വോട്ട് വെട്ടാൻ കൂട്ട അപേക്ഷ; 10 ബിജെപി ബൂത്ത് ഏജന്റുമാർക്കെതിരായ കേസിൽ അന്വേഷണം തടഞ്ഞ് ഹൈകോടതി
text_fieldsബംഗളൂരു: എസ്.ഐ.ആറിന്റെ മറവിൽ വോട്ടർപട്ടികയിൽനിന്ന് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ വ്യാജവിവരങ്ങൾ നൽകി കൂട്ടത്തോടെ അപേക്ഷ സമർപ്പിച്ച സംഭവത്തിൽ 10 ബിജെപി ബൂത്ത് ലെവൽ ഏജന്റുമാർക്കെതിരായ കേസുകളിലെ തുടരന്വേഷണം കർണാടക ഹൈകോടതി സ്റ്റേ ചെയ്തു. ഫോം-7 ഉപയോഗിച്ച് അപേക്ഷകൾ സമർപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്ഡെയുടെ സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
വോട്ടർപട്ടികയിൽനിന്ന് സ്വന്തം പേര് നീക്കം ചെയ്യുന്നതിനോ മറ്റൊരു വോട്ടറുടെ പേര് ഉൾപ്പെടുത്തുന്നതിനെതിരെയോ നിലവിലുള്ള മറ്റൊരാളുടെ പേര് നീക്കാൻ ആവശ്യപ്പെടുന്നതിനോ ഉപയോഗിക്കുന്നതാണ് ഫോം-7. ഈ സംവിധാനം ദുരുപയോഗം ചെയ്ത് വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ നീക്കാൻ ശ്രമിച്ചെന്നാണ് ബിജെപി ബൂത്ത് ഏജന്റുമാർക്കെതിരായ പരാതി.
മൈസൂരുവിലെ നരസിംഹരാജ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സി. ഹരീഷ് കുമാർ, എം. രാഘവേന്ദ്ര, ഡോ. അനിൽ തോമസ് എന്നിവരാണ് പ്രതികൾ. ജയനഗർ പൊലീസ് സ്റ്റേഷനിലെ കേസിൽ രാമകൃഷ്ണ, ഡി.ആർ. യോഗേഷ് എന്നിവർക്കെതിരെയും കുടകിലെ ശനിവാരസന്തെ പൊലീസ് സ്റ്റേഷനിലെ കേസിൽ യു.എച്ച്. ലോകേഷ്, രജനി, എ.സി. നാഗരാജ്, സവിത എൻ. മലാലി, ബി.എൻ. ബസവരാജു എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ആൾമാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. 1960ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം ഫോം-7 വഴി സമർപ്പിക്കുന്ന വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനും തെറ്റായ വിവരങ്ങൾ നൽകിയാൽ ശിക്ഷാനടപടി സ്വീകരിക്കുന്നതിനും വ്യവസ്ഥയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നതാണ് പരാതികളിലെ പ്രധാന ആരോപണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ ആദ്യം പരിശോധന പൂർത്തിയാക്കണമെന്നും നിലവിലെ സാഹചര്യത്തിൽ ക്രിമിനൽ വകുപ്പുകൾ പ്രകാരമുള്ള പൊലീസ് അന്വേഷണം അനുവദിക്കാൻ മതിയായ അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനാഫലം ലഭിച്ചശേഷം എഫ്.ഐ.ആറുകൾ റദ്ദാക്കണമോ അതോ കുറ്റങ്ങളിൽ അന്വേഷണം തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. അനുബന്ധ ഹരജികളിലൊന്നിൽ വോട്ടറുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന ആരോപണം പരാതിയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വ്യാജരേഖ ചമച്ചെന്ന കുറ്റാരോപണത്തിനും നിലവിൽ അടിസ്ഥാനമില്ലെന്ന് നിരീക്ഷിച്ചു.
ബിജെപി ബൂത്ത് ഏജന്റുമാരായ ജി.എസ്. വസന്തലക്ഷ്മി, ദീപക് സിങ് ആർ. എന്നിവർക്കെതിരായ കേസുകളിലെ അന്വേഷണവും കഴിഞ്ഞ മാസം ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിൽ തീരുമാനം മാറ്റിവെച്ച കോടതി, അന്വേഷണവിലക്ക് തുടരാൻ നിർദേശിച്ചു. അതേസമയം, പുതിയ കേസുകളിൽ ഹരജിക്കാരോട് തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചു. ഇവർ സമർപ്പിച്ച ഫോം-7 അപേക്ഷകളിൽ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.



