs.
Next Story