രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എം.പിമാരുടെ യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എം.പിമാരുടെ യോഗത്തിൽ പങ്കെടുക്കാതെ തിരുവനന്തപുരം എം.പി ശശി തരൂർ. വെള്ളിയാഴ്ച നടന്ന യോഗത്തിൽ നിന്നാണ് ശശി തരൂർ വിട്ടുനിന്നത്. എന്നാൽ, ഇക്കാര്യം ശശി തരൂർ നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
ഡിസംബർ 19 ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും വരും ദിവസങ്ങളിൽ പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകളിൽ ചർച്ച നടത്തുന്നതിനും വേണ്ടിയാണ് രാഹുൽ ഗാന്ധി യോഗം വിളിച്ചത്. എന്നാൽ, യോഗത്തിൽ നിന്നും തരൂർ വിട്ടുനിൽക്കുകയായിരുന്നു.
നേരത്തെ നവംബർ 18, 30 തീയതികളിൽ നടന്ന യോഗത്തിലും തരൂർ പങ്കെടുത്തില്ല.ഇന്ന് രാവിലെ നടന്ന യോഗത്തിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി നേതൃത്വം നൽകി. രാഹുലും സഹോദരി പ്രിയങ്ക ഗാന്ധിയും നടത്തിയ ആക്രമണങ്ങൾ അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയെന്ന് പാർട്ടി യോഗം വിലയിരുത്തി.
നേരത്തെ പ്രതിപക്ഷത്തെ ആർക്കും ക്ഷണം ലഭിക്കാതിരുന്ന വ്ലാഡമിർ പുടിന്റെ അത്താഴവിരുന്നിൽ തരൂരിനെ ക്ഷണിക്കുകയും എം.പി അതിൽ പങ്കെടുക്കുകയും ചെയ്തത് കോൺഗ്രസിൽ ചർച്ചയായിരുന്നു. ശശി തരൂർ ഇടക്കിടെ നടത്തുന്ന മോദി സ്തുതിയിലും കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.


