വെട്ടിയ വോട്ടർമാർക്ക് ഫോം 6 എന്തിന് നൽകി? തെരഞ്ഞെടുപ്പ് കമീഷനെ കുടഞ്ഞ് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയവരോട്, 18 വയസ്സ് പൂർത്തിയായ പുതിയ വോട്ടർമാർക്ക് മാത്രമുള്ള ഫോം 6 നിയമവിരുദ്ധമായി സമർപ്പിക്കാൻ പറഞ്ഞതെന്തിനാണെന്ന് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.
വോട്ടവകാശം നിർണായക ജനാധിപത്യാവകാശം ആണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സുപ്രീംകോടതി ഓർമിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഈ നിയമവിരുദ്ധ പ്രവൃത്തിയിലൂടെ ലക്ഷക്കണക്കിന് പഴയ വോട്ടർമാരെ കൊണ്ട് തങ്ങൾ പുതിയ വോട്ടർമാരാണെന്ന വ്യാജ ‘സത്യപ്രസ്താവന’ നടത്തിച്ച് വോട്ടർപട്ടികയിൽ കയറ്റിയ കമീഷൻ അതേ കളി ഡൽഹി എസ്.ഐ.ആറിലും ആവർത്തിക്കുന്നതുകണ്ടാണ് സുപ്രീംകോടതി ഇടപെട്ടത്.
അതോടെ വിലാസം മാറിയവർക്കും താൽക്കാലികമായി പുറത്തുപോയവർക്കും ഫോം-8 അല്ലെങ്കിൽ എന്യൂമറേഷൻ ഫോം നൽകുന്നത് പരിഗണിക്കാമെന്ന് കമീഷൻ ബോധിപ്പിച്ചു.
ഡൽഹിയിലെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനക്കിടെ കരട് വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരോട് പുതിയ വോട്ടർമാർക്കുള്ള ഫോം-6 സമർപ്പിക്കാൻ ആവശ്യപ്പെടുന്നതെന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചു.
ഫോം-6 ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്ക് വേണ്ടിയുള്ളതാണെന്നും മുമ്പൊരിക്കലും വോട്ട് ചെയ്തിട്ടില്ലെന്ന് അത് പൂരിപ്പിക്കുന്നയാൾ പ്രഖ്യാപിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഇതിനകം വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നവരോട് അത്തരമൊരു പ്രഖ്യാപനം ആവശ്യപ്പെടുന്നത് പ്രശ്നമാണ്. പകരം വിലാസ മാറ്റം രേഖപ്പെടുത്തുന്നതിനുള്ള ഫോം-8 അതല്ലെങ്കിൽ എന്യൂമറേഷൻ ഫോം എന്നിവയിൽ ഏതെങ്കിലുമൊന്ന് സമർപ്പിക്കാൻ അവസരം നൽകാമായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു.
ഡൽഹിയിലെ കളി കാണിച്ച് പ്രശാന്ത് ഭൂഷൺ
വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യൂമറേഷൻ ഫോമുകൾ ലഭിക്കാത്തതിനാൽ നിരവധി പേരുടെ പേര് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി ഹരജിക്കാർക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
47 ലക്ഷം പേരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ 43 ലക്ഷം പേരെ സ്ഥിരമായി മാറിപ്പോയവരോ ഹാജരാകാത്തവരോ ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇവരിൽ പലർക്കും എന്യൂമറേഷൻ ഫോം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.
വിലാസം മാറിയവർക്കോ ജോലിസംബന്ധമായി താൽക്കാലികമായി നഗരത്തിന് പുറത്തായിരുന്നവർക്കോ ഫോം ലഭിക്കാതിരുന്നിരിക്കാമെന്ന് കോടതി ഇതിനോട് പ്രതികരിച്ചു.
പരിഹാരം കാണാമെന്ന് കമീഷൻ
നിയമവിരുദ്ധ പ്രവൃത്തിയെ ന്യായീകരിക്കാനാകാതെ പരുങ്ങലിലായ തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകൻ ദാമ ശേശാദ്രി നായിഡു കോടതിയുടെ ആശങ്കകൾ പരിഗണിച്ച് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കാമെന്നും, സമയപരിധി നീട്ടുന്നതടക്കമുള്ള സാധ്യതകൾ പരിശോധിക്കാമെന്നും ബോധിപ്പിച്ചു.
രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും മുമ്പ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ പ്രശ്നം പരിഹരിക്കാൻ കമീഷൻ നടപടികൾ ആലോചിക്കുമെന്ന് കോടതിയിൽ അറിയിച്ചു. വിലാസം മാറിയ വോട്ടർമാർക്കായി പ്രത്യേക സംവിധാനം ഒരുക്കുന്ന കാര്യവും കമീഷൻ പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വോട്ടവകാശം നിർണായക ജനാധിപത്യാവകാശം
വോട്ടവകാശം നിർണായക ജനാധിപത്യാവകാശമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സുപ്രീംകോടതി ഓർമിപ്പിച്ചു. ഒരു ഫോം സമർപ്പിക്കാൻ സാധിക്കാത്തതിന്റെ പേരിൽ ഒരാൾക്ക് വോട്ടർ പട്ടികയിൽ തിരിച്ചെത്താനുള്ള അവസരം നിഷേധിക്കാനാകില്ലെന്നും ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ച് അവർക്കെല്ലാം ബൂത്ത് ലെവൽ ഓഫിസർ(ബി.എൽ.ഒ)മാരെ സമീപിക്കാൻ അവസരം നൽകണമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.


