വഖഫ് ഹരജികൾ അടിയന്തരമായി കേൾക്കാനുള്ള അപേക്ഷ പരിശോധിക്കും -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹരജികൾ കേൾക്കാനായി കേസ് പട്ടികയിൽപ്പെടുത്തുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു. ഹരജികൾ അടിയന്തരമായി പരിഗണിക്കാനുള്ള അപേക്ഷ തിങ്കളാഴ്ചതന്നെ പരിശോധിച്ച് ‘മെൻഷനിങ് ലിസ്റ്റി’ൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൂട്ടിച്ചേർത്തു. അതേ സമയം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ട് നിയമമാക്കിയതോടെ വിവാദ നിയമം നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരുടെ ഇടക്കാല അപേക്ഷകളും സുപ്രീംകോടതിയിലെത്തി.
ജംഇയ്യതുൽ ഉലമായെ ഹിന്ദിനുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. വഖഫ് ബില്ലിനെതിരെ സുപ്രീംകോടതിയിൽ എത്തിയ ഹരജിക്കാർ നിയമം നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടക്കാല അപേക്ഷകൾകൂടി നൽകിയ സാഹചര്യത്തിലാണ് ഹരജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടത്. ഇതിനകം വന്ന ഹരജികളുടെ എണ്ണം രണ്ടക്കത്തിലേക്ക് കടക്കുന്നതിനിടയിലാണ് സിബലിന്റെ നീക്കം. കോൺഗ്രസ്, ആം ആദ്മി പാർട്ടി, എ.പി.സി.ആർ തുടങ്ങിയ ഹരജിക്കാർക്കായി മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്വി, നിസാം പാഷ തുടങ്ങിയവരും ഹാജരായി.
20 കോടി മുസ്ലിംകളെ ദോഷകരമായി ബാധിക്കുന്നത് -ഡി.എം.കെ ഹരജി
വഖഫ് ബിൽ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെക്കുവേണ്ടി പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും വഖഫ് ജെ.പി.സി അംഗവുമായ എ. രാജ സുപ്രീംകോടതിയിലെത്തി. സുപ്രീംകോടതി അഭിഭാഷകനും രാജ്യസഭാംഗവുമായ പി. വിൽസൺ മുഖേനയാണ് രാജ ഹരജി സമർപ്പിച്ചത്. ന്യൂനപക്ഷ സമുദായത്തിന്റെ മൗലികാവകാശങ്ങൾ ലംഘിച്ച് വഖഫ് നിയമം നടപ്പാക്കുന്നത് രാജ്യത്തെ 20 കോടി മുസ്ലിംകളെയും ദോഷകരമായി ബാധിക്കുമെന്ന് ഹരജിയിൽ രാജ പറഞ്ഞു.
സ്വയംഭരണാവകാശത്തിന് വിരുദ്ധം -മുസ്ലിം ലീഗ്
വഖഫ് നിയമം റദ്ദാക്കാൻ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കൾക്ക് അപരിഹാര്യമായ നഷ്ടം വരുത്തിവെക്കുന്നതാണ് പുതിയ വഖഫ് നിയമമെന്ന് മുസ്ലിംലീഗ് സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു. ഭരണഘടനയുടെ 26ാം അനുച്ഛേദം അനുവദിക്കുന്ന മതസ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തിന് വിരുദ്ധമാണിത്. പുതിയ ഭേദഗതിയിലെ 2, 2എ, 3(11)എ, ബി, 4, 9,11, 14, 18(എ), 18(ഡി), 18(എഫ്), 20, 40എ, 41 എന്നീ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് മുസ്ലിം ലീഗ് ഹരജിയിൽ അക്കമിട്ടു നിരത്തി.
വഖഫ് ഭരണം നിയന്ത്രിക്കാനുള്ളത്: വ്യക്തി നിയമ ബോർഡ്
വഖഫ് നിയമം റദ്ദാക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹ്മാൻ മുജദ്ദിദി മുതിർന്ന അഭിഭാഷകൻ അഡ്വ. എം.ആർ. ഷംഷാദ് മുഖേന സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തു. വഖഫ് നിയമ ഭേദഗതി മുസ്ലിംകളുടെ മൗലികാവകാശങ്ങളുടെ ലംഘനം മാത്രമല്ല, വഖഫ് ഭരണമൊന്നാകെ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കൂടിയാണെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
വഖഫ് ഭേദഗതി പിന്തുണച്ച മണിപ്പൂർ ബി.ജെ.പി നേതാവിന്റെ വീടിന് ജനക്കൂട്ടം തീയിട്ടു
ഇംഫാൽ: വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച ബി.ജെ.പി ന്യൂനപക്ഷ മോർച്ച മണിപ്പൂർ പ്രസിഡന്റ് അസ്കർ അലിയുടെ വീടിന് ജനക്കൂട്ടം തീയിട്ടു. തൗബൽ ജില്ലയിലെ ലിലോങ്ങിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച സമൂഹ മാധ്യമത്തിൽ അലി നിയമത്തെ പിന്തുണച്ചിരുന്നു. ‘‘വഖഫ് ഭേദഗതി ബില്ലിന്റെ പേരിൽ രാഷ്ട്രീയം കളിക്കരുത്. ബില്ലിനെ സ്വാഗതം ചെയ്യുക. ഞങ്ങൾ സ്വാഗതം ചെയ്യുന്നു’’- എന്നായിരുന്നു പോസ്റ്റ്. ഇത് വൈറലായതിന് പിറകെ രാത്രി ഒമ്പത് മണിയോടെ ജനക്കൂട്ടം വടിയും കല്ലുകളുമായി ഇരച്ചുകയറി വീട് നശിപ്പിക്കുകയും പിന്നീട് തീയിടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തെത്തുടർന്ന് തന്റെ മുൻ പ്രസ്താവനക്ക് ക്ഷമാപണം നടത്തി അലി സമൂഹ മാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തു. നിയമത്തോടുള്ള എതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചു. നേരത്തെ, നിയമത്തിനെതിരെ ഇംഫാൽ താഴ്വരയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ലിലോങ്ങിലെ റാലിയിൽ 5,000ത്തിലധികം പേർ പങ്കെടുത്തു. തൗബാലിലെ ഇറോങ് ചെസബയിലും പ്രതിഷേധം നടന്നു. പ്രകടനക്കാർ മുന്നോട്ടുപോകുന്നത് സുരക്ഷാ സേന തടഞ്ഞതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിൽ കത്തിച്ച് പ്രതിഷേധം
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പ്രതിഷേധം. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബില്ലിന്റെ പകർപ്പ് വിദ്യാർഥികൾ കത്തിച്ചു. ബാപ്സ, ഐസ, പ്രോഗ്രസിവ് സ്റ്റുഡന്റ്സ് അസോസിയേഷൻ, അല്ലാമ ഇഖ്ബാൽ സ്റ്റഡി സർക്കിൾ, എൻ.എസ്.യു.ഐ, എം.എസ്.എഫ്, ദ്രാവിഡ സ്റ്റുഡന്റ്സ് കൗൺസിൽ തുടങ്ങി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി. രാജ്യത്തെ മുസ്ലിംകളെ ലക്ഷ്യം വെക്കുന്ന നിയമനിർമാണ കർസേവയുടെ ഭാഗമാണ് ബില്ലെന്ന് ഫ്രറ്റേണിറ്റി നേതാവ് മുഹമ്മദ് കൈഫ് പറഞ്ഞു.
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വഖഫ് ബിൽ കത്തിച്ച് വിദ്യാർഥികളുടെ പ്രതിഷേധം. എൻ.എസ്.യു.ഐ, ഐസ, എം.എസ്.എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്, ബാപ്സ, പ്രോഗ്രസിവ് സ്റ്റുഡന്റ്സ് അസോസിയേഷൻ, അല്ലാമ ഇഖ്ബാൽ സ്റ്റഡി സർക്കിൾ, ദ്രാവിഡ സ്റ്റുഡന്റ്സ് കൗൺസിൽ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുസ്ലിംകളെ ലക്ഷ്യംവെച്ചുള്ള നിയമനിർമാണ കർസേവയുടെ ഭാഗമാണ് വഖഫ് ബില്ലെന്ന് ഫ്രറ്റേണിറ്റി നേതാവ് മുഹമ്മദ് കൈഫ് കുറ്റപ്പെടുത്തി.
ന്യൂനപക്ഷ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റം -ജമാഅത്തെ ഇസ്ലാമി
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. രാജ്യത്തെ മറ്റു സമുദായങ്ങളിൽനിന്ന് വ്യത്യസ്തമായി, മുസ്ലിം വിഭാഗത്തിന് മതപരമായ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിലുള്ള സ്വയംഭരണാധികാരം ഇല്ലാതാക്കുന്നതാണ് നിയമം. ഭരണഘടനാപരമായ അവകാശങ്ങളെ ഖണ്ഡിക്കുന്ന നിയമം ന്യൂനപക്ഷ അവകാശങ്ങളിലെ കറുത്ത ഏടാണെന്നും ജമാഅത്തെ ഇസ്ലാമി (ജെ.ഐ.എച്ച്) അഖിലേന്ത്യ പ്രസിഡന്റ് സആദത്തുല്ല ഹുസൈനി പറഞ്ഞു. ജമാഅത്ത് ആസ്ഥാനത്ത് നടന്ന പ്രതിമാസ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം സമുദായത്തിന്റെ മതപരമായ കാര്യങ്ങളിൽ അന്യായമായ ഇടപെടലിന് വഴിയൊരുക്കുന്നതാണ് നിയമം. വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം, നിയമപരമായ തർക്കങ്ങൾ, ദുർവിനിയോഗം എന്നിവയാണ് ഈ ഭേദഗതിക്ക് കാരണമായി സർക്കാർ ആവർത്തിച്ച് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, പുതുതായി കൊണ്ടുവന്ന ഭേദഗതിയിൽ ഇതു പരിഹരിക്കാനുള്ള മാർഗങ്ങളൊന്നുമില്ല. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതും നിയന്ത്രണം സർക്കാർ ഉദ്യോഗസ്ഥരിലേക്ക് കൊണ്ടുവരുന്നതും ഇതിനു പരിഹാരമുണ്ടാക്കില്ല.
അനാവശ്യമായ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടലുകളാണ് വഖഫ് വിഷയത്തിൽ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മൂലകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉപയോഗത്തിലൂടെ വഖഫ് എന്ന സങ്കൽപ്പത്തെ മാറ്റുന്നതും പുതുതായി വഖഫ് ചെയ്യുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും മുസ്ലിം സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത നീക്കമായാണ് കരുതുന്നതെന്നും സആദത്തുല്ല ഹുസൈനി പറഞ്ഞു.ഫലസ്തീൻ സമരം നിലനിൽപ്പിനും അന്തസ്സിനും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള പോരാട്ടമാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഗസ്സയിൽ ഇസ്രായേലിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഫലസ്തീനിൽ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്നും സആദത്തുല്ല ഹുസൈനി പറഞ്ഞു. ഭാരവാഹികളായ മാലിക് മുഅ്തസിം ഖാൻ, പ്രഫ. മുഹമ്മദ് സലാമി എൻജിനീയർ എന്നിവരും മാധ്യമപ്രവർത്തകരോട് സംസാരിച്ചു.
കേന്ദ്ര നിയമം കൊണ്ട് മുനമ്പത്തെ പ്രശ്നങ്ങൾ തീരില്ല - ലീഗ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമംകൊണ്ട് മുനമ്പത്തെ പ്രശ്നങ്ങള്‍ തീരില്ലെന്നും മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും മുസ്ലിം ലീഗ്. മുനമ്പത്തേത് സംസ്ഥാന വിഷയമാണെന്നും പരസ്പരധാരണ ഉണ്ടായാല്‍ തീരുന്നതാണെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കേരള ഹൗസിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് എല്ലാവരെയും വിളിച്ചുകൂട്ടിയാല്‍ അത് സാധ്യമാകുമെന്നാണ് ലീഗിന്റെ അഭിപ്രായം.വഖഫ് ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി ലീഗ് പ്രതിനിധി സംഘം തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാന്, നവാസ് കനി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.