ആധാർ പൗരത്വ രേഖയായി അംഗീകരിക്കണം, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണം; തെരഞ്ഞെടുപ്പ് കമീഷന് തിരിച്ചടിയായി ബിഹാർ വോട്ടർ പട്ടിക പരിഷ്‍കരണത്തിൽ സുപ്രീംകോടതി ഇടപെടൽ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന് കനത്ത തിരിച്ചടിയായ നടപടിയിൽ, ബിഹാറിലെ കരട് വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റിയ 65 ലക്ഷം വോട്ടർമാരുടെ പേരുവിവരം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. മരണം, കുടിയേറ്റം, ഇരട്ടവോട്ട് തുടങ്ങി എന്തു കാരണത്താലാണ് ഓരോ വോട്ടറെയും വെട്ടിമാറ്റിയതെന്ന് പട്ടികയിൽ രേഖപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ എ. സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
കമീഷന്റെ നിലപാട് തള്ളിയ മറ്റൊരു നീക്കത്തിൽ, വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള പൗരത്വ രേഖയായി ആധാർ കാർഡ് ഉൾപ്പെടുത്തണമെന്നും ഇക്കാര്യം ബിഹാറിലുടനീളം വ്യാപകമായി പരസ്യപ്പെടുത്തണമെന്നും ഉത്തരവ് വ്യക്തമാക്കി. ഓരോ ജില്ലയിലും വെട്ടിമാറ്റിയ പേരുകൾ ബിഹാർ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിനുപുറമെ അതത് ജില്ലകളിലെ ജില്ല ഇലക്ടറൽ ഓഫിസർമാരുടെ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. ഇത് എപിക് നമ്പറുകൾ പ്രകാരം പരിശോധിക്കാവുന്ന തരത്തിലായിരിക്കണം. കൂടാതെ വോട്ടുകൾ വെട്ടിമാറ്റിയവരുടെ ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലുള്ള പട്ടികകൾ അതത് ഓഫിസുകളിൽ ലഭ്യമാക്കണം.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനുവേണ്ടി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഇത്തരമൊരു ആവശ്യമുന്നയിച്ചിരുന്നത്. വെട്ടിമാറ്റിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ നിയമപരമായി തങ്ങൾക്ക് ബാധ്യതയില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട് സുപ്രീംകോടതി തള്ളി. വോട്ടർപട്ടികയിൽനിന്ന് ആരെയാണ് വെട്ടിയതെന്നും അതിന്റെ കാരണമെന്താണെന്നും വെളിപ്പെടുത്തുന്നത് വോട്ടർമാരുടെ ആത്മവിശ്വാസമേറ്റുമെന്ന് കമീഷന്റെ അഭിഭാഷകനായ രാകേഷ് ദ്വിവേദിയോട് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷനെ കുറിച്ചുള്ള അഭിപ്രായം മാറ്റാനും അതുപകരിക്കും.
വെട്ടിമാറ്റിയവരുടെ പേരുകൾ ഓരോ രാഷ്ട്രീയ പാർട്ടികളുടെയും ബൂത്തുതല ഏജന്റ്(ബി.എൽ.ഒ)മാർക്ക് നൽകിയിട്ടുണ്ടെന്ന കമീഷൻ വാദം കോടതി അംഗീകരിച്ചില്ല. ഇതറിയാൻ ഓരോ വോട്ടർക്കും അവകാശമുണ്ടെന്നും അതിന് പാർട്ടികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും ബെഞ്ച് വ്യക്തമാക്കി.
വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയവരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷക്കൊപ്പം ആധാർ കാർഡ് സമർപ്പിച്ചാൽ മതി.
ഈ വിവരങ്ങൾ ബിഹാറിൽ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലൂടെയും റേഡിയോ, ടെലിവിഷൻ എന്നിവയിലൂടെയും പരസ്യപ്പെടുത്തണമെന്നും നിർദേശിച്ചു. സുപ്രീംകോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആധാർ കാർഡ് പൗരത്വം തെളിയിക്കാനുള്ള രേഖകളുടെ കൂട്ടത്തിൽ കമീഷൻ ഉൾപ്പെടുത്താതിരുന്ന സാഹചര്യത്തിലാണ് നിയമം കൊണ്ട് സ്ഥാപിതമായ തിരിച്ചറിയൽ കാർഡ് ആണെന്ന് ഓർമിപ്പിച്ച് ആധാർ ഉൾപ്പെടുത്താൻ ബെഞ്ച് ഉത്തരവിട്ടത്. ഹരജികൾ അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.