സോനം വാങ്ചുകിനായി ഭാര്യ നൽകിയ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
text_fieldsഗീതാഞ്ജലി അംഗ്മോ
ന്യൂഡൽഹി: പൂർണ സംസ്ഥാന പദവിക്കായി ലഡാകിൽ നിരാഹാര സമരം നയിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശസുരക്ഷാ നിയമം ചുമത്തി ജയിലിലടച്ച പ്രമുഖ പരിസ്ഥിതി, വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിന്റെ മോചനത്തിനായി ഭാര്യ ഗീതാഞ്ജലി അംഗ്മോ സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. അതേസമയം, പൊലീസ് വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിനെക്കുറിച്ച് സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്നും അതുണ്ടാകുന്നതുവരെ അഴിക്കുള്ളിൽ തുടരാൻ തയാറെടുക്കുകയാണെന്നും ജോധ്പുർ ജയിലിൽ തന്നെ വന്നുകണ്ട അഭിഭാഷകർ വഴി ലഡാകിലെ സമരക്കാർക്ക് നൽകിയ സന്ദേശത്തിൽ വാങ്ചുക് വ്യക്തമാക്കി.
സെപ്റ്റംബർ 26ന് അറസ്റ്റ് ചെയ്ത് ദേശസുരക്ഷാനിയമം ചുമത്തി ജോധ്പൂർ ജയിലിൽ അടച്ച സോനം വാങ്ചുകിനെ മോചിപ്പിക്കാൻ ഭരണഘടനയുടെ 32ാം അനുച്ഛേദപ്രകാരം സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിഗണിക്കുക.
ലഡാക്കിന് സമ്പൂർണ സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള സംരക്ഷണവും ആവശ്യപ്പെട്ട് നിരാഹാര സമരം നയിക്കുകയായിരുന്ന സോനം വാങ്ചുവിനെ സെപ്റ്റംബർ 24ന് ലഡാക്കിൽ ഉണ്ടായ സംഘർഷങ്ങളുടെ പേരിൽ കിരാത നിയമം ചുമത്തി ജയിലിൽ അടക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ഭർത്താവിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് പോലും അറിയില്ലെന്നും ഗീതാഞ്ജലി ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഭർത്താവിനെ നേരിൽ കാണാനും ഫോണിൽ സംസാരിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗീതാഞ്ജലി ആഭ്യന്തരമന്ത്രാലയം, ലഡാക്ക് ഭരണകൂടം, ലേ ഡെപ്യൂട്ടി കമീഷണർ, ജോധ്പൂർ ജയിൽ സൂപ്രണ്ട് എന്നിവർക്ക് അപേക്ഷ നൽകിയിട്ടുമുണ്ട്.
കഴിഞ്ഞ മാസം 24ന് സമരക്കാരെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്നാണ് ക്ഷുഭിതരായ ജനം ബി.ജെ.പി ഓഫിസിനും ബി.ജെ.പി ഭരിക്കുന്ന ലഡാക് ഹിൽ കൗൺസിൽ ആസ്ഥാനത്തിനും നേരെ അക്രമം നടത്തിയത്. തുടർന്ന് പൊലീസ് നടത്തിയ വെടിവെപ്പിൽ റിട്ട. ജവാൻ അടക്കം നാലുപേർ കൊല്ലപ്പെട്ടിരുന്നു.