Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോഴിക്കോട്ടെ 30...

കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം തുച്ഛവിലയ്ക്ക് വിറ്റു: ലേലം റദ്ദാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

text_fields
bookmark_border
കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം തുച്ഛവിലയ്ക്ക് വിറ്റു: ലേലം റദ്ദാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ
cancel

ന്യൂഡൽഹി: വായ്പ കുടിശികയുടെ പേരിൽ കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ 9.18 കോടിക്ക് ലേലം ചെയ്തത് റദ്ദാക്കിയ ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ലേലത്തിൽ വാങ്ങിയ കെ.ബി. പത്മദാസ് അടക്കമുള്ളവർ നൽകിയ ഹരജിയിൽ നോട്ടീസ് അയച്ചുകൊണ്ടാണ് കേസ് പരിഗണിക്കുന്നതു വരെ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്തത്.

ലേല വിൽപനയുടെ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി നടപടി. പുനർമൂല്യനിർണയം നടത്തി ആറു മാസത്തിനകം വീണ്ടും ലേലം ചെയ്യാനും ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ, സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. കേസ് ഒക്ടോബർ 6ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്‍റിനടുത്ത് ഫോക്കസ് മാളിനോട് ചേർന്നുള്ള പേൾ ഹിൽ ബിൽഡേഴ്‌സ് ആൻഡ് ഡവലപ്പേഴ്‌സിന്റെ 40.06 സെൻറ് സ്ഥലവും (16.21 ആർ) പണിപൂർത്തിയാകാത്ത കെട്ടിടവുമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി.) ചട്ടംലംഘിച്ച് ലേലം ചെയ്തത്. കെഎഫ്‌സി സ്വന്തം നിലയിൽ ഏറ്റെടുത്ത് 9.18 കോടിക്ക് ലേലം ചെയ്യുകയായിരുന്നു. 4.89 കോടി രൂപയുടെ വായ്പയിൽ വീഴ്ചയുണ്ടായതിനെ തുടർന്നായിരുന്നു ഈടായിരുന്ന വസ്തുവിന്മേലുള്ള നടപടി.

എന്നാൽ, ഈ ലേലം മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കി.പുനർമൂല്യനിർണയം നടത്തി 6 മാസത്തിനകം വീണ്ടും ലേലം ചെയ്യാനും നിർദേശിച്ചിരുന്നു.

ലേലത്തിൽ പിടിച്ചവർക്ക് ആ വസ്തു വാങ്ങാനായി കോർപറേഷൻ 5 കോടി രൂപയുടെ വായ്പ അനുവദിച്ചത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മികച്ച വില ഉറപ്പാക്കാൻ ശ്രമമുണ്ടായില്ലെന്ന നിരീക്ഷണവുമുണ്ടായി. എന്നാൽ, ലേല നടപടി നേരത്തെ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ശരിവച്ചതാണെന്ന് ഭൂമി ലേലത്തിൽ വാങ്ങിയ പത്മദാസ് അടക്കമുള്ളവർക്കായി രഞ്ജിത് കുമാർ, എം. ഗിരീഷ് കുമാർ എന്നിവർ വാദിച്ചു. കെഎഫ്‌സിക്കായി വി. ചിദംബരേഷും പേൾ ഹിൽ ബിൽഡേഴ്‌സിനായി പി.എ. നൂർ മുഹമ്മദും ഹാജരായി.

കെ.എഫ്.സി വിൽപന നടത്തിയത് മൂന്നിലൊന്ന് തുകയ്ക്ക്

അടിമുടി വിവാദമായിരുന്നു കെ.എഫ്.സി നടത്തിയ വസ്തുലേലം. കെട്ടിടത്തിന്റെയും വസ്തുവിന്റെയും സാമാന്യ വിലയായാണ് 30 കോടി കണക്കാക്കിയിരുന്നത്. വിപണി വില ഇതിനേക്കാൾ എത്രയോ കൂടുതൽ വരും. ഇത്രയും വിലയുള്ള കെട്ടിടവും സ്ഥലവുമാണ് മൂന്നിലൊന്ന് തുകയ്ക്ക് വിൽപന നടത്തിയത്. അന്നത്തെ കെഎഫ്സിയുടെ മാനേജിങ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി അടക്കമുള്ള ആളുകളിലേക്ക് വിജിലൻസ് അന്വേഷണം നീണ്ടിരുന്നു. ഏറെ വിവാദമായ ശേഷമാണ് ഇത് കോടതി കയറിയത്.

2014ലാണ് നഗരത്തിലെ കണ്ണായ സ്ഥലത്ത് 40 സെന്റ് ഭൂമിയിൽ കെട്ടിടം പണിയുന്നതിന് വേണ്ടി കോഴിക്കോട് പേൾ ഹിൽ ബിൽഡേഴ്സ് ഉടമ കൂടിയായ കോഴിക്കോട് സ്വദേശി അബ്ദുൽ നാസർ കെഎഫ്സിയെ സമീപിച്ചത്. ഇദ്ദേഹം 4.89 കോടി രൂപ വായ്പ എടുത്തു. 50,000 സ്ക്വയർ ഫീറ്റ് ഉള്ള കെട്ടിടം നിർമിക്കുന്നതിന് വേണ്ടിയാണ് വായ്പ എടുത്തിരുന്നത്. 10 വർഷമായിരുന്നു കാലാവധി. എന്നാൽ, ഇടക്കുവെച്ച് തിരിച്ചടവ് മുടങ്ങി. ഇതോടെ 2019 ലാണ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കാനും അത് ലേലം ചെയ്യാനും കെഎഫ്സി നടപടി ആരംഭിച്ചത്.

കെട്ടിട ഉടമയെ വേണ്ടത്ര കേൾക്കാനോ സാവകാശം അനുവദിക്കാനോ തുക തിരിച്ചടയക്കുന്നതിന് സാവകാശം അനുവദിക്കാനോ കെഎഫ്സി തയ്യാറായിരുന്നില്ല. തുടർന്ന് കുറഞ്ഞ വിലക്ക് കെട്ടിടം ലേലത്തിന് വെച്ചു. രണ്ടു പേരാണ് ലേലത്തിൽ പങ്കെടുത്തത്. കൊല്ലം സ്വദേശിയായ അനിൽ കുമാർ എന്നയാൾക്ക് ലേലം ഉറപ്പിച്ചു. 9.18 കോടിക്കായിരുന്നു ലേലം തുക ഉറപ്പിച്ചത്. എന്നാൽ കെട്ടിടം രജിസ്റ്റർ ചെയ്തു നൽകിയത് അദ്ദേഹത്തിനല്ല. ലേലം ലഭിക്കാതെ പോയ രണ്ടാമന്റെ മകൻ ഉൾപ്പെടെ നാലുപേർക്കാണ് അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കെട്ടിടം രജിസ്റ്റർ ചെയ്തു നൽകിയത്. അതിൽ തന്നെ ദുരൂഹത ഉണ്ടായിരുന്നു.

ലേലത്തുകയുടെ 25 ശതമാനം ഒരാഴ്ചക്കുള്ളിൽ അടയക്കണം എന്നതായിരുന്നു നിബന്ധന. അത് ലേലം വിളിച്ചവർ പാലിച്ചില്ല. മാത്രമല്ല, ലേലത്തുകയിൽ 4.18 കോടി രൂപ മാത്രമാണ് ലേലം പിടിച്ചവർ അടച്ചത്. അഞ്ചു കോടി രൂപ കെഎഫ്സി തന്നെ ഇവർക്ക് വായ്പ്പയായി അനുവദിക്കുകയായിരുന്നു. ഇതെല്ലാം കെ.എഫ്.സി അധികൃതരുടെ ഒതുകളിയിലേക്കാണ് വിരൽ ചൂണ്ടിയത്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെട്ടിട ഉടമ തന്നെ പിന്നീട് ഹൈകോടതിയെ സമീപിച്ചത്.

Show Full Article
TAGS:KFC Kerala Financial Corporation Supreme Court auction 
News Summary - Rs 30 crore building sold by KFC for low price Supreme Court stays order cancelling auction
Next Story