Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമ്പ...

കമ്പ രാമായണത്തെക്കുറിച്ച് പരാമർശം; തമിഴ് കവി വൈരമുത്തുവിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ സംഘടനകൾ

text_fields
bookmark_border
കമ്പ രാമായണത്തെക്കുറിച്ച് പരാമർശം; തമിഴ് കവി വൈരമുത്തുവിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ സംഘടനകൾ
cancel

ചെന്നൈ: തമിഴ് ഗാന രചയിതാവും കവിയുമായ വൈരമുത്തുവിന്റെ ശ്രീരാമ വിരുദ്ധ പരാമർശത്തിനെതിരെ ബി.ജെ.പി ഉൾപ്പെടെ സംഘ് പരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. വൈരമുത്തു പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. ഡി.എം.കെ -എം.പി ജഗ്ദരക്ഷകന്റെ ആ​ഴ്വാർ ഗവേഷണ കേന്ദ്രം, ചെന്നൈ കമ്പൻ കഴകം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെ വൈരമുത്തു കമ്പ രാമായണത്തിലെ ‘വാലി’ എന്ന കഥാപാത്രം രാമന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യുന്നുണ്ടെന്ന് ചില ഭാഗങ്ങൾ ഉദ്ധരിച്ച് വിശദീകരിച്ചതാണ് വിവാദത്തിന് കാരണമായത്.

‘ഒരു ഭരണാധികാരി എന്ന നിലയിലുള്ള ശ്രീരാമന്റെ പെരുമാറ്റവും വനവാസക്കാലത്തെ പെരുമാറ്റവും തമ്മിലുള്ള വ്യത്യാസമാണ് വാലി ചൂണ്ടിക്കാണിക്കുന്നത്. രാമൻ സ്വന്തം സഹോദരന് വേണ്ടി തന്റെ രാജ്യം ഉപേക്ഷിച്ചു. കാട്ടിലും വാലിയുടെ ഭരണം സ്വന്തം സഹോദരന് കൈമാറി. സീതയെ നഷ്ടപ്പെട്ടതിന് ശേഷം രാമന് ‘ഭ്രാന്ത് പിടിച്ചതിനാൽ’ അദ്ദേഹത്തിന്റെ പ്രവൃത്തികൾക്ക് മാപ്പ് നൽകാമെന്നും വാലി കമ്പരാമായണത്തിൽ പറയുന്നുണ്ട്. സീതയെ നഷ്ടപ്പെട്ട രാമന് മനോനില ബാധിച്ചു. ഭ്രാന്തനായ ഒരാൾ ഒരു കുറ്റകൃത്യം ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഒരു കുറ്റകൃത്യമായി കണക്കാക്കില്ല. ഭ്രാന്തനായ ഒരാൾ ചെയ്യുന്ന തെറ്റ് ഒരു കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് ഐ.പി.സിയുടെ സെക്ഷൻ 84 പറയുന്നു. രാമായണം രചിച്ച കമ്പർക്ക് ഐ.പി.സി അറിയാമായിരുന്നോ എന്ന് തനിക്കറിയില്ല, എന്നാൽ അദ്ദേഹം സമൂഹത്തെക്കുറിച്ച് നല്ല ബോധവാനായിരുന്നു’വെന്ന് വൈരമുത്തു പറഞ്ഞു. ശ്രീരാമൻ കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയും ക്ഷമിക്കപ്പെട്ട മനുഷ്യനുമായി മാറി, അതേസമയം കമ്പൻ ‘ദൈവമായി’ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനെതിരെയാണ് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും രംഗത്തുവന്നത്. അപകീർത്തികരമായ പരാമർശങ്ങൾക്ക് വൈരമുത്തു പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു. വൈരമുത്തുവിന്റെ ഹിന്ദു വിരുദ്ധ നിലപാടിനെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അംഗീകരിക്കുന്നുണ്ടോയെന്ന് ചോദിച്ച അദ്ദേഹം മതേതരവാദികളെന്ന് അവകാശപ്പെടുന്ന ഡി.എം.കെ ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.

ശ്രീരാമ ഭക്തരുടെ ഹൃദയങ്ങളെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ച വൈരമുത്തു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് ഹിന്ദു മക്കൾ കക്ഷി പ്രസിഡന്റ് അർജുൻ സമ്പത്ത് പ്രസ്താവിച്ചു. ഹിന്ദു മുന്നണി ഉൾപ്പെടെ മറ്റു സംഘ് പരിവാർ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Show Full Article
TAGS:Vairamuthu Sangh Parivar 
News Summary - Sangh Parivar organizations protest against Tamil poet Vairamuthu
Next Story