'അവർക്ക് വിഷാദരോഗമുണ്ടായിരുന്നു, അവർ അച്ഛനുമായി പതിവായി വഴക്കിട്ടിരുന്നു'; മുൻ ഡി.ജി.പിയുടെ കൊലപാതകത്തിന് പിന്നിൽ അമ്മയും സഹോദരിയുമെന്ന് മകൻ കാർത്തിക് പ്രകാശ്
text_fieldsഓം പ്രകാശും കുടുംബവും
ബംഗളുരു: കർണാടകയിലെ റിട്ട. ഡി.ജി.പി ഓം പ്രകാശിന്റെ മരണത്തിൽ അമ്മയും സഹോദരിയുമാണെന്ന് മകൻ കാർത്തിക് പ്രകാശ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. അമ്മയും സഹോദരിയും വിഷാദരോഗികളായിരുന്നെന്നും അവർ പതിവായി അച്ഛനുമായി വഴക്കിടുമെന്നും കാർത്തിക് പ്രകാശ് പറഞ്ഞു.
അച്ഛന്റെ കൊലപാതകത്തിൽ തന്റെ അമ്മയ്ക്കും അനുജത്തിക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി മകൻ പൊലീസിനോട് പറഞ്ഞു. അമ്മ പല്ലവി പ്രകാശ് കഴിഞ്ഞ ഒരാഴ്ചയായി പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ അച്ഛൻ ബംഗളുരുവിലെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയതായി കാർത്തിക് നൽകിയ പരാതിയിലുണ്ട്. രണ്ട് ദിവസം മുമ്പാണ് സഹോദരി കൃതി അച്ഛനെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയത്.
മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി അഡിഷണൽ പൊലീസ് കമ്മീഷണർ വികാസ് കുമാർ വികാസ് പറഞ്ഞു. ഞാറാഴ്ച്ച പൊലീസ് എത്തുന്നതിന് മുമ്പ് ഓം പ്രകാശിന്റെ ഭാര്യയെയും മകളെയും ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മൂന്ന് പേരുണ്ടായിരുന്നതായി ഞങ്ങൾക്ക് ഉറപ്പുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും മൂർച്ചയുള്ള ആയുധം കണ്ടെത്തിയതായി എ.സി.പി പറഞ്ഞു.
ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബാഗഹ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള ഓം പ്രകാശ്, ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നും പഠനം പൂർത്തിയാക്കിയ ഒരു എൽ.ഐ.സി ക്ലർക്കിന്റെ മകനായിരുന്നു. 1981ൽ ഐ.പി.എസ് ഉദ്യോഗസ്ഥനായ ശേഷം അദ്ദേഹം കർണാടകയിലേക്ക് താമസം മാറി ബല്ലാരി ജില്ലയിലെ അഡീഷണൽ സൂപ്രണ്ടായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2017ലാണ് അദ്ദേഹം ഔദ്യോഗികമായി വിരമിച്ചത്.