Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിങ്ക് സിറ്റിയിൽ...

പിങ്ക് സിറ്റിയിൽ ആനക്ക് പിങ്ക് ചായംപൂശി ഫോട്ടോഷൂട്ട്; റഷ്യൻ ഫോട്ടോഗ്രാഫർക്കെതിരെ വ്യാപക വിമർശനം

text_fields
bookmark_border
പിങ്ക് സിറ്റിയിൽ ആനക്ക് പിങ്ക് ചായംപൂശി ഫോട്ടോഷൂട്ട്; റഷ്യൻ ഫോട്ടോഗ്രാഫർക്കെതിരെ വ്യാപക വിമർശനം
cancel

ജയ്പൂർ: പിങ്ക് നഗരമായ രാജസ്ഥാനിലെ ജയ്പൂരിൽ ആനയെ പിങ്ക് നിറം പൂശി ഫോട്ടോ​ഷൂട്ട് നടത്തിയ സംഭവം വിവാദത്തിൽ. നഗരത്തിന്റെ നിറങ്ങളിലും ചിത്രങ്ങളിലും ആകർഷകയായി ​ഫോട്ടോഷൂട്ട് നടത്തിയ റഷ്യൻ ഫോട്ടോഗ്രാഫറായ ജൂലിയ ബുറു​ലേവക്കെതിരെയാണ് വ്യാപക വിമർശനം. കലാപര്യവേഷണത്തിന്റെ ഭാഗമായാണ് ജൂലിയ ജയ്പൂരി​ലെത്തുന്നത്. ജയ്പൂരിന്റെ പൈതൃകമായ ആനകളെയും പിങ്ക് നിറത്തെയും സംയോജിപ്പിച്ച് ദൃശ്യവിരുന്ന് ഒരുക്കുകയായിരുന്നു ജൂലിയയുടെ ലക്ഷ്യം.

തുടർന്ന് ആനക്കും മോഡലിനും പിങ്ക് നിറം നൽകി ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ആനയുടെ തല മുതൽ കാൽ വരെ പിങ്ക് നിറം ചാർത്തിയിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. ജയ്പൂരിലെ പ്രശസ്തമായ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫോട്ടോഷൂട്ട്. രാജസ്ഥാന്റെ അടയാളമായ ആനകളെയും പിങ്ക് നിറത്തെയും ഫോട്ടോഷൂട്ടിൽ ഉൾപ്പെടുത്തുന്നത് തനിക്ക് അനിവാര്യമായി തോന്നിയതായി ഫോട്ടോഗ്രാഫർ പറയുന്നു.

അതേസമയം, ആനയെ പിങ്ക് നിറം പൂശി ഫോട്ടോഷൂട്ട് നടത്തിയതിനെതിരെ മൃഗസ്നേഹികൾ രംഗത്തെത്തി. മിണ്ടാപ്രാണിയോടുള്ള ക്രൂരതയാണിതെന്നായിരുന്നു മൃഗസ്നേഹികളുടെ പ്രതികരണം. എന്നാൽ, പ്രാദേശികമായി നിർമിച്ച ഓർഗാനിക്കായ പെയിന്റാണ് ആനക്ക് അടിച്ചിരിക്കുന്നതെന്നും ആഘോഷങ്ങളിൽ ആളുകൾ ഉപയോഗിക്കുന്നതാണിതെന്നും ജൂലിയ പോസ്റ്റിൽ പറഞ്ഞു. ഫോട്ടോഷൂട്ട് സംഘടിപ്പിക്കുന്നതിനായി നിരവധി തവണ ആന ഫാമിൽ കയറിയിറങ്ങുകയും അനുയോജ്യമായ പൈതൃക കേന്ദ്രം കണ്ടെത്തുന്നതിനും അനുമതി നേടുന്നതിനുമായി വലിയ പരിശ്രമങ്ങൾ നടത്തുകയും ചെയ്തു. പിങ്ക് സിറ്റിയിൽ ഉചിതമായ ഒരു മോഡലിനെ കണ്ടെത്താൻ വലിയ പ്രയാസം അനുഭവിച്ചതായും കുടുംബ-സാമൂഹിക ആശങ്കകളെ തുടർന്ന് പലരും ഫോട്ടോഷൂട്ടിന് വിസമ്മതിച്ചതായും അവർ പോസ്റ്റിൽ പറയുന്നു.

മൃഗങ്ങളെ ഉപദ്രവിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് ഫോ​ട്ടോഷൂട്ടെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ഒരു മിണ്ടാപ്രാണിയെ ലൈക്കുകൾക്കും പ്രശസ്തിക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നത് ക്രൂരതയാണെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം ആനകളുടെ ചർമ്മം വളരെ സെൻസിറ്റീവാണെന്നും ശരീരത്തിൽ ചായം പൂശുന്നത് അവക്ക് അസ്വസ്ഥത സൃഷ്ടിക്കുമെന്നും മൃഗസംരക്ഷണ പ്രവർത്തകർ പറഞ്ഞു.

Show Full Article
TAGS:photographer elephant Pink City jaipur PhotoShoot 
News Summary - Russian photographer paints elephant pink in Jaipur for photoshoot faces backlash
Next Story