വഖഫ് മാറ്റേണ്ട; കേന്ദ്ര സർക്കാറിന്റെ ഉറപ്പ് ഉത്തരവാക്കി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രജിസ്റ്റർചെയ്തോ വിജഞാപനമിറക്കിയോ ഉപയോഗത്തിലൂടെയുള്ളതോ ആയ ഒരു വഖഫും വഖഫല്ലാതാക്കി വിജഞാപനമിറക്കില്ലെന്നും അതിന്റെ സ്വഭാവവും തൽസ്ഥിതിയും മാറ്റില്ലെന്നും കേന്ദ്രസർക്കാർ നൽകിയ ഉറപ്പ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവാക്കി. കേന്ദ്രസർക്കാർ അമുസ്ലിം അംഗങ്ങളെ നിയമിക്കാൻ ഉദ്ദേശിച്ചിരുന്ന കേന്ദ്ര വഖഫ് കൗൺസിലിലേക്കും സംസ്ഥാന വഖഫ് ബോർഡുകളിലേക്കും നിയമനം നടത്തില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പ് നൽകിയെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. മേയ് അഞ്ചിന് പ്രാഥമിക വാദം കേട്ട് ആവശ്യമെങ്കിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും അത് വരെയാണ് കേന്ദ്രത്തിന്റെ ഈ രണ്ട് ഉറപ്പുകളെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് കൂട്ടിച്ചേർത്തു.
ഇടക്കാല ഉത്തരവ് ഒരാഴ്ച മാറ്റിവെക്കണമെന്ന കേന്ദ്രസർക്കാർ വാദം തള്ളിയപ്പോഴാണ് ഉത്തരവിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ നിർദേശങ്ങൾ തങ്ങളുടെ ഭാഗത്തു നിന്നുള്ള ഉറപ്പായി രേഖപ്പെടുത്താമെന്ന നിർദേശം സോളിസിറ്റർ ജനറൽ മുന്നോട്ടുവെച്ചത്. ഏതെങ്കിലും സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ കേസ് വീണ്ടും പരിഗണിക്കുന്നത് വരെ വല്ല നിയമനവും നടത്തിയാൽ അതിന് നിയമസാധുതയുണ്ടാകില്ലെന്ന് സോളിസിറ്റർ ജനറൽ ഉറപ്പു നൽകിയിട്ടുണ്ടെന്നും ബെഞ്ച് തുടർന്നു. ബില്ലിനെതിരായ ഹരജികളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളും സംസ്ഥാന വഖഫ് ബോർഡുകളും ഒരാഴ്ചക്കകം മറുപടി നൽകണം.
പ്രത്യേക സ്ഥിതിവിശേഷമെന്ന് ചീഫ് ജസ്റ്റിസ്
കോടതികൾ നിയമനിർമാണങ്ങൾ സ്റ്റേ ചെയ്യാതിരിക്കാറാണ് പതിവെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദത്തോട് പ്രതികരിച്ചു. എന്നാൽ നിലവിലുള്ളത് പ്രത്യേക സ്ഥിതിവിശേഷമാണ്. നിയമത്തിലെ ചില വൈകല്യങ്ങൾ ഞങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിലെ കക്ഷികളുടെ അവകാശങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ നിലവിലുള്ള സാഹചര്യം മാറ്റാൻ കോടതി ഉദ്ദേശിക്കുന്നില്ല.
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രീംകോടതിയിൽ നിലനിൽക്കുമ്പോൾ സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ കോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ഭേദഗതി നിയമത്തിൽ പോസിറ്റീവായ ചിലതുണ്ടെന്നും നിയമം അപ്പാടെ സ്റ്റേ ചെയ്യുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ നിലനിൽക്കുന്ന സാഹചര്യം മാറ്റാൻ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ചെയ്യാൻ ഒരാൾ അഞ്ചു വർഷം ഇസ്ലാം വിശ്വാസം അനുഷ്ഠിക്കണമെന്നതടക്കമുള്ള വ്യവസ്ഥകൾ തങ്ങൾ സ്റ്റേ ചെയ്യുന്നില്ല. അന്തിമമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഉപയോഗത്താലുള്ള വഖഫ് രജിസ്റ്റർ ചെയ്തതാണെങ്കിൽ മാറ്റില്ലെന്നും കേന്ദ്ര വഖഫ് കൗൺസിലിലേക്കും സംസ്ഥാന വഖഫ് ബോർഡുകളിലേക്കും നിയമനം നടത്തില്ലെന്നും താൻ ഉറപ്പു നൽകാമെന്ന് മേത്ത പറഞ്ഞപ്പോൾ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതുകൊണ്ടായില്ലെന്നും നിയമം നടപ്പായതിനാൽ സംസ്ഥാന സർക്കാറുകൾ നടപടികളുമായി മുന്നോട്ടുപോകുമെന്നും കോടതി ചൂണ്ടിക്കാട്ടി. എങ്കിൽ ആ നിയമനം സാധുവാകില്ലെന്ന് മേത്ത മറുപടി നൽകി.
ഉത്തരവ് ഒരാഴ്ചത്തേക്ക് നീട്ടൂ -തുഷാർ മേത്ത
ബുധനാഴ്ച ഒരുദിവസം മാത്രം ഇടക്കാല ഉത്തരവ് മാറ്റിവെക്കാൻ ആവശ്യപ്പെട്ട കേന്ദ്രസർക്കാർ വ്യാഴാഴ്ച ഒരാഴ്ചത്തേക്ക് മാറ്റിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും പാർലമെന്റിന്റെ നിയമനിർമാണം സ്റ്റേ ചെയ്യുകയെന്ന അത്യസാധാരണമായ നടപടിക്കാണ് സുപ്രീംകോടതി മുതിരുന്നതെന്ന് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.
ഗൗരവമേറിയതും കഠിനവുമായ നടപടിയാണിത്. സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ച വ്യവസ്ഥകൾക്ക് ആധാരമാക്കിയ വസ്തുതകളും രേഖകളും ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാം. ഇടക്കാല ഉത്തരവ് ഒരാഴ്ച മാറ്റിവെച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നും തുഷാർ മേത്ത വാദിച്ചു.