എസ്.ഐ.ആർ പരാതികളുമായി മമത ഗ്യാനേഷിന് മുന്നിലേക്ക്
text_fieldsന്യൂഡൽഹി: എസ്.ഐ.ആറിലെ ക്രമക്കേടുകൾക്കെതിരെയുള്ള പരാതികളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നേരിൽ കാണും. ഫെബ്രുവരി രണ്ടിന് നാല് മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത് മമതയുടെ നേതൃത്വത്തിൽ എത്തുന്ന തൃണമൂൽ നേതാക്കൾക്ക് ഗ്യാനേഷ് കുമാർ കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത്.
പശ്ചിമ ബംഗാളിൽ ബി.ജെ.പിക്ക് അനുകൂലമായി എസ്.ഐ.ആർ പക്ഷപാതപരമായി നടത്തുകയാണ് കമീഷൻ എന്നാരോപിച്ച് ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുന്ന മമത അത് ദേശീയ തലത്തിലേക്ക് കുടി വ്യാപിപ്പിക്കാനാണ് നേതാക്കളെയുമായി ഡൽഹിയിലെത്തി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ മുഖാമുഖം കാണുന്നത്. അപേക്ഷകളിൽ തെറ്റുകളുണ്ടെന്നും അപേക്ഷകരെ കണ്ടില്ലെന്നും പറഞ്ഞ് പശ്ചിമ ബംഗാളിലെ ഒന്നര കോടി വോട്ടർമാരെ എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തേക്കുമെന്ന ആശങ്കക്കിടയിലാണ് മമതയുടെ മുഖാമുഖം.


