Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ ലോക്കൽ ട്രെയിൻ...

മുംബൈ ലോക്കൽ ട്രെയിൻ യാത്രക്കിടെ കല്ലേറ്; യുവതിയുടെ കണ്ണിന് ഗുരുതര പരിക്ക്

text_fields
bookmark_border
മുംബൈ ലോക്കൽ ട്രെയിൻ യാത്രക്കിടെ കല്ലേറ്; യുവതിയുടെ കണ്ണിന് ഗുരുതര പരിക്ക്
cancel

മുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ യാത്രക്കിടെ യുവതിക്ക് നേരെ കല്ലേറ്. ദാദർ റെയിൽവേ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ട്രെയിനിന് നേരെ അജ്ഞാതൻ എറിഞ്ഞ കല്ല് കൊണ്ട് യുവതിയുടെ കണ്ണിനും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റു.

സി.എസ്.എം.ടിയിൽ നിന്നും ബദ്‌ലാപ്പൂരിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിൻ വൈകുന്നേരം 7:15-ഓടെ ദാദർ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ട്രാക്കിന് സമീപം നിന്നിരുന്ന ഒരാൾ ലേഡീസ് കമ്പാർട്ട്മെന്റിന് നേരെ കല്ലെറിയുകയായിരുന്നു. ട്രെയിനിന്റെ ജനാലക്കരികെ ഇരുന്നിരുന്ന യുവതിയുടെ വലത് കണ്ണിന് തൊട്ടുതാഴെയാണ് കല്ല് വന്ന് പതിച്ചത്. ആഘാതത്തിൽ യുവതിയുടെ മുഖത്ത്നിന്ന് രക്തം വന്നതോടെ മറ്റു യാത്രക്കാർ പരിഭ്രാന്തരായി.

ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയ ഉടൻ തന്നെ റെയിൽവേ അധികൃതരും റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രാഥമിക ചികിത്സക്ക് ശേഷം യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കണ്ടെത്താനായി റെയിൽവേ പൊലീസ് സ്റ്റേഷനിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മുംബൈ റെയിൽവേ ശൃംഖലയിൽ യാത്രക്കാരുടെ സുരക്ഷ വീണ്ടും ചോദ്യചിഹ്നമാവുകയാണ്. രണ്ട് മാസം മുമ്പ് ബാന്ദ്ര സ്റ്റേഷനിലും സമാനമായ രീതിയിൽ കല്ലേറുണ്ടായിരുന്നു. അന്ന് സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് പരിക്കേൽക്കുകയും പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. റെയിൽവേ ട്രാക്കുകൾക്ക് സമീപം നിന്ന് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നത് മുംബൈയിൽ പതിവാകുന്നത് നിത്യയാത്രക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ ഭീതിയിലാഴ്ത്തുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ഇത്തരം അക്രമങ്ങൾ തുടരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Show Full Article
TAGS:Crime Mumbai Latest News women train 
News Summary - Stone pelted during Mumbai local train journey; Woman suffers serious eye injury
Next Story