വർഗീയതക്കെതിരായ ഇന്ത്യൻ പോർമുഖം
text_fieldsവർഗീയവാദത്തിനെതിരായ ഇന്ത്യൻ പോർമുഖങ്ങളിലൊന്നായിരുന്നു എക്കാലവും സീതാറാം. അടിമുടി കമ്യൂണിസ്റ്റായ മനുഷ്യരിൽ അവസാനത്തെ കണ്ണികളിലൊന്ന്. വർഗീയശക്തികളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൊണ്ടാണ് അദ്ദേഹം ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ടവനായി മാറിയത്. കോൺഗ്രസിനൊപ്പം ചേർന്നുനിന്ന് സംഘ്പരിവാർ വിരുദ്ധ പോരാട്ടം നയിക്കുന്നതിൽ എന്നും അദ്ദേഹം ബദ്ധശ്രദ്ധ പുലർത്തി.
എം.പിയായി ഡൽഹിയിലെത്തുന്ന കാലം തൊട്ട് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായത് മുതൽക്ക് ഞങ്ങൾ തമ്മിലുള്ള ബന്ധം ഏറെ ആഴത്തിലായി. ഇൻഡ്യ മുന്നണിയുടെ രൂപവത്കരണവേളയിലാണ് ആ ബന്ധത്തിന് തീവ്രതയുണ്ടാകുന്നത്. പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ മികവ് എടുത്തുപറയേണ്ടതാണ്.
സുപ്രധാന രാഷ്ട്രീയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഫോണിലോ നേരിട്ടോ ഞങ്ങൾ ആശയവിനിമയം നടത്തുമായിരുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്ത ബന്ധം മറ്റൊരു കമ്യൂണിസ്റ്റ് നേതാവിനും അവകാശപ്പെടാൻ കഴിയാത്തതാണ്. ഒന്നാം യു.പി.എ സര്‍ക്കാറും കമ്യൂണിസ്റ്റ് പാർട്ടികളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന കണ്ണിയായി വര്‍ത്തിച്ചതും യെച്ചൂരിയായിരുന്നു.
സി.പി.എമ്മിന്റെ എന്നും ചിരിക്കുന്ന മുഖമായിരുന്നു സീതാറാം യെച്ചൂരി. സംഘടനക്കുള്ളില്‍ കണിശതയും ആജ്ഞാശക്തിയും നിറഞ്ഞ നേതാവ് . സന്ദേഹങ്ങളില്ലാത്ത തീര്‍പ്പും തീരുമാനവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ബി.ജെ.പി നേതൃത്വം നൽകുന്ന വർഗീയ, ഫാഷിസ്റ്റ് ശക്തികൾക്കെതിരെ അവസാന ശ്വാസംവരെ പോരാടിയാണ് ആ യാത്ര. നികത്താൻ കഴിയാത്ത നഷ്ടത്തിന് ഹൃദയാഞ്ജലികൾ.