തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ കുത്തനെ കുറഞ്ഞെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങളും വ്യാപ്തിയും 2025-26ൽ കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ അവതരിപ്പിച്ച ജനകീയ പദ്ധതിയുടെ അവസാന വർഷത്തെ റിപ്പോർട്ടിലാണ് ഈ വിവരം. രജിസ്റ്റർ ചെയ്ത കുടുംബങ്ങളുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിൽ പോലും ഗാരന്‍റി ചെയ്ത 100 ദിവസത്തെ തൊഴിൽ കിട്ടാത്ത കുടുംബങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചു. പദ്ധതിയിലെ തൊഴിലാളികളുമായി ചേർന്ന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്‍മയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സംഘർഷ് മോർച്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലിബ്‍ടെക് ഇന്ത്യയാണ് റിപ്പോർട്ട് തയാറാക്കിയത്.
ഓരോ കുടുംബത്തിനും ശരാശരി 1,221 രൂപയുടെ വരുമാനനഷ്‍ടം ഉണ്ടായെന്നാണ് ലിബ്‍ടെക് കണക്കാക്കിയത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായി വിബി-ജി റാം ജി നിയമം കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് പാസാക്കിയിരുന്നു. എന്നാൽ, പുതിയ നിയമം വേണ്ടത്ര കൂടിയാലോചന കൂടാതെ കൊണ്ടുവന്നതാണെന്നാണ് സംഘർഷ് മോർച്ചയുടെ ആരോപണം. ഗ്രാമീണ ജനങ്ങളുടെ ജീവനോപാധിയിൽ തൊഴിലുറപ്പ് പദ്ധതികൾക്ക് നിർണായക പങ്കുണ്ടെന്നും, അത്തരം പദ്ധതികളുടെ ഘടനയിൽ മാറ്റംവരുത്തുമ്പോൾ അർഥവത്തായ കൂടിയാലോചന നടക്കണമെന്നും മോർച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.


