വിവരാവകാശ നിയമത്തെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നു- ഖാർഗെ
text_fieldsമല്ലികാർജുൻ ഖാർഗെ
ന്യൂഡല്‍ഹി: വിവരാവകാശ നിയമം (ആർ.ടി.ഐ) പുനഃപരിശോധിക്കണമെന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ ശിപാർശക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൊന്നതിനുശേഷം ഇനി ആർ.ടി.ഐയെ കൊലപ്പെടുത്താനുള്ള നീക്കമാണോ എന്ന് ഖാർഗെ ചോദിച്ചു. 2014 മുതല്‍ ഇതുവരെ 100ലധികം ആർ.ടി.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യു.പി.എ സര്‍ക്കാര്‍ പാസാക്കിയ വിസില്‍ ബ്ലോവേഴ്സ് സംരക്ഷണ നിയമം (സ്വന്തം സംഘടനയിലെയോ വകുപ്പിലെയോ അഴിമതികളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നവരെ സംരക്ഷിക്കുന്ന നിയമം) ബി.ജെ.പി ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.
2019ല്‍ വിവരാവകാശ കമീഷണര്‍മാരുടെ നിയമന കാലാവധിയും വേതനവും നിര്‍ണയിക്കുന്നതിന്റെ നിയന്ത്രണമേറ്റെടുത്തതിലൂടെ സ്വതന്ത്ര നിരീക്ഷകരായിരുന്നവരെ വിധേയരായ ഉദ്യോഗസ്ഥരാക്കി മാറ്റിയെന്നു ഖാര്‍ഗെ കുറ്റപ്പെടുത്തി.
2023ലെ ഡിജിറ്റല്‍ വ്യക്തിഗത ഡേറ്റാ സംരക്ഷണ നിയമത്തിലൂടെ ആർ.ടി.ഐയുടെ പൊതുതാൽപര്യ വ്യവസ്ഥയെ കീറിമുറിച്ചെന്നും സ്വകാര്യതയെ ആയുധമാക്കി അഴിമതിയെ പ്രതിരോധിക്കാനും സൂക്ഷ്മപരിശോധന ഇല്ലാതാക്കാനും കഴിഞ്ഞെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. 2025 വരെയുള്ള കണക്കനുസരിച്ച് വിവരാവകാശത്തിനു കീഴില്‍ 26,000 കെട്ടിക്കിടക്കുന്ന കേസുകളാണുള്ളതെന്നും ഖാര്‍ഗെ പറഞ്ഞു.


