അവിടെ എന്താണ് പ്രശ്നം? വിദ്യാർഥി ആത്മഹത്യകളിൽ ഐ.ഐ.ടി ഖരഗ്പൂരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
text_fieldsകൊൽക്കത്ത: ഐ.ഐ.ടി ഖരഗ്പൂരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കാമ്പസിൽ വിദ്യാർഥി ആത്മഹത്യകൾ വർധിക്കുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. 'ഐ.ഐ.ടി കെ.ജി.പിയിൽ എന്താണ് പ്രശ്നം? വിദ്യാർഥികൾ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്? നിങ്ങൾ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?' -കോടതി ചോദിച്ചു.
ഐ.ഐ.ടി ഖരഗ്പൂരിലെയും ശാരദ സർവകലാശാലയിലെയും വിദ്യാർഥി ആത്മഹത്യകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇരു സ്ഥാപനങ്ങളും അവരുടെ പ്രതികരണങ്ങൾ സമർപ്പിക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഒരു മാസം മുമ്പ് നാലാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത അതേ ദിവസം തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഐ.ഐ.ടി ഖരഗ്പൂർ സുപ്രീം കോടതിയെ മറുപടിയായി അറിയിച്ചു.
വിദ്യാർഥി ആത്മഹത്യ കേസുകളിൽ മാർച്ച് 24ലെ കോടതി വിധി പ്രകാരം പൊലീസിനെ ഉടൻ അറിയിച്ചിരുന്നോ എന്നും പ്രഥമ വിവര റിപ്പോർട്ടുകൾ ഫയൽ ചെയ്തിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐ.ഐ.ടി ഖരഗ്പൂരിൽ നിന്നും ശാരദ സർവകലാശാലയിൽ നിന്നും സുപ്രീം കോടതി റിപ്പോർട്ട് തേടിയത്. മുമ്പത്തേതിനെക്കാൾ അധിക സുരക്ഷ നടപടികൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്ന് ഐ.ഐ.ടി ഖരഗ്പൂർ സത്യവാങ്മൂലത്തിൽ പറഞ്ഞു.