‘ശനിയാഴ്ച കരൂരിൽ വലിയ യോഗങ്ങൾ നടത്താറില്ല, അതാരും വിജയ്ക്ക് പറഞ്ഞുകൊടുത്തില്ലേ?’; ദുരന്തത്തിന്റെ കാരണങ്ങൾ വിശദീകരിച്ച് സ്ഥലം എം.പി
text_fieldsകരൂരിൽ തമിഴക വെട്രി കഴകം (ടി.വി.കെ) റാലിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരിച്ച സംഭവത്തിന്റെ ഞെട്ടലിൽനിന്ന് നാട് മോചിതമായിട്ടില്ല. നിരവധിപേർ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. കുറ്റപ്പെടുത്തലുകളും ആരോപണങ്ങളുമൊക്കെ മുറപോലെ അരങ്ങേറുന്നതിനിടയിൽ കരൂരിൽ ഈ മഹാദുരന്തത്തിന് വഴിവെച്ചതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് സ്ഥലം എം.പിയും കോൺഗ്രസ് നേതാവുമായ ജോതിമണി സംസാരിക്കുന്നു. ‘ഇന്ത്യൻ എക്സ്പ്രസി’ന് അവർ നൽകിയ അഭിമുഖത്തിന്റെ സംക്ഷിപ്തരൂപം...
കരൂരിലെ ടി.വി.കെ റാലിയിൽ എവിടെയാണ് പിഴച്ചത്?
ഏറെ ദുഃഖകരമായ മഹാദുരന്തത്തിന്റെ കാരണങ്ങൾ ചുരുളഴിയേണ്ടിയിരിക്കുന്നു. ജീവൻ പൊലിഞ്ഞവരെല്ലാം പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളാണ്. പരിക്കേറ്റ പലരോടും ഞാൻ സംസാരിച്ചു. അവരെല്ലാവരും രാവിലെ ഒമ്പതു മണിക്കുതന്നെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നുവെന്നാണ് പറഞ്ഞത്. ഉച്ചയോടെ വിജയ് സ്‍ഥലത്തെത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെന്ന് അവർ പറയുന്നു. എന്നാൽ, വൈകീട്ട് ആറു മണിയോടെയാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ഒമ്പതു മണിക്കൂറോളം കുടിക്കാൻ ഒരു തുള്ളി വെള്ളംപോലും കിട്ടാതെ അവിടെ തിങ്ങിഞെരുങ്ങി നിൽക്കുകയായിരുന്നു. ചിലർ അതിനിടെ, തലചുറ്റി വീണു. എന്നാൽ, വലിയ ജനക്കൂട്ടത്തിനിടയിൽ അവരെ ശ്രദ്ധിക്കാൻ പോലും ആളുണ്ടായില്ല. വിജയ് സംസാരിക്കുമ്പോഴും അതു സംഭവിച്ചു. ആളുകൾ ക്ഷീണിച്ച് കുഴഞ്ഞുവീഴുമ്പോഴും അവരെ ആരും ഗൗനിച്ചില്ല. എല്ലാവരും വിജയുടെ പ്രസംഗം കേൾക്കുന്ന തിരക്കിലായി. ജനക്കൂട്ടം മുമ്പോട്ടു നീങ്ങിയത് വീണുകിടന്ന ആളുകൾക്ക് മുകളിലൂടെയായിരുന്നു.
മറ്റൊരു പ്രധാനകാര്യം പറയാം. സാധാരണയായി ശനിയാഴ്ചകളിൽ കരൂരിൽ ഇത്ര വലിയ രാഷ്ട്രീയ യോഗങ്ങൾ നടത്താറില്ല. ശനിയാഴ്ച കരൂരിന് പ്രധാനപ്പെട്ട ദിവസമാണ്. അന്നാണ്, ഇവിടെ നിന്നുള്ള സാധനങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് ലോഡ് കയറ്റി പോകുന്നത്. നൂറുകണക്കിന് ലോറികൾ അന്ന് നഗരത്തിലുണ്ടാകും. ചെറിയ തെരുവുകളിൽപോലും വാഹനങ്ങളുണ്ടാകും. ആ സാഹചര്യത്തിൽ 2,000 ആളുകൾ സംഘടിക്കുന്നുവെങ്കിൽ അത് വലിയ ജനക്കൂട്ടമായി പരിഗണിക്കപ്പെടും.
ശനിയാഴ്ച കരൂരിൽ കൂലി കൊടുക്കുന്ന ദിവസം കൂടിയാണ്. വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന അരലക്ഷത്തോളം പേർ കൂലി വാങ്ങിയശേഷം നഗരത്തെരുവുകളിലുണ്ടാകും. അവരും ഈ ആൾക്കൂട്ടത്തിന്റെ ഭാഗമായിട്ടുണ്ടാകണം. വിജയ് നാമക്കലിൽനിന്ന് ആളുകളെ കൊണ്ടുവന്നു എന്നൊക്കെയാണ് ചിലർ പറയുന്നത്. അപ്പോൾ, അവർക്ക് കൃത്യമായ ആസൂത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുവേണം കണക്കാക്കാൻ. ആ സ്ഥലം പരിഗണിക്കുമ്പോൾ ജനം ഏറെയുണ്ടായിരുന്നു.
കരൂർ വൻ ജനക്കൂട്ടത്തെ ഉൾക്കൊള്ളാവുന്ന സ്ഥലമല്ല. അതുകൊണ്ടുതന്നെ നഗരത്തിൽ ഞങ്ങൾ റോഡ് ഷോ നടത്താറില്ല. ആരും അത് ചെയ്യാറില്ല. 10,000നും 15,000നും മുകളിൽ ജനങ്ങൾ എത്തുന്ന പരിപാടിയാണെങ്കിൽ നഗരത്തിരക്കിന് പുറത്താണ് അവ സംഘടിപ്പിക്കാറുള്ളത്. ടി.വി.കെ അത് പരിഗണിച്ചില്ല.
ജില്ല ഭരണകൂടത്തിൽനിന്ന് ടി.വി.കെ അനുമതി വാങ്ങിയിരുന്നില്ലേ?
അനുവദനീയമായ സ്ഥലത്താണ് അവർ പരിപാടി നടത്തിയിട്ടുള്ളത്. എന്നാൽ, ജനം അവർ കണക്കൂകൂട്ടിയതിന്റെയൊക്കെ അപ്പുറത്തായിരുന്നു. വാഹനത്തിലെ ലൈറ്റ് അണച്ച് വിജയ് പിന്നിലെ സീറ്റിലേക്ക് പോയെന്ന് ചില ആളുകൾ പറഞ്ഞു. കാണാൻ കാത്തുനിന്ന ഒരുപാടുപേർക്ക് അദ്ദേഹത്തെ ദൃശ്യമായില്ല. എല്ലാവരും ആ ഭാഗത്തേക്ക് നീങ്ങിയതും പ്രശ്നമായി.
പരിപാടിയിൽ വലിയ ജനക്കൂട്ടം എത്തുമെന്നാണ് കണക്കുകൂട്ടലെങ്കിൽ ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. എത്രപേർ വരും? ഏതു തരത്തിലുള്ള ആളുകളായിരിക്കും? കുട്ടികൾ അക്കൂട്ടത്തിൽ ഉണ്ടാകുമോ? ആർക്കാണ് സംഘാടന ഉത്തരവാദിത്തം? എന്ന കാര്യങ്ങളിലൊക്കെ മുൻകൂട്ടി ധാരണ ഉണ്ടാകണം. നിങ്ങൾ 25,000 പേരെ പരിപാടിക്കുകൊണ്ടുവന്നിട്ട് പൊലീസിനോട് കൈകാര്യം ചെയ്യൂ എന്ന് പറയുകയാണ്. പൊലീസ് അതിനുള്ള സന്നാഹങ്ങളുമായാണോ എത്തിയതെന്ന് എനിക്കറിയില്ല. അവർക്ക് നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനല്ലേ കഴിയൂ. 25,000-30,000 പേരെ ഒരു രാഷ്ട്രീയ പാർട്ടി വിളിച്ചുകൂട്ടിയിട്ട് പൊലീസ് എല്ലാം കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ കഴിയുമോ? ആ റോഡിൽ 2000 പൊലീസുകാരെ നിയോഗിച്ചാലും അതെങ്ങിനെ എല്ലാം നിയന്ത്രിക്കാൻ സഹായകമാവും.
യോഗത്തിനിടെ പവർ കട്ട് ഉണ്ടായിരുന്നോ?
എനിക്കുറപ്പില്ല. ദുരന്തമുണ്ടായി നാലു മണിക്കൂറിനകം ഞാൻ അവിടെ എത്തിയിരുന്നു. ഞങ്ങൾ മുഖ്യമന്ത്രിയെ കാണാൻ ചെന്നൈയിൽ പോയതായിരുന്നു. ഒരു വലിയ ജനക്കൂട്ടത്തെ സംഘടിപ്പിക്കുമ്പോൾ അതിനാവശ്യമായ സ്ഥലം, അവർക്കുവേണ്ട കുടിവെള്ളം, വാഹനം, അവരുടെ സുരക്ഷിതമായ തിരിച്ചുപോക്ക് എന്നിവയെല്ലാം ആ പാർട്ടിയുടെ ഉത്തരവാദിത്തമാണ്. ഡി.എം.കെയും കോൺഗ്രസും എ.ഐ..എ.ഡി.എം.കെയുമെല്ലാം അതാണ് ചെയ്യുന്നത്. അങ്ങനെയൊരു സംഗതി കരൂരിലെ സംഭവത്തിൽ ഇല്ലാതെ പോയി. അവരുടേത് പുതിയ പാർട്ടിയാണ്. എന്താണ് ചെയ്യേണ്ടതെന്നതിൽ അവർക്കൊരു ധാരണയും ഇല്ലായിരിക്കാം. എങ്കിലും, കരൂർ നഗരത്തിൽ വലിയ യോഗങ്ങൾ നടത്താൻ പറ്റിയ ദിവസമല്ല ശനിയാഴ്ചയെന്ന് ടി.വി.കെയുടെ പ്രാദേശിക നേതാക്കൾ അവരുടെ ഉന്നത നേതൃത്വത്തെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാവും?
ഇപ്പോഴും ഉത്തരവാദിത്തം പ്രാദേശിക എം.പി, എം.എൽ.എമാർ, മന്ത്രിമാർ, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ജില്ല, സംസ്ഥാന ഭരണകൂടം എന്നിവരുടെ മുകളിലാണ്. കരൂരിൽ സംഭവിച്ചത് മറ്റൊരു നഗരത്തിലും ഇനി സംഭവിക്കരുത്. തമിഴ്‌നാട്ടിൽ കരൂർ പോലെ നിരവധി നഗരങ്ങളുണ്ട്. ചെന്നൈ, കോയമ്പത്തൂർ, മധുര, ട്രിച്ചി തുടങ്ങിയ വലിയ നഗരങ്ങളിൽനിന്ന് അവ വ്യത്യസ്തമാണ്. വൻ നഗരങ്ങളിൽ ധാരാളം റോഡുകളുണ്ട്. കരൂർ പോലുള്ള ചെറിയ നഗരത്തിൽ ഒരു റോഡ് മാത്രമേ മുഖ്യമായുള്ളൂ.
നിങ്ങളുടെ നിർദേശം എന്താണ്?
മുഖ്യമന്ത്രി ഇതിനകം ഒരു ഏകാംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. വ്യക്തമായ നിയമങ്ങൾ ഉണ്ടായിരിക്കണം. നമ്മുടെ നാട്ടിൽ നിയമങ്ങൾക്ക് ഒരു കുറവുമില്ല. പക്ഷേ അവ പലപ്പോഴും ലംഘിക്കപ്പെടുന്നുവെന്ന് മാത്രം.
എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചനകൾ നടത്താം. കരൂരിൽ യോഗങ്ങൾ നടത്തുന്ന വിഷയം കാലങ്ങളായി ഞങ്ങൾ കൈകാര്യം ചെയ്യുന്നു. നഗരത്തിന്റെ വലിപ്പം നിങ്ങൾ പരിഗണിക്കണം. കരൂർ ഒരു ചെറിയ പാത്രം പോലെയാണ്. നിങ്ങൾക്ക് നിശ്ചിത അളവിൽ വെള്ളം മാത്രമേ അതിൽ ഒഴിക്കാൻ കഴിയൂ. രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്തം ഏറ്റെടുക്കണം. നിങ്ങൾ ആളുകളെ കൊണ്ടുവന്നാൽ, അവരോട് നഗരത്തിൽ ഒരുമിച്ചുചേരാൻ ആവശ്യപ്പെട്ടാൽ, പിന്നെ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക? ജീവൻ നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ നമുക്ക് കഴിയില്ല. പക്ഷേ, വീണ്ടും അത്തരമൊരു ഭയാനകമായ അനുഭവത്തിലൂടെ ആരും കടന്നുപോകുന്നില്ലെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്.