സ്കൂളിൽ പിസ്റ്റളുമായി വിദ്യാർഥി; പാക് അതിർത്തിക്കടുത്തുള്ള സ്കൂളിലാണ് സംഭവം
text_fieldsപ്രതീകാത്മക ചിത്രം
പഞ്ചാബ്: ഇന്ത്യ-പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള ഫിറോസ് പുരിലാണ് ഞെട്ടിക്കുന്ന ഒരു സംഭവം നടന്നത്. സ്കൂൾ വിദ്യാർഥി പുസ്തകങ്ങൾ കൊണ്ടുവന്ന ബാഗിലാണ് തോക്ക് കരുതിയിരുന്നത്. പിസ്റ്റളുമായി വിദ്യാർഥി സ്കൂൾ വളപ്പിൽ നടക്കുകയായിരുന്നു. ഫിറോസ് പുരിലെ ഗാട്ടി രാജോക്കെ ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
പിസ്റ്റൾ കൊണ്ടുവന്നത് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത് അയാളിൽ നിന്ന് പിസ്റ്റൾ പിടിച്ചെടുത്തു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് എവിടെ നിന്നാണ് പിസ്റ്റൾ ലഭിച്ചതെന്നും ഉദ്ദേശ്യമെന്താണെന്നും പൊലീസ് അന്വേഷിക്കുകയാണ്.അതിർത്തി ഗ്രാമമായ ഗാട്ടി രജോക്കെയിലെ സീനിയർ സെക്കൻഡറി സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിയിൽ നിന്നാണ് പിസ്റ്റൾ കണ്ടെടുത്തതെന്ന് ഡി.എസ്.പി സുഖ്‌വീന്ദർ സിംഗ് പറഞ്ഞു.
ഈ പിസ്റ്റൾ പഴയതാണ്. വിദ്യാർഥി എന്തിനാണ് പിസ്റ്റൾ സ്കൂളിലേക്ക് കൊണ്ടുവന്നതെന്നും എവിടെ നിന്ന് അത് ലഭിച്ചെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ ഭനേവാല ഗ്രാമത്തിലെ താമസക്കാരനാണ് പ്രായപൂർത്തിയാകാത്ത വിദ്യാർഥി. മറ്റ് വിദ്യാർഥികളെ ഭയപ്പെടുത്താൻ കൊണ്ടുവന്നതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഇറക്കുമതി ചെയ്ത ആയുധമല്ലെന്നും ഉത്തർപ്രദേശിൽനിന്നോ മറ്റ് സംസ്ഥാനങ്ങളിൽനിന്നോ കൊണ്ടുവന്നതാവാമെന്ന് പൊലീസ് അറിയിച്ചു. ഒരു സുഹൃത്താണ് പിസ്റ്റൾ നൽകിയതെന്ന് വിദ്യാർഥി അവകാശപ്പെടുന്നു. വിദ്യാർഥിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭാനേവാല എന്ന അതിർത്തി ഗ്രാമത്തിലെ താമസക്കാരനാണ് വിദ്യാർത്ഥിയെന്ന് ഗ്രാമവാസികൾ പറയുന്നു. ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽനിന്ന് ഏകദേശം അര കിലോമീറ്റർ മാത്രം അകലെയാണ് ഈഗ്രാമം. പാകിസ്താനിൽ നിന്നുള്ള ഡ്രോണുകൾ ആയുധങ്ങളും മയക്കുമരുന്നും വയലുകളിലേക്ക് വലിച്ചെറിയുന്നത് പതിവാണ്. യുവാക്കൾ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നതിനാലും ഈ പ്രദേശം പ്രത്യേക നിരീക്ഷണമേഖലയാണ്. 19 മുതൽ 22 വയസ്സുള്ള നിരവധി കൗമാരക്കാരെ ഹെറോയിനും ആയുധങ്ങളുമായി പൊലീസ് പലതവണ പിടികൂടിയിട്ടുണ്ട്.