എസ്.ഐ.ആർ: കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സർക്കാർ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രത്യേക വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയിലൂടെ വോട്ട് കൃത്രിമം നടത്തിയെന്ന തെറ്റായ ആഖ്യാനം സൃഷ്ടിച്ച് കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്യസഭയിൽ നടന്ന ചർച്ചയിൽ സഭാ നേതാവും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പരാജയങ്ങൾ മറച്ചുവെക്കാൻ തെരഞ്ഞെടുപ്പ് കമീഷനെ ചോദ്യം ചെയ്ത് പ്രതിപക്ഷം ദേശീയ താൽപര്യത്തെ വ്രണപ്പെടുത്തുകയാണ്. കോൺഗ്രസ് പോലൊരു പാർട്ടി എസ്.ഐ.ആറിനെതിരെ റാലി നടത്തുന്നത് ലജ്ജാകരമാണ്. തെരഞ്ഞെടുപ്പ് കമീഷനെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും കുറ്റപ്പെടുത്തുന്നതിനുപകരം തുടർച്ചയായ തോൽവിയുടെ യഥാർഥ കാരണമാണ് കോൺഗ്രസ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി നടപ്പാക്കണമെന്നും മാതൃകാ പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി ഉൾപ്പെടെ എല്ലാ നേതാക്കളും എല്ലാ പാർട്ടികളും ഒരുപോലെ പാലിക്കുന്നുണ്ടോ എന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉറപ്പ് വരുത്തണമെന്നും ഹാരിസ് ബീരാൻ എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനിടെ രാഷ്ട്രീയ പാർട്ടികളുടെ ആസ്തിയിൽ വൻവർധനയാണ് ഉണ്ടായത്. കേരളംപോലെ പണക്കൊഴുപ്പില്ലാത്ത രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നയിടങ്ങളിൽപോലും ഭരണകക്ഷിയായ സി.പി.എമ്മിന്റെ ആസ്തികളിൽ വലിയ വർധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ചെലവിന് പരിധി ഏർപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്കാരമെന്നും തെരഞ്ഞെടുപ്പിന് ചെലവഴിച്ച പണം വീണ്ടെടുക്കാൻ അഴിമതി നടത്താൻ സാധ്യതയുമുണ്ടെന്നും ബിജു ജനതാദൾ എം.പി ദേബാശിഷ് പറഞ്ഞു.


