‘ദിവസവും നൂറുകണക്കിന് തെരുവുനായ ആക്രമണം’: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ അക്രമങ്ങളില്‍ സുപ്രീംകോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തു. ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചത്.
ഡല്‍ഹിയില്‍ ദിവസവും നൂറുകണക്കിന് തെരുവുനായ ആക്രമണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച്, ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത ഭയപ്പെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതും ആണെന്നും പറഞ്ഞു. കടിയേല്‍ക്കുന്ന കുട്ടികളും പ്രായമായവരും ഉള്‍പ്പടെ പലരും പേവിഷബാധിതരാകുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തുടര്‍നടപടികള്‍ക്കായി കേസ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് മുമ്പാകെ സമര്‍പ്പിക്കാനും സുപ്രീം കോടതി രജിസ്ട്രിയോട് ബെഞ്ച് നിര്‍ദേശിച്ചു.
കുട്ടികളെ തെരുവുനായകൾ വ്യാപകമായി ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയുടെ ഡൽഹി പതിപ്പിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടികളും പ്രായമായവവും വാക്സിനേഷൻ എടുക്കാത്ത തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നതെങ്ങനെയെന്നും അവയിൽ പലതും പേവിഷബാധ മരണങ്ങൾക്ക് കാരണമാകുന്നതെങ്ങനെയെന്നും ലേഖനത്തിൽ വിശദീകരിക്കുന്നു.