പുണ്യസ്നാനം നടത്താതെ സ്വാമി അവിമുക്തേശ്വരാനന്ദ് മടങ്ങി; യു.പിയിൽ രാഷ്ട്രീയവിവാദം
text_fieldsലഖ്നോ: പ്രയാഗ്രാജിൽ നടക്കുന്ന മാഘ് മേളയിൽ പുണ്യസ്നാനം നടത്താതെ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി മടങ്ങിയതിൽ യു.പിയിൽ രാഷ്ട്രീയവിവാദം. മാഘ്മേളയോട് അനുബന്ധിച്ചാണ് അവിമുക്തേശ്വരാനന്ദ് സരസ്വതി ത്രിവേണി സംഗമത്തിൽ പുണ്യസ്നാനത്തിന് എത്തിയത്. ഒരു പല്ലക്കിലായിരുന്നു അദ്ദേഹം യാത്ര ചെയ്തത്.
ജനുവരി 18ന് മേളക്കെത്തിയ അദ്ദേഹത്തോട് പൊലീസ് പല്ലക്കിൽ നിന്നിറങ്ങി നടന്നുപോയി സ്നാനം നിർവഹിച്ച് മടങ്ങണമെന്ന് നിർദേശിച്ചു. മാഘമേളയിലെ തിരക്ക് പരിണഗിച്ചായിരുന്നു നിർദേശം നൽകിയത്. അല്ലെങ്കിൽ അന്നത്തെ സ്നാനം മറ്റൊരു ദിവസം എത്തണമെന്നും പൊലീസ് നിർദേശിച്ചു. എന്നാൽ, പൊലീസ് നിർദേശത്തിന് വഴങ്ങാൻ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി തയാറായില്ല.
തുടർന്ന് പൊലീസും അദ്ദേഹത്തിന്റെ അനുയായികളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ പത്ത് ദിവസം മാഘ്മേള നടക്കുന്ന സ്ഥലത്ത് പ്രതിഷേധിച്ച ശേഷം ജനുവരി 28നാണ് അദ്ദേഹം തിരികെ പോയത്. സംഭവത്തിന് പിന്നാലെ യു.പി സർക്കാറിനെ വിമർശിച്ച് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ബി.ജെ.പിക്ക് അധികാരത്തിന്റെ തിമിരം ബാധിച്ചിരിക്കുകയാണെന്നും ശങ്കരചാര്യ സമൂഹത്തിന് മുഴുവൻ സങ്കടമുണ്ടാക്കുന്ന കാര്യമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശങ്കരാചര്യസമൂഹത്തിന് മുഴുവൻ വേദനയുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ശങ്കരാചാര്യരും അനുയായികളും ബാരിക്കേഡ് പൊളിച്ച് വരികയായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് പൊലീസ് നൽകുന്ന വിശദീകരണം.


