Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാതി സെൻസസിൽ...

ജാതി സെൻസസിൽ തെറ്റില്ലെന്ന് സുപ്രീം കോടതി; പൊതുതാൽപര്യ ഹരജി തള്ളി

text_fields
bookmark_border
Supreme Court
cancel

ന്യൂഡൽഹി: രാജ്യമാകെ നടത്തുന്ന ജനസംഖ്യാ കണക്കെടുപ്പിന്‍റെ ഭാഗമായി സർക്കാർ ജാതി സെൻസസ് നടത്തുന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ എത്രപേരുണ്ടെന്നും അവർക്ക് എന്തൊക്കെ ക്ഷേമപദ്ധതികളാണ് ആവശ്യമെന്നും ഏതൊരു സർക്കാറിനും കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഇതൊരു നയപരമായ തീരുമാനമാണെന്നും വ്യക്തമാക്കി സെൻസസിൽ ജാതിതിരിച്ചുള്ള വിവരശേഖരണം ഉൾപ്പെടുത്തുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി തള്ളി.

സുധാകർ ഗുമ്മുല എന്ന വ്യക്തിയാണ്, 2027ലെ സെൻസസിൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. രാഷ്ട്രീയ പാർട്ടികളും കോർപറേറ്റ് സ്ഥാപനങ്ങളും ഇത്തരം ജാതി വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ വലിയ സാധ്യതയുണ്ടെന്നും ഇത്രയധികം ജാതി വിവരങ്ങൾ ശേഖരിക്കുന്നതിന് കൃത്യമായ ന്യായീകരണമില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. സർക്കാറിന്റെ പക്കൽ നിലവിൽ തന്നെ ആവശ്യത്തിന് വിവരങ്ങളുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

സെൻസസ് ജാതി അടിസ്ഥാനത്തിൽ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയുടെ പരിധിയിൽ വരുന്ന കാര്യമല്ലെന്നും അത് പൂർണമായും സർക്കാറിന്റെ നയപരമായ തീരുമാനമാണെന്നും കോടതി വിശദീകരിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ ചേർന്ന രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള കാബിനറ്റ് സമിതിയാണ് 2027ലെ സെൻസസിൽ ജാതി വിവരശേഖരണം ഉൾപ്പെടുത്താൻ തീരുമാനിച്ചത്. 2011ലെ സെൻസസ് വരെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ വിവരങ്ങൾ മാത്രമാണ് പ്രത്യേകം ശേഖരിച്ചിരുന്നത്. വീടുകളുടെ വിവരങ്ങളും ആസ്തികളും ശേഖരിക്കുന്നതാണ് സെൻസസിന്റെ ഒന്നാം ഘട്ടം. ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക വിവരങ്ങൾ ശേഖരിക്കുന്ന രണ്ടാം ഘട്ടത്തിലാണ് ജാതി വിവരങ്ങളും രേഖപ്പെടുത്തുക.

Show Full Article
TAGS:Caste Census Supreme Court Public interest litigation in India Dismissed 
News Summary - Supreme Court finds no fault in caste census; dismisses public interest litigation
Next Story