മഹാരാഷ്ട്രയിൽ അപൂർവ രോഗം; നഖങ്ങൾ കൊഴിഞ്ഞു പോകുന്നു
text_fieldsമുംബൈ: മഹാരാഷ്ട്ര ബുൽദാനയിലെ ഷെഗാവിൽ 200ലധികം പേർക്ക് അസാധാരണ രോഗം പിടിപെട്ടതായി റിപ്പോർട്ട്. നാലു ഗ്രാമങ്ങളിൽ 29 പേരുടെ നഖം അടർന്നു പോയതായും തലമുടി അസാധാരണമാം വിധം കൊഴിയുന്നതായും കർഷകർ പറയുന്നു. തല ചൊറിഞ്ഞതിനു ശേഷം കൈയെടുക്കുമ്പോൾ നഖങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചിലരുടെ നഖങ്ങൾ അടർന്നു പോകുന്നുവെന്നുമാണ് ഗ്രാമവാസികൾ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും കൊണ്ടുവന്ന് ബുൽദാനയിലെ റേഷൻ കടകൾ വഴി വിതരണം ചെയ്ത ഗോതമ്പിൽ ഉയർന്ന അളവിൽ സെലിനിയം അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞിരുന്നു.
ഉയർന്ന സെലിനിയത്തിന്റെ അളവ് അമിതമായി മുടി കൊഴിച്ചിലിന് കാരണമാകുമെന്നും ഇത് നഖ വൈകല്യത്തിനും കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.
ബുൽദാനയിൽ നഖവൈകല്യമുള്ള 37 രോഗികളെ ജില്ലാ ആരോഗ്യ വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. 2024 ഡിസംബറിൽ 15 ഗ്രാമങ്ങളിൽ നിന്നുള്ളവർക്ക് ഗുരുതരമായ മുടി കൊഴിച്ചിൽ അനുഭവപ്പെട്ടിരുന്നു. അതേ രോഗികൾക്കു തന്നെയാണ് നഖം അടർന്നു പോകുന്നതും റിപ്പോർട്ട് ചെയ്തത്. ഗ്രാമത്തിലെ സർപഞ്ച് സംഭവത്തെക്കുറിച്ച് മൂന്ന് ദിവസം മുമ്പ് അറിയിച്ചതായും രോഗികളെ പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ അയച്ചതായും ബുൽദാന ജില്ലാ ആരോഗ്യ ഓഫിസർ ഡോ. അമോൽ ഗിറ്റ് പറഞ്ഞു.
കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായക്കാർക്കും വ്യത്യസ്ത രീതിയിലാണ് അസുഖം അനുഭവപ്പെടുന്നത്. കഴിഞ്ഞ മാസം നഖം നഷ്ടപ്പെട്ടവർക്ക് നഖങ്ങൾ വളർന്നതായും അദ്ദേഹം പറഞ്ഞു. നഖം രൂപഭേദം സംഭവിക്കുന്നതിനോ അടർന്നു പോകുന്നതിനോ പല കാരണങ്ങളുണ്ടാകാമെന്ന് ഡോ. ഗിറ്റ് പറഞ്ഞു.