‘ഓർത്തുവെച്ചോ...അതേ ബുൾഡോസർ കൊണ്ട് നിങ്ങൾക്ക് തിരിച്ചടി കിട്ടുന്ന കാലം വരും’; രോഷാകുലനായി അഖിലേഷ് യാദവ്
text_fieldsഅഖിലേഷ് യാദവ്
ലഖ്നോ: പാവപ്പെട്ട ജനങ്ങളുടെ വീടും സ്വത്തും ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുന്ന ബി.ജെ.പി സർക്കാറിന്റെ ക്രൂരതക്കെതിരെ ശക്തമായി പ്രതികരിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അതേരീതിയിൽ ബി.ജെ.പി പ്രവർത്തകർക്ക് തിരിച്ചടി കിട്ടുന്ന ഒരു നാൾ വരുമെന്ന് ഓർത്തിരിക്കുന്നത് നന്നാകുമെന്ന് ലഖ്നോയിലെ സമാജ് വാദി പാർട്ടി ആസ്ഥാനത്ത് യോഗത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മൊറാദാബാദിലെ സമാജ് വാദി പാർട്ടി ഓഫിസ് തകർക്കാൻ യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ നീക്കം നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എസ്.പി ഓഫിസ് തകർക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന അതേ ബുൾഡോസർ നിങ്ങളുടെ സ്മാരകങ്ങളും തകർക്കാൻ ഉപയോഗിക്കപ്പെടുമെന്ന് ഓർക്കുന്നത് നന്ന്. ഒരുപാടു പേരുടെ വീടുകളാണ് ഈ സർക്കാർ തകർത്തത്. അവർ ദുർബലരെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവർക്ക് ഒരു അവസരം കിട്ടുമ്പോൾ അതേ രീതിയിൽ നിങ്ങളെയും നേരിടുമെന്നോർക്കണം. മൊറാദാബാദിലെ എസ്.പി ഓഫിസിനെതിരെ തിരിഞ്ഞിരിക്കുകയാണവർ. രണ്ടാഴ്ചക്കകം ഓഫിസ് ഒഴിയണമെന്ന് ജില്ല ഭരണകൂടം നോട്ടിസ് നൽകിയിരിക്കുകയാണ്.
ബി.ജെ.പി ഒരുപാടു വീടുകൾ തകർത്തുവെന്നതിൽ തർക്കമൊന്നുമില്ലല്ലോ. അവർ തകർത്തത് മുസ്‍ലിംകൾ, യാദവർ, ബ്രാഹ്മണന്മാർ എന്നിവരുടേതുൾപ്പെടെയുള്ള വീടുകളാണ്. ബുൾഡോസർ കൊണ്ട് തങ്ങളുടെ കൂര തകർത്തതിനെ തുടർന്ന് മരിച്ച അമ്മയും മകളും സ്വർഗത്തിലിരുന്ന് ഈ ആളുകളെ ശപിക്കുന്നുണ്ടാകും’ -അഖിലേഷ് പറഞ്ഞു.
ദുർബലരെ ആക്രമിക്കുന്ന യോഗി സർക്കാറിന് വമ്പന്മാരെ തൊടാൻ പേടിയാണെന്ന് അഖിലേഷ് ആരോപിച്ചു. ‘ആളുകളെ ബലാത്സംഗ കേസിൽ കുടുക്കി പണം തട്ടുന്ന അഭിഭാഷകൻ അഖിലേഷ് ദുബേയുടെ ഏതെങ്കിലുമൊരു കെട്ടിടം ബുൾഡോസർ കൊണ്ട് തകർക്കാൻ അവർക്ക് ധൈര്യമില്ല. അയാളുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടാനും കഴിയുന്നില്ല. പാവപ്പെട്ടവരെ ഭീഷണിപ്പെടുത്താൻ മാത്രമേ യോഗി സർക്കാറിന് കഴിയൂ. രാജ്യത്തെ രക്ഷിക്കാനും സാഹോദര്യം സംരക്ഷിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തൂവെന്നും അഖിലേഷ് ആവശ്യപ്പെട്ടു.