സെയ്ഫ് അലിഖാൻ ആദ്യം അന്വേഷിച്ചത് മലയാളി ആയയെ; ഓട്ടോ ഡ്രൈവർക്കും ആദരം
text_fieldsമുംബൈ: ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയ സെയ്ഫ് അലിഖാൻ ആദ്യം തിരക്കിയത് മകൻ ജേഹിന്റെ മലയാളി ആയ ഏലിയാമ്മ ഫിലിപ്പിനെ ആണ്. ബാത്ത്റൂം വഴി ജേഹിന്റെ മുറിയിലാണ് പ്രതി നുഴഞ്ഞുകയറിയത്. ഏലിയാമ്മയാണ് ആദ്യം പ്രതിയെ കായികമായി നേരിട്ടത്. ബഹളം കേട്ട് എത്തിയ നടനെയും കുത്തുകയായിരുന്നു. ‘ഞങ്ങളുടെ യഥാർഥ ഹീറോ’ എന്ന തലക്കെട്ടോടെ ഏലിയാമ്മയുടെ ചിത്രം നടന്റെ സഹോദരി സബ അലിഖാൻ പുറത്തുവിട്ടിരുന്നു.
കഴുത്തിനും കൈക്കും പുറത്തും പരിക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ ലാലിനെയും നടനും കുടുംബവും ആദരിച്ചു. ആശുപത്രി വിടും മുമ്പ് ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. സെയ്ഫ് അലിഖാൻ തന്നെ ആലിംഗനം ചെയ്തതായും അദ്ദേഹവും കുടുംബവും ഒപ്പം ഫോട്ടോ എടുത്തതായും ഭജൻ ലാൽ പറഞ്ഞു. അതേസമയം, സെയ്ഫ് അലിഖാൻ തന്റെ സുരക്ഷ ശക്തമാക്കി.
സെക്യൂരിറ്റി ജീവനക്കാർ ഉറക്കത്തിലായിരുന്നുവെന്ന് പ്രതി
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ കവർച്ചക്ക് ചെല്ലുമ്പോൾ മുഖ്യ കവാടത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരും ഉറക്കത്തിലായിരുന്നുവെന്ന് പ്രതി മുഹമ്മദ് ശരീഫുൽ ഇസ്ലാം എന്ന വിജയ് ദാസ്. മതിലു ചാടിയാണ് പ്രതി കെട്ടിടത്തിന് അകത്തുകടന്നതെന്നും കെട്ടിടത്തിന്റെ മുൻഭാഗത്തും ഇടനാഴിയിലും സി.സി.ടി.വി കാമറകളില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 16ന് പുലർച്ചെയാണ് സെയ്ഫ് അലിഖാൻ ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് 70 മണിക്കൂറുകൾക്കുശേഷം താനെയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഭക്ഷണത്തിന് മൊബൈൽ ഫോൺ ഉപയോഗിച്ച് പണം നൽകിയതാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് സഹായകമായത്. ഏഴു മാസം മുമ്പ് ബംഗ്ലാദേശിൽ നിന്ന് അനധികൃതമായാണ് പ്രതി എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ശത്രുസ്വത്ത്: സെയ്ഫ് അലിഖാൻ കുടുംബത്തിന്റെ 15,000 കോടിയുടെ സ്വത്ത് ഏറ്റെടുത്തേക്കും
ന്യൂഡൽഹി: ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അടങ്ങുന്ന പട്ടൗഡി കുടുംബത്തിന്റെ ഭോപാലിലുള്ള 15,000 കോടി രൂപയുടെ ആസ്തികൾ ശത്രുസ്വത്ത് ഗണത്തിൽപ്പെടുത്തി ഏറ്റെടുക്കാൻ വഴിയൊരുങ്ങുന്നു. കുടുംബസ്വത്ത് ഏറ്റെടുക്കുന്നതിനെതിരെ സെയ്ഫ് സമർപ്പിച്ച ഹരജിയിൽ 2015ല്‍ ഏര്‍പ്പെടുത്തിയ സ്റ്റേ മധ്യപ്രദേശ് ഹൈകോടതി നീക്കി.
പട്ടോഡി കുടുംബത്തിന്റെ ആസ്തി ശത്രു സ്വത്തായി പ്രഖ്യാപിച്ച മധ്യപ്രദേശ് സർക്കാറിന്റെ തീരുമാനത്തിനെതിരെ സെയ്ഫ് നൽകിയ ഹരജിയിലാണ് ഹൈകോടതി സ്റ്റേ ഏർപ്പെടുത്തിയത്. എന്നാൽ, കഴിഞ്ഞ വർഷം ഡിസംബർ 13ന് ഹൈകോടതി സ്റ്റേ നീക്കുകയായിരുന്നു. അതേസമയം, അപ്പലറ്റ് അതോറിറ്റിയെ സമീപിക്കാൻ 30 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു. സെയ്ഫ് അലി ഖാനോ കുടുംബാംഗങ്ങൾക്കോ സമയപരിധിക്കുള്ളിൽ അപ്പീൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ സെയ്ഫ് അലിഖാൻ സ്വന്തം വീട്ടിൽ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാവുകയും ചെയ്തു.
ഭോപാലിൽ കൊഹേഫിസ മുതൽ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ സ്വത്തുവകകൾ. 2014ലാണ് കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി വിഭാഗം സെയ്ഫ് അലി ഖാന് നോട്ടീസ് നൽകിയത്. വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയി അവിടെ പൗരത്വം നേടിയവർക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്. ഭോപാൽ നവാബായിരുന്ന ഹാമിദുല്ലാ ഖാന് മൂന്ന് പെൺമക്കളാണ് ഉണ്ടായിരുന്നത്. മൂത്ത മകളായ ആബിദ സുൽത്താൽ 1950ൽ പാകിസ്താനിലേക്ക് പോയിരുന്നു. രണ്ടാമത്തെ മകളായ സാജിദ സുൽത്താൻ ഇന്ത്യയിൽ തുടർന്നു. നവാബ് ഇഫ്തിഖാർ അലി ഖാൻ പട്ടൗഡിയെ വിവാഹം ചെയ്ത സാജിദക്കായിരുന്നു പിന്നീട് ഈ സ്വത്തിന്റെ ഉടമസ്ഥാവകാശം.
സാജിദയുടെ പേരക്കുട്ടിയാണ് സെയ്ഫ് അലി ഖാൻ. സ്വത്തിന്റെ ഒരു ഭാഗം പാരമ്പര്യമായി അദ്ദേഹത്തിനും ലഭിച്ചു. എന്നാൽ, അബിദാ സുൽത്താൻ പാകിസ്താനിലേക്ക് പോയത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് സർക്കാർ ഇത് ശത്രുസ്വത്തായി പ്രഖ്യാപിച്ചത്. 2019ൽ സാജിദ സുൽത്താനെ സ്വത്തിന്റെ നിയമപരമായ അവകാശിയായി കോടതി അംഗീകരിച്ചിരുന്നു. സെയ്ഫിന്റെ ഹരജി കോടതി തള്ളിയതോടെ നിയമപ്രശ്നം കൂടുതൽ സങ്കീർണമാവുകയാണ്.
സെയ്ഫ് അലി ഖാൻ ബാല്യകാലം ചെലവഴിച്ച ഫ്ലാഗ് സ്റ്റാഫ് ഹൗസ്, നൂറുസ്സബാഹ് പാലസ്, ദാറുസ്സലാം, ഹബീബി ബംഗ്ലാവ്, അഹ്മദാബാദ് പാലസ്, കൊഹെഫിസ സ്വത്തുക്കൾ തുടങ്ങിയവയാണ് സർക്കാർ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ആസ്തി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾ മുന്നോട്ടുപോകുന്നതിടെ കുടിയൊഴിപ്പിക്കൽ ഭീതിയിലാണ് പ്രദേശവാസികളായ 1.5 ലക്ഷത്തോളം വരുന്ന താമസക്കാർ.