Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ...

അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ തട്ടിപ്പ്: എസ്‌ഐടി അന്വേഷണം തുടങ്ങി; ക്ഷേത്രത്തിൽ പണം എണ്ണുന്ന മുറി പരിശോധിച്ചു

text_fields
bookmark_border
അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ തട്ടിപ്പ്: എസ്‌ഐടി അന്വേഷണം തുടങ്ങി; ക്ഷേത്രത്തിൽ പണം എണ്ണുന്ന മുറി പരിശോധിച്ചു
cancel

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം തുടങ്ങി. മൂന്നംഗ സംഘമാണ് അയോധ്യയിൽ എത്തിയത്. തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തുകയാണ് പ്രധാനപ്പെട്ട ലക്ഷ്യം.

തിങ്കളാഴ്ച സംഘം അയോധ്യയിലെത്തി രാമക്ഷേത്ര സമുച്ചയത്തിലെ പണം എണ്ണുന്ന മുറിയിൽ നിന്ന് അന്വേഷണം ആരംഭിച്ചു. ഏകദേശം എട്ട് മണിക്കൂറോളം പരിശോധന നടത്തി. രാത്രി 10.30 ന് ശേഷമാണ് ഇവർ രാമക്ഷേത്ര സമുച്ചയത്തിൽ നിന്ന് മടങ്ങിയത്. സംഘം രാത്രി അയോധ്യയിൽ തന്നെ തങ്ങി.

ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ലഖ്‌നോ റേഞ്ച് ഐ.ജി കിരൺ എസ്, ധനകാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരാണ് എസ്‌ഐടി അംഗങ്ങൾ. അന്വേഷണം സുഗമമാക്കാൻ രാമക്ഷേത്ര സമുച്ചയത്തിൽ കാമ്പ് ഓഫീസ് സ്ഥാപിക്കാൻ എസ്‌ഐടി തീരുമാനിച്ചതായാണ് വിവരം.

ഇന്നലെ ഉച്ച 2:53ന് 11ാം ഗേറ്റിലൂടെ പ്രത്യേക വാഹനങ്ങളിൽ രാമക്ഷേത്ര സമുച്ചയത്തിൽ പ്രവേശിച്ച സംഘം, നേരെ പണം എണ്ണുന്ന മുറിയിലേക്ക് പോയി. കാണിക്ക പണം എണ്ണുന്നതിനായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച ജീവനക്കാരുടെ വിശദാംശങ്ങൾ എസ്‌ഐടി തേടി. പണം പൂട്ടിയ നിലവറയും ദിവസേന പണം എണ്ണുന്ന രജിസ്റ്ററും എസ്‌ഐടി പരിശോധിച്ചു. പണം എണ്ണൽ പ്രക്രിയ പരിശോധിക്കുന്നതിനായി എല്ലാ സിസിടിവി ഡാറ്റ ബോക്സുകളും പരിശോധിക്കുകയും ദൃശ്യങ്ങൾ വീണ്ടെടുക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളുടെ ഡാറ്റ എത്ര കാലത്തേക്ക് സൂക്ഷിക്കുന്നുണ്ടെന്നും നശിപ്പിച്ചിട്ടണ്ടോ എന്നും എസ്‌ഐടി അന്വേഷിച്ചു. പണം എണ്ണുന്നതിനായി നിയമിച്ച ജീവനക്കാരുടെ പേരും വിലാസവും ട്രസ്റ്റികളുടെ പട്ടികയും സംഘം ആവശ്യപ്പെട്ടു. തുടർന്ന് സംഘം അവരെ ചോദ്യം ചെയ്യും. ഏഴ് ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും, അടുത്ത 15 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

ജീവനക്കാരുടെ സാമ്പത്തിക സ്രോതസ്സുകളും കാണിക്കരേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടുകളും ക്ഷേത്ര രജിസ്റ്ററുകളും സംഘം അന്വേഷിക്കും. തട്ടിപ്പിന്റെ വ്യാപ്തി സംബന്ധിച്ച് ഇതിലൂടെ പ്രാഥമിക വിവരം ലഭിക്കും. ട്രസ്റ്റ് അംഗങ്ങളുമായി ജീവനക്കാർക്ക് ബന്ധമുണ്ടോ എന്നതും അന്വേഷണത്തിന് വിധേയമാക്കും. 18000 രൂപ മാത്രം ശമ്പളമുള്ള ജീവനക്കാർക്ക് വരെ കോടികളുടെ സ്വത്തുണ്ട് എന്ന് കണ്ടെത്തിയിരുന്നു.

വിഷയത്തിൽ ബിജെപിക്കെതിരെ സമാജ് വാദി പാർട്ടിയും കോൺഗ്രസും അടക്കമുള്ളവർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഡൽഹിയിൽ ഇന്ന് മാധ്യമങ്ങളെ കാണും.

അതിനിടെ, അന്വേഷണത്തിനായി എസ്‌ഐടി സംഘം അയോധ്യയിൽ എത്തിയപ്പോൾ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി അസുഖം ബാധിച്ച് വിശ്രമത്തിലാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ജലദോഷം പിടിപെട്ടതായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതായുമാണ് പറയുന്നത്. രാമക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര ചികിത്സക്കായി കേരളത്തിലേക്ക് പോയതായും റിപ്പോർട്ടിൽ പറയുന്നു.

Show Full Article
TAGS:ram temple ram temple scam Ram Temple Trust Ram Temple Ayodhya 
News Summary - SIT begins probe from cash-counting room at Ram temple
Next Story