മേവാത്തിന്റെ പൈതൃകത്തിന് സിദ്ദീഖ് ഹസന്റെ സ്വപ്ന സമ്മാനം
text_fieldsഹരിയാന മേവാത്തിലെ വിഷൻ അക്കാദമിക് സിറ്റിയുടെ ഉദ്ഘാടനം ഡോ. ഗൾഫാർ മുഹമ്മദലി നിർവഹിക്കുന്നു
നഗീന (ഹരിയാന): പ്രഫ. കെ.എ. സിദ്ദീഖ് ഹസന്റെ ഓർമകളുടെ നിറവിൽ അദ്ദേഹത്തിന്റെ ഒന്നര പതിറ്റാണ്ട് മുമ്പുള്ള സ്വപ്നം യാഥാർഥ്യമാക്കി വിഷൻ അക്കാദമിക് സിറ്റി ഡോ. ഗൾഫാർ മുഹമ്മദലി മേവാത്തിന് സമർപ്പിച്ചു. മേവാത്തിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചോതിയ പ്രദർശനവും പരമ്പരാഗത രൂചിക്കൂട്ടുകൾ നിരത്തിയ ഭക്ഷ്യമേളയും ചടങ്ങിന് മികവേറ്റി. ഒന്നര പതിറ്റാണ്ട് മുമ്പ് മേവാത്തിനെക്കുറിച്ച് സിദ്ദീഖ് ഹസൻ കണ്ട സ്വപ്നം പങ്കുവെച്ച ഗൾഫാർ മുഹമ്മദലി മേവാത്തിലെ ഒരു വിദ്യാർഥി പോലും വിഭവങ്ങളില്ലാത്തതിന്റെ പേരിൽ പഠിക്കാതിരിക്കുന്ന സാഹചര്യം ഇനി ഉണ്ടാകരുതെന്ന് ഓർമിപ്പിച്ചു.
വിഷൻ അക്കാദമിക് സിറ്റിയിലെ മികവ് പുലർത്തുന്ന ഏഴ് വിദ്യാർഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസത്തിനായി അവർ എവിടെ പോകുകയാണെങ്കിലും ചെലവ് താൻ വഹിക്കുമെന്നും ഡോ. ഗൾഫാർ മുഹമ്മദലി പറഞ്ഞു. വിഷൻ അക്കാദമിക് സിറ്റി വിഭാവനം ചെയ്ത മുഴുവൻ സ്ഥാപനങ്ങളും പടുത്തുയർത്താൻ അധികൃതരുടെ ഭാഗത്തുനിന്നുള്ള സഹകരണം നേടിയെടുക്കുന്നതിന് മുന്നിൽ നിൽക്കണമെന്ന് സ്ഥലം എം.എൽ.എ മാമ്മൻ ഖാനോട് ഗൾഫാർ ആവശ്യപ്പെട്ടു.
പ്രഫ. സിദ്ദീഖ് ഹസന്റെ നേതൃത്വത്തിൽ കേരളത്തിൽ 700 ഏക്കർ ഭൂമി വാങ്ങി അതിലെ 200 ഏക്കറിൽ ഉന്നത വിദ്യാഭ്യാസ കാമ്പസ് ഒരുക്കി ഇന്ത്യയിലെ 100 മികച്ചവയിൽ ഒന്നാക്കി മാറ്റിയ കേരളത്തിലെ അനുഭവം ഗൾഫാർ പങ്കുവെച്ചു. ശാഖാപരമായ ഭിന്നതകൾ മാറ്റിവെച്ച് എല്ലാവരും ഒരുമിച്ചിറങ്ങിയാൽ മേവാത്തിലെ ഈ കാമ്പസും അതുപോലൊന്നാക്കി പരിവർത്തിപ്പിക്കാനാകുമെന്ന് നിറഞ്ഞ കരഘോഷങ്ങൾക്കിടയിൽ ഗൾഫാർ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ നട്ടെല്ലാണെന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച ഒരു സമുദായം 75 വർഷം കൊണ്ട് രാജ്യത്തെ ഏറ്റവും പിന്നാക്കമായി മാറിയതെങ്ങനെയെന്ന കഥയാണ് മേവാത്തിന് പറയാനുള്ളതെന്ന് വിഷൻ ചെയർമാൻ ടി. ആരിഫലി പറഞ്ഞു. ഫിറോസ്പൂർ ഝിർക എം.എൽ.എ എൻജിനീയർ മാമൻ ഖാൻ, റിട്ട. ഐ.എ.എസ് ഓഫിസർ സിറാജ് ഹുസൈൻ, മഖ്ബൂൽ അഹ്മദ് അനാർവാല തുടങ്ങിയവർ സംസാരിച്ചു. വിഷൻ ജനറൽ സെക്രട്ടറി എം.സാജിദ് സ്വാഗതവും ശാന്തപുരം അൽ ജാമിഅ മേവാത്ത് ഓഫ് കാമ്പസ് ഡയറക്ടർ ശിബിലി അർസലാൻ നന്ദിയും പറഞ്ഞു.