ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം; 25ഓളം പേർക്ക് പരിക്ക്
text_fieldsഹാസനിൽ നടന്ന അപകടത്തിന്റെ ദൃശ്യം
ഹാസൻ: കർണാടകയിൽ ഹാസനിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. 25ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം.
പത്തുപേരുടെ നില ഗുരുതരമാണ്. ദേശീയ പാത 373ൽ തിരക്കേറിയ മേഖലയിലാണ് ഗുഡ്സ് ട്രക്ക് ഘോഷയാത്രയിലേക്ക് പാഞ്ഞുകയറിയത്. അഞ്ചുപേർ സംഭവസ്ഥലത്തും മൂന്ന്പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഹാസനിലെ ഹൊളെനരാസിപുരയിലെ മൊസെയ്ൽ ഹോസഹള്ളിയിലാണ് ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്ന നിരവധി ആളുകളുടെ ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് വലിയ അപകടത്തില്‍ കലാശിച്ചത് എന്നാണ് വിവരം. നിയന്ത്രണം വിട്ട ട്രക്ക് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മൊസെയ്ൽ ഹോസഹള്ളി ഗ്രാമത്തിലെ ഗണേഷചതുർഥി ആഘോഷങ്ങളുടെ സമാപനമായി നടന്ന ഘോഷയാത്രയാണ് അപകടത്തിൽ കലാശിച്ചത്. രാത്രി 8.45ഓടെയായിരുന്നു സംഭവം. അപകടത്തിൽ പെട്ടവർ ഏറെയും യുവാക്കളാണെന്ന് പൊലീസ് വ്യക്തമാക്കി. ഘോഷ യാത്രാ സംഘത്തിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു ചെറുപ്പക്കാർക്കിടയിലേക്കാണ് ട്രക്ക് ഓടികയറിയതെന്ന് വീഡിയോകളിൽ വ്യക്തമാണ്.
കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, കേന്ദ്ര മന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവർ അനുശോചിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തിര സാഹമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.