തെരഞ്ഞെടുപ്പ് കമീഷനെതിരെ 48 ചോദ്യങ്ങളുമായി ഇൻഡ്യ മുന്നണി; ഹരജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും
text_fieldsതെരഞ്ഞെടുപ്പ് കമീഷണർമാർ
ന്യൂഡൽഹി: രാജ്യമൊട്ടാകെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച സുപ്രധാന ചോദ്യങ്ങൾക്ക് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറും കമീഷനും ഉത്തരം നൽകാത്തതിനാൽ അവരെക്കൊണ്ട് മറുപടി പറയിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇൻഡ്യ സഖ്യവും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
കമീഷന്റെ സത്യവാങ്മൂലത്തിന് മറുപടിയായി സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് 48 ചോദ്യങ്ങൾക്ക് ഗ്യാനേഷ് കുമാറിനെക്കൊണ്ടും കമീഷനെക്കൊണ്ടും സുപ്രീംകോടതി തന്നെ ഉത്തരം പറയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനങ്ങളിലും രാജ്യവ്യാപക പ്രക്ഷോഭത്തിലും വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളാണ് ഇതോടെ കോടതിയിലേക്കെത്തുന്നത്.
48 ചോദ്യങ്ങളുടെ പട്ടിക സമർപ്പിച്ച കാര്യം സമൂഹ മാധ്യമമായ എക്സിലൂടെയാണ് കോൺഗ്രസ് പുറത്തുവിട്ടത്. വോട്ടർമാരെ അന്യായമായി വെട്ടിമാറ്റിയെന്ന ആക്ഷേപത്തിന് കമീഷൻ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ലാത്തിനാൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും രാഹുൽ ഗാന്ധിയും കോൺഗ്രസും ആവശ്യപ്പെട്ടു.
ഉന്നയിച്ച പ്രധാന ചോദ്യങ്ങൾ
*മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് കമീഷണർമാരും എസ്.ഐ.ആർ നടപടിക്ക് എപ്പോൾ, എങ്ങനെ അംഗീകാരം നൽകി? ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളും യോഗ മിനുട്സും എവിടെ?
*എസ്.ഐ.ആർ സംബന്ധിച്ച തീരുമാനങ്ങൾ ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ കമീഷൻ കൂട്ടായി എടുത്തതാണോ? അല്ലെങ്കിൽ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി എടുത്തതോ?
*തെരഞ്ഞെടുപ്പ് കമീഷനിലെ മറ്റ് രണ്ട് കമീഷണർമാർ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഏതെങ്കിലും തീരുമാനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടോ? അത്തരമൊരു വിയോജിപ്പുണ്ടെങ്കിൽ അതിന്റെ രേഖകൾ എവിടെ?
*എസ്.ഐ.ആർ നടപ്പാക്കുന്നതിനുമുമ്പ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും മറ്റ് അംഗീകൃത രാഷ്ട്രീയ പാർട്ടികളെയും ഔദ്യോഗികമായി മുൻകൂട്ടി അറിയിച്ചിരുന്നോ?
*ഒരു സംസ്ഥാനത്തോ ചില മേഖലകളിലോ മാത്രം നടപ്പാക്കിയാൽ മതിയാകുന്ന എസ്.ഐ.ആർ രാജ്യത്തൊട്ടാകെ നടപ്പാക്കാൻ തീരുമാനമെടുത്തത് ആരാണ്? അതിന് പിന്നിലെ കാരണം എന്താണ്?
*വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രധാന രേഖയായ ഫോം-6ൽ മാറ്റം വരുത്താൻ തീരുമാനിച്ചത് ആരാണ്? അതിന്റെ നിയമപരവും ഭരണപരവുമായ അടിസ്ഥാനമെന്താണ്?
*വോട്ടർ പട്ടികയിൽനിന്ന് മരണപ്പെട്ടവരുടെയും കുടിയേറിയവരുടെയും അടക്കം പേരുകൾ ഒഴിവാക്കുന്നതിനുള്ള മാനദണ്ഡം എന്തായിരുന്നു? എത്ര പേരെ ഒഴിവാക്കി? അവ പരിശോധിക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചത്?
*മരണപ്പെട്ടവരെന്നും മറ്റിടങ്ങളിലേക്ക് താമസം മാറിയവരെന്നും ചൂണ്ടിക്കാട്ടി ഒഴിവാക്കിയ വോട്ടർമാരെ തിരിച്ചറിയാൻ ഉപയോഗിച്ച ഡേറ്റയുടെ ഉറവിടം എന്ത്?



