മധ്യപൗരസ്ത്യ മേഖലയിലെ സംഭവവികാസങ്ങൾ: സൗദി-ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
text_fieldsബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ റിയാദിൽ സ്വീകരിച്ചപ്പോൾ
റിയാദ്: മധ്യപൗരസ്ത്യ മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറും റിയാദിൽ കൂടിക്കാഴ്ച നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങൾ വിലയിരുത്തുന്നതിനായി റിയാദിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധവും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും മന്ത്രിമാർ അവലോകനം ചെയ്തു. പ്രാദേശികമായ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ചും ചർച്ചയിൽ സജീവമായ ആശയവിനിമയം നടന്നു.
സൗദി അറേബ്യയ്ക്കും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കുമെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ശക്തമായ ഭാഷയിൽ അപലപിച്ചു. ദുരിതബാധിത രാജ്യങ്ങളോട് ബ്രിട്ടൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ രാജ്യങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. സഊദ് അൽസാത്വിയും ഈ നിർണായക ചർച്ചയിൽ പങ്കെടുത്തു. വിദേശകാര്യ മന്ത്രിക്കു പുറമെ, സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ്, ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽജാസർ എന്നിവരുമായും യെവെറ്റ് കൂപ്പറുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ-ഗതാഗത മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഈ യോഗങ്ങളിൽ തീരുമാനമായി.


