സന്ദേശ്ഖാലി: 12 വർഷത്തിനുശേഷം ഓഫിസ് തുറന്ന് സി.പി.എം
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ശൈഖിന്റെയും അനുയായികളുടെയും അറസ്റ്റിന് പിന്നാലെ തങ്ങളുടെ പഴയ കോട്ടയായിരുന്ന സന്ദേശ്ഖാലിയിൽ ഓഫിസുകൾ വീണ്ടും തുറന്നും ചെറിയ റാലികൾ നടത്തിയും ബൂത്തു കമ്മിറ്റികൾ രൂപവത്കരിച്ചും തിരിച്ചുവരവിന് ഒരുങ്ങി സി.പി.എം. കർഷക ചൂഷണത്തിനെതിരെ തേഭാഗ മൂവ്മെന്റിലൂടെ ഇടത് പാർട്ടികൾ വളക്കൂറ് ഉണ്ടാക്കിയ മണ്ണായിരുന്നു സന്ദേശ്ഖാലി. 2011 വരെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം ഇവിടെനിന്നും തോൽവിയറിഞ്ഞിരുന്നില്ല.
എന്നാൽ, 2012ന് ശേഷം പാർട്ടിക്ക് ഇവിടെ ഓഫിസ് തുറക്കാൻപോലും സാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും പ്രതിസന്ധി നേരിട്ടു. ഇതിനിടെയാണ്, ഇ.ഡി ഉദ്യോഗസ്ഥരെ ആൾക്കൂട്ടം ആക്രമിച്ച കേസിൽ ഷാജഹാനെ അറസ്റ്റ് ചെയ്യുന്നത്. കൂടാതെ, പീഡനവുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിന്റെ അനുയായികളും അറസ്റ്റിലായി.
10 വർഷമായി പ്രദേശത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താൻ അവർ ഞങ്ങളെ അനുവദിച്ചില്ലെന്ന് 2011ൽ സി.പി.എമ്മിനെ പ്രതിനിധാനംചെയ്ത് സന്ദേശ്ഖാലിയിൽനിന്നു വിജയിച്ച നിരപദ സർദാർ പറഞ്ഞു. തൃണമൂൽ കോൺഗ്രസുകാരുടെ അതിക്രമങ്ങൾ അനുഭവിച്ചവരും ഭൂമി നഷ്ടമായവരുമായ ജനം നടത്തിയ പ്രക്ഷോഭം ഫലം കണ്ടുതുടങ്ങി. ജനപിന്തുണയോടെ, തൃണമൂൽ 12 വർഷം മുമ്പ് പൂട്ടിച്ച സന്ദേശ്ഖാലി ബ്ലോക്ക് രണ്ടിലെ പാർട്ടി ഓഫിസ് ശനിയാഴ്ച തുറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.