എസ്.ഐ.ആർ പ്രതിരോധം ഇ.ഡി-മമത പോരാട്ടമായി സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) പശ്ചിമ ബംഗാളിൽ നടപ്പാക്കുന്നതിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുണ്ടായ ഭിന്നത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മമതാ ബാനർജിക്കുമിടയിലെ പോരായി പരിണമിച്ചതിനിടെ ഇരു കൂട്ടരും സമർപ്പിച്ച ഹരജികൾ സുപ്രീംകോടതിയിൽ ഇന്ന് പരാമർശിച്ചേക്കും.
കൽക്കട്ട ഹൈകോടതി ഹരജികൾ 14ലേക്ക് മാറ്റിവെച്ച സാഹചര്യത്തിൽ അടിയന്തരമായി തങ്ങളുടെ ഹരജികൾ പരിഗണിക്കാൻ ഇരു കൂട്ടരും ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടേക്കും.
തൃണമൂൽ കോൺഗ്രസിനായി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പാക്) ഓഫിസിലായിരുന്നു ഇ.ഡി റെയ്ഡ്. പിന്നാലെ എസ്.ഐ.ആർ പ്രക്രിയക്ക് ഐ-പാകിനെ ഉപയോഗിച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും പരസ്യമായി രംഗത്തുവന്നതോടെ കൊൽക്കത്തയിലെ ഐ-പാക് റെയ്ഡ് സാമ്പത്തിക ഇടപാടിലുപരി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ശക്തിപ്പെടുകയാണ്.
ബംഗാളി ഭാഷ സംസാരിക്കുന്ന തങ്ങളുടെ വോട്ടർമാരുടെ വോട്ടുകൾ എസ്.ഐ.ആറിലൂടെ വെട്ടുന്നത് ഒഴിവാക്കാൻ ബൂത്ത് തല ഏജന്റുമാരെ ഉപയോഗിച്ച് ഡേറ്റ എൻട്രിക്കായി തൃണമൂൽ കോൺഗ്രസ് ആപ് വികസിപ്പിച്ചിരുന്നു. ആപ് വികസിപ്പിച്ചതും അതിന് മേൽനോട്ടം വഹിക്കുന്നതും നിരീക്ഷിക്കുന്നതുമെല്ലാം ഐ-പാക് ആണ്.
ഐ-പാക് തൃണമൂൽ കോൺഗ്രസിനായി ചെയ്ത കാര്യങ്ങൾ തങ്ങൾ അന്വേഷിക്കുകയാണെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരിക്കുന്നത്. ഐ-പാക് തങ്ങൾക്കു വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളും ശേഖരിച്ച വിവരങ്ങളും ചോർത്താനാണ് ഇ.ഡിയെ ഉപയോഗിച്ചതെന്നാണ് മമത ആരോപിക്കുന്നത്.


