നിമിഷപ്രിയക്കായുള്ള ഹരജിയിൽ എ.ജിക്ക് നോട്ടീസ്; തിങ്കളാഴ്ച കേൾക്കും
text_fieldsന്യൂഡൽഹി: യമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളിയായ നിമിഷപ്രിയയെ രക്ഷിക്കാൻ കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി അറ്റോണി ജനറലിന് നോട്ടീസ് അയച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന നടപടി കൂടി മനസ്സിലാക്കി തിങ്കളാഴ്ച കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ് സുധൻഷു ദുലിയ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നിമിഷപ്രിയ ആക്ഷൻ ഫോറത്തിനു വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രൻ സമർപ്പിച്ച ഹരജിയിലാണ് നടപടി. ഈ മാസം 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്നാണ് വാർത്തകൾ വരുന്നതെന്നും വെള്ളിയാഴ്ച ഹരജി പരിഗണിച്ചാൽ ശനി, ഞായർ ദിവസങ്ങൾ കൂടി നയതന്ത്ര നീക്കങ്ങൾക്ക് ലഭിക്കുമെന്നും ആക്ഷൻ ഫോറത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഗേന്ദ് ബസന്ത് ബോധിപ്പിച്ചു.
എന്നാൽ, എ.ജിക്ക് നോട്ടീസ് നൽകാമെന്നും തിങ്കളാഴ്ച കോടതി പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ കേന്ദ്രം കൈക്കൊണ്ട നടപടികൾ അറിയാമെന്നും ജസ്റ്റിസ് ദുലിയ പറഞ്ഞു. അഭിഭാഷകരായ രാഗേന്ദും സുഭാഷും ഇത് അംഗീകരിച്ചു.