Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്.എസിനോട് രേഖകൾ...

ആർ.എസ്.എസിനോട് രേഖകൾ ഹാജരാക്കാൻ നിർദേശം; നിയമനടപടിക്ക് സാധ്യതയെന്ന് പ്രിയങ്ക് ഖാർഗെ

text_fields
bookmark_border
ആർ.എസ്.എസിനോട് രേഖകൾ ഹാജരാക്കാൻ നിർദേശം; നിയമനടപടിക്ക് സാധ്യതയെന്ന് പ്രിയങ്ക് ഖാർഗെ
cancel
camera_alt

പ്രിയങ്ക് ഖാർഗെ, മോഹൻ ഭഗവത്

ബംഗളൂരു: ആർ.എസ്.എസിനെതിരെ നിലപാട് കടുപ്പിച്ച് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള രേഖകൾ ഹാജരാക്കാൻ തയ്യാറായില്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം വീണ്ടും നൽകിയിരിക്കുന്നത്. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന് കഴിഞ്ഞ ആഴ്ച പ്രിയങ്ക് ഖാർഗെ അയച്ച കത്തിൽ, സംഘടനയുടെ നിയമപരമായ സാധുത വ്യക്തമാക്കാൻ ഉത്തരവാദപ്പെട്ട ഭാരവാഹികളെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയോ കൃത്യമായ രേഖകളോ ലഭിക്കാത്ത സാഹചര്യത്തിലാണ് മന്ത്രി നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്.

'100 വർഷത്തെ ചരിത്രമുള്ള ദേശസ്നേഹികളാണെന്നാണ് അവർ അവകാശപ്പെടുന്നത്. നാഗ്പൂരിലോ ബംഗളൂരുവിലെ കേശവ കൃപയിലോ അല്ലെങ്കിൽ സർസംഘചാലകിന്റെ വസതിയിലോ എവിടെയെങ്കിലുമൊക്കെ രേഖകൾ ഉണ്ടാകുമല്ലോ, അതാണ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്' മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഘടനക്ക് രേഖകൾ ഹാജരാക്കാൻ സമയം ആവശ്യമായിരിക്കും, കാരണം അവർക്ക് ചിലപ്പോൾ രേഖകൾ തയ്യാറാക്കേണ്ടി വരും എന്നും ഖാർഗെ കുറ്റപ്പെടുത്തി.

ഒരു സംഘടനയെന്ന നിലയിൽ ആർ.എസ്.എസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുക, സംഘടനയുടെ പ്രവർത്തനങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ, ചെലവുകൾ എന്നിവ വെളിപ്പെടുത്തുക, ബാധകമായ എല്ലാ നികുതികളും അടയ്ക്കുക, ഇന്ത്യൻ നിയമവ്യവസ്ഥക്ക് വിധേയമായി പ്രവർത്തിക്കുക എന്നതാണ് സർക്കാർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ.

അതേസമയം, പ്രിയങ്ക് ഖാർഗെയുടെ ആവശ്യത്തെ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് തള്ളി. മന്ത്രിയുടെ ആവശ്യങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഉത്തരവാദിത്തം എന്നതിലുപരി രാഷ്ട്രീയ ലാഭമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. 'സർക്കാർ ഫണ്ട് കൈപ്പറ്റുന്ന സംഘടനകൾക്കാണ് രജിസ്ട്രേഷൻ നിർബന്ധമുള്ളത്. ഞങ്ങൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ല. ഞങ്ങൾ രഹസ്യമായിട്ടല്ല പ്രവർത്തിക്കുന്നത്, എല്ലാവർക്കും ഞങ്ങളുടെ പ്രവർത്തനങ്ങൾ അറിയാം,' ഭാഗവത് വ്യക്തമാക്കി.

ആർ.എസ്.എസും കർണാടക സർക്കാറും തമ്മിലുള്ള വിഷയം വലിയ രാഷ്ട്രീയ പോരിനാണ് വഴിതുറന്നിരിക്കുന്നത്. ബി.ജെ.പി നേതാക്കൾ ഖാർഗെയുടെ നീക്കത്തെ 'ദേശീയവാദികളായ ഒരു സംഘടനയെ അപമാനിക്കാനുള്ള ശ്രമം' എന്ന് വിശേഷിപ്പിച്ചപ്പോൾ, കോൺഗ്രസ് നേതൃത്വം മന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയം ഉന്നയിക്കുന്നതിലൂടെ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാനും, കർണാടക സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാനും കോൺഗ്രസ് ലക്ഷ്യമിടുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Show Full Article
TAGS:RSS Priyank kharge Mohan Bhagwat Government of Karnataka Latest News 
News Summary - RSS asked to produce documents; Priyank Kharge says legal action is possible
Next Story