ഡോക്ടർമാർക്കൊപ്പം നിലകൊണ്ടില്ലെങ്കിൽ സമൂഹം പൊറുക്കില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മനുഷ്യ ജീവന് പ്രഥമ സംരക്ഷണം നൽകുന്നത് ഡോക്‌ടറാണെന്നും അവർക്കൊപ്പം നിലകൊള്ളുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്തില്ലെങ്കിൽ സമൂഹം നമ്മളോട് പൊറുക്കില്ലെന്നും സുപ്രീംകോടതി. കോവിഡ് മഹാമാരിയുടെ കാലയളവിൽ ജീവന്‍ ബലിയർപ്പിച്ച ആരോഗ്യ പ്രവർത്തകരെ മറക്കരുതെന്നും സമൂഹം അവരുടെ കാര്യങ്ങൾക്കായി നിലകൊള്ളണമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
സ്വകാര്യ ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, അംഗീകാരമില്ലാത്ത ആശുപത്രികൾ എന്നിവിടങ്ങളിൽ കോവിഡ് കാലയളവിൽ മരിച്ച ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഇൻഷുറൻസ് പോളിസികളിൽ ഉൾപ്പെടുത്താത്തതിനെതിരായ ഹരജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് അവരുടെ സേവനങ്ങൾ സംസ്ഥാനമോ കേന്ദ്ര സർക്കാറോ ആവശ്യപ്പെടുന്നില്ലെങ്കിൽ ഇൻഷുറൻസ് പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയില്ലെന്ന ബോംബെ ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹരജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഭർത്താവ് മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരമോ സഹായമോ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ നൽകിയ ഹരജിയിലായിരുന്നു ഹൈകോടതി വിധി. ഇവരുടെ ഭർത്താവിന്റെ ക്ലിനിക് കോവിഡ് കാലത്ത് മുഴുവൻ സമയവും തുറന്നു പ്രവർത്തിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ഇത്തരം സംഭവങ്ങൾ രാജ്യമാകെ ധാരാളമുള്ളതിനാൽ മറ്റ് ഹരജിക്കാരെയും ഒന്നിച്ച് കേൾക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ക്ലെയിമുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാന്‍ മാർഗനിർദേശം പുറപ്പെടുവിക്കും. അതിനായി സമാന്തരമായ മറ്റ് സ്കീമുകളുടെ വിവരങ്ങളും നൽകാന്‍ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് കോടതി നിർദേശിച്ചു.


