എസ്.ഐ.ആർ: കേരളത്തിന്റെ ഹരജി 26ന്
text_fieldsന്യൂഡൽഹി: പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നത്‍ വരെയെങ്കിലും കേരളത്തിൽ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണം (എസ്.ഐ.ആർ) മാറ്റിവെക്കണമെന്ന സംസ്ഥാന സർക്കാറിന്റെയും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യത്തിൽ പ്രതികരണം അറിയിക്കാൻ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചു.
എസ്.ഐ.ആറിനെതിരെ കേരള സർക്കാറിന്റെയും മുസ്‍ലിം ലീഗിന്റെയും സി.പി.എമ്മിന്റെയും ഹരജികൾ ഈ മാസം 26ന് പരിഗണിക്കാമെന്ന് വ്യക്തമാക്കിയ നിയുക്ത ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തർപ്രദേശ്, പോണ്ടിച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള ഹരജികൾ ഒരു മാസം കഴിഞ്ഞേ കേൾക്കൂ എന്നും വ്യക്തമാക്കി.
പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച്
ബിഹാറിൽ എസ്.ഐ.ആറുമായി മുന്നോട്ടുപോകാൻ അനുവദിച്ച ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ എസ്.ഐ.ആറുകൾക്കെതിരെ വന്ന ഹരജികളും പരിഗണിക്കുന്നത്. ആ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിക്കൊപ്പം ജസ്റ്റിസ് എസ്.വി.എൻ. ഭാട്ടി കൂടിയുണ്ട്.
മൂന്നംഗ ബെഞ്ചിന് മുമ്പാകെ എസ്.ഐ.ആർ ഹരജികൾ എത്തിയപ്പോൾതന്നെ ഒരാഴ്ചക്കുള്ളിൽ മറുപടി കിട്ടാവുന്ന തരത്തിൽ തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയക്കാമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ഹരജി 26ന് തന്നെ കേൾക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. അത് അംഗീകരിച്ചാണ് കേരളത്തിന്റെ മാത്രം കാര്യം 26ന് കേൾക്കാമെന്നും ഉത്തർപ്രദേശിലെയും മറ്റും ഹരജി ഡിസംബർ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയിലെ ഒരു ബുധനാഴ്ച കേൾക്കാമെന്നും സുപ്രീംകോടതി അറിയിച്ചത്.


