സന്നദ്ധ സംഘടനകളെ അപമാനിക്കരുത്; വിദേശസഹായ വിലക്കിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനകൾക്ക് വിദേശ ധനസഹായം ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ റദ്ദാക്കുന്ന കേന്ദ്ര സർക്കാറിന്റെ പ്രവണതക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എല്ലൻ മെമോറിയൽ ട്രസ്റ്റ് എന്ന എൻ.ജി.ഒയുടെയും സഹ സംഘടനയുടെയും വിദേശ സഹായ നിയമ (എഫ്.സി.ആർ.എ) പ്രകാരമുള്ള രജിസ്ട്രേഷൻ പുതുക്കി നൽകണമെന്ന മദ്രാസ് ഹൈകോടതി വിധിക്കെതിരായ കേന്ദ്ര സർക്കാറിന്റെ ഹരജി തള്ളിയാണ് സുപ്രീംകോടതിയുടെ വിമർശനം.
കാര്യങ്ങളെ സങ്കീർണമാക്കി, സാമൂഹിക പ്രവർത്തനം നടത്തുന്ന സംഘടനകളെ അപമാനിക്കുന്ന നയം സ്വീകരിക്കരുതെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഓർമിപ്പിച്ചു. ജൂൺ 25നാണ് രജിസ്ട്രേഷൻ പുതുക്കി നൽകാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടത്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾ കേന്ദ്രീകരിച്ച് 1982 മുതൽ പ്രവർത്തിക്കുന്ന സംഘടനയാണ് എല്ലൻ ട്രസ്റ്റ്. എഫ്.സി.ആർ.എ നിയമ പ്രകാരം, 2016ലാണ് സംഘടന അവസാനമായി രജിസ്ട്രേഷൻ പുതുക്കിയത്. അഞ്ച് വർഷം കഴിഞ്ഞ് രജിസ്ട്രേഷൻ പുതുക്കാനായി ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നൽകിയെങ്കിലും അംഗീകരിച്ചില്ല. ഇതോടെ, സംഘടനക്ക് വിദേശത്തുനിന്ന് ധന സമാഹരണം നടത്തുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടു.
എഫ്.സി.ആർ.എ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം, വിദേശത്തുനിന്ന് ലഭിച്ച പണം മറ്റൊരു എൻ.ജി.ഒക്ക് കൈമാറാൻ പാടില്ല. എന്നാൽ, എല്ലൻ ട്രസ്റ്റ് സഹ സംഘടനക്ക് പണം നൽകിയത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരു എൻ.ജി.ഒകളുടെയും രജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കിയത്. എഫ്.സി.ആർ.എ നിയമത്തിൽ 2020ൽ ഭേദഗതി വരുത്തിയാണ് ഏഴാം വകുപ്പ് കൂട്ടിച്ചേർത്തത്. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച ചട്ടങ്ങളെക്കുറിച്ച വ്യക്തതക്കുറവും മറ്റും ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചത്.
സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത് സാങ്കേതിക പിഴവ് മാത്രമാണെന്നും ഗുരുതരമായ സാമ്പത്തിക തിരിമറികൾ നടത്തിയതിന് തെളിവില്ലെന്നും വ്യക്തമാക്കി രജിസ്ട്രേഷൻ പുതുക്കി നൽകാൻ ഹൈകോടതി കേന്ദ്രത്തോട് നിർദേശിക്കുകയായിരുന്നു. എഫ്.സി.ആർ.എ നിയമക്കുരുക്കിൽ അകപ്പെടുത്തി നിരവധി സന്നദ്ധ സംഘടനകൾക്ക് മോദി സർക്കാർ കൂച്ചുവിലങ്ങിട്ടത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.