അണ്ണാ സർവകലാശാല കാമ്പസിലെ ലൈംഗിക പീഡനം: വഴിയോര ബിരിയാണി കച്ചവടക്കാരൻ അറസ്റ്റിൽ
text_fieldsചെന്നൈ: ചെന്നൈ: അണ്ണാ സർവകലാശാല കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. സർവകലാശാല പരിസരത്ത് തട്ടുകടയിൽ ബിരിയാണി വിൽപന നടത്തുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ (37) ആണ് പ്രതി.
അണ്ണാ സർവകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപം ഡിസം. 23ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കന്യാകുമാരി സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നിൽക്കുമ്പോൾ അപരിചിതൻ യാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മർദ്ദിക്കുകയായിരുന്നു. പുരുഷ സുഹൃത്ത് ഓടി രക്ഷപ്പെട്ടപ്പോൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി.
പെൺകുട്ടി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ചെങ്കിലും പ്രതി പിൻമാറിയില്ല. ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകൾ ചുമത്തിയാണ് ആർ.എ പുരം വനിത പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ സുഹൃത്തും സർവകലാശാല സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ മുപ്പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിക്കെതിരെ ചെന്നൈയിലെ വിവിധ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളുണ്ട്.
ഇയാൾ ഡി.എം.കെ പ്രവർത്തകനാണെന്ന് ആരോപിച്ച് അണ്ണാ ഡി.എം.കെ, ബി.ജെ.പി കക്ഷികൾ വ്യാഴാഴ്ച സർവകലാശാല കവാടത്തിന് പിക്കറ്റിങ് സമരം നടത്തി അറസ്റ്റുവരിച്ചു. എന്നാൽ പാർട്ടിയുമായി ബന്ധമില്ലെന്നാണ് ഡി.എം.കെ നിലപാട്. എസ്.എഫ്.ഐ ഉൾപ്പെടെ വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭരംഗത്തുണ്ട്.