കേരളത്തിലും വരുന്നു എസ്.ഐ.ആർ; സജ്ജരാവാൻ നിർദേശം
text_fieldsന്യൂഡൽഹി: ബിഹാറിനുശേഷം വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‍കരണത്തിൽ ( എസ്.ഐ.ആർ) അടുത്ത ഊഴം കേരളത്തിന്റേതെന്ന അറിയിപ്പുമായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർ രത്തൻ യു. കേൽക്കർ. ഈ പ്രക്രിയക്ക് തന്റെ ഓഫിസ് നിലമൊരുക്കിയതായും 2002ലെ തീവ്രമായ വോട്ടർ പട്ടിക പ്രകാരം തയ്യാറാക്കിയ പട്ടികകൾ സി.ഇ.ഒയുടെ കേരളയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതായും കേൽക്കർ പറഞ്ഞു. സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പിനെക്കുറിച്ച് ബുധനാഴ്ച ന്യൂഡൽഹിയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമീഷൻ നടത്തിയ അവലോകനത്തിൽ കേരളത്തിലെ എസ്.ഐ.ആർ ക്രമീകരണങ്ങൾ അവതരിപ്പിച്ചു.
കേരളത്തിനായുള്ള എസ്.െഎ.ആർ ഷെഡ്യൂളിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബറിൽ ഉണ്ടാവുമെന്നാണ് സൂചന. ‘സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബറിൽ അതുണ്ടാവുമെന്ന് കരുതുന്നുവെന്നും സെപ്റ്റംബർ 20ന് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കേൽക്കർ പറഞ്ഞു. ബീഹാർ എസ്.ഐ.ആർ ആരംഭിക്കുന്നതിനൊപ്പം തന്നെ കേരളത്തിലേതിന്റെയും തയ്യാറെടുപ്പുകൾ ആരംഭിച്ചതായും നിർദേശങ്ങൾ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും എല്ലാ സംസ്ഥാനങ്ങളും തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ എസ്.ഐ.ആറിൽ പ്രതിപക്ഷം ക്രമക്കേടുകളുടെ കൊടുങ്കാറ്റുയർത്തിവിട്ട പശ്ചാത്തലത്തിൽ ആണ് ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലേക്കും ഇത് കടന്നുവരുന്നത്. എന്നാൽ, യോഗ്യരായ ഒരു വോട്ടറും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടില്ലെന്ന് കമീഷണർ അറിയിച്ചു.
എസ്.ഐ.ആർ പൂർത്തിയാകുമ്പോൾ വോട്ടർ പട്ടികയെക്കുറിച്ചുള്ള പരാതികൾ എന്നെന്നേക്കുമായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികകൾ കൂടുതൽ വെടിപ്പുള്ളതാക്കുമെന്നും പൗരന്മാരല്ലാത്തവരെ അകറ്റി നിർത്തുകയും ചെയ്യുമെന്നും കേൽക്കർ കൂട്ടിച്ചേർത്തു.
ഉയർന്ന സാക്ഷരതാ നിരക്ക്, ഡിജിറ്റൽ സാക്ഷരത, ഔദ്യോഗിക രേഖകളുടെ ഉയർന്ന ലഭ്യത എന്നിവ കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്ത് എസ്.ഐ.ആർ സുഗമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേൽക്കർ പറഞ്ഞു.
കേരളത്തിലെ വലിയ പ്രവാസി ജനസംഖ്യ ഈ പ്രക്രിയയിൽ എങ്ങനെ പങ്കെടുക്കുമെന്നത് ഒരു പ്രധാന ആശങ്കയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പൗരനായ ആർക്കും ആശയക്കുഴപ്പം ആവശ്യമില്ല. നോൺ റസിഡന്റ് കേരളീയർ കേരളത്തിലേക്ക് വരേണ്ടതില്ല. അവർക്ക് എല്ലാ രേഖകളും ഓൺലൈനായി സമർപ്പിക്കാം. കേരളത്തിലെ ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ പോലും ഒരു മൊബൈൽ ആപ്പ് ഉപയോഗിച്ച് അത് ഓൺലൈനായി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരസ്യങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ, അവസാനമായി എസ്.ഐ.ആർ നടത്തിയത് 2002 ലാണ്.
എസ്.ഐ.ആറിലെ പ്രക്രിയകൾ എന്തൊക്കെ?
പുതിയ എൻറോൾമെന്റുകൾ, നീക്കം ചെയ്യലുകൾ, എതിർപ്പുകൾ എന്നിവക്കായി വീടുതോറുമുള്ള പരിശോധന ഒരു നിർബന്ധിത ഘടകമാണ്. വോട്ടർമാർ ഒരു ഫോറം പൂരിപ്പിക്കേണ്ടതുണ്ടെന്നും ഇലക്ടറൽ ഓഫിസർ അറിയിച്ചു.
എൻട്രികൾ ഒത്തുനോക്കുന്നതിനായി ബൂത്ത് ലെവൽ ഓഫിസർമാർക്ക് (ബി.എൽ.ഒ) 2002ലെ റോളുകളുടെയും ഏറ്റവും പുതിയ റോളുകളുടെയും പകർപ്പുകൾ നൽകും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 2002 ലിസ്റ്റിലുള്ള എല്ലാവരെയും 2025 ലിസ്റ്റുമായി ഒത്തുനോക്കും. ബിഹാറിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, 80ശതമാനത്തിലധികം ആളുകളെയും കണ്ടെത്താൻ കഴിയും. അതായത്, കേരളത്തിൽ എസ്.ഐ.ആർ 2002ൽ അവരുടെ പേരുകൾ ഉണ്ടെങ്കിൽ, 80ശതമാനം ആളുകളും ഒരു രേഖയും നൽകേണ്ടതില്ല- ചീഫ് ഇലക്ടറൽ ഓഫിസർ പറഞ്ഞു.
എസ്.ഐ.ആറിൽ മൂന്ന് വിഭാഗങ്ങളായി വോട്ടർമാരെ പരിഗണിക്കും. 1987ന് മുമ്പ് ജനിച്ചവർ, 1987 നും 2004 നും ഇടയിൽ ജനിച്ചവർ, 2004ന് ശേഷം ജനിച്ചവർ എന്നിങ്ങനെ.
ബിഹാറിൽ എസ്.ഐ.ആർ ആരംഭിച്ച ദിവസം മുതൽ തന്നെ പ്രക്രിയ ആരംഭിച്ചു. എല്ലാ സംസ്ഥാനങ്ങളും പഴയ രേഖകൾ തിരിച്ചറിയാനും അവ ഡിജിറ്റൈസ് ചെയ്യാനും ആളുകളെ പരിശീലിപ്പിക്കാനും എല്ലാം തയ്യാറാക്കാനും ആവശ്യപ്പെടുന്നുവെന്നും കേൽക്കർ കൂട്ടിച്ചേർത്തു.