‘പിടിച്ചതിനെ വിട്ട് പറക്കുന്നതിനെ പിടിക്കണോ?’, വിജയ്ക്കൊപ്പം ചേരാൻ മോഹിച്ച് തമിഴ്നാട് കോൺഗ്രസ് നേതാക്കൾ; ഡി.എം.കെയുമായുള്ള ആത്മബന്ധം തുടരുമോ?
text_fieldsവിജയ് ടി.വി.കെ റാലിയിൽ
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് അടുത്ത വർഷം കളമൊരുങ്ങുകയാണ്. വെള്ളിത്തിരയിൽ തിളങ്ങിനിന്ന താരചക്രവർത്തി വിജയ് അഭിനയത്തിൽനിന്ന് വിടപറഞ്ഞ് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാവും അത്. ഇളയ ദളപതിയുടെ രംഗപ്രവേശത്തോടെ സമവാക്യങ്ങൾ കൂടുതൽ സങ്കീർണമായ തമിഴകത്ത് പുതിയ ഉൾപ്പിരിവുകളും ചേരിതിരിവുകളും സൃഷ്ടിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
വിജയിയുടെ പുതിയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) ആർക്കൊപ്പം ചേർന്ന് മത്സരിക്കുമെന്നാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉയരുന്ന പ്രധാന ചോദ്യം. പാർട്ടി രൂപവത്കരണം മുതൽ ജനസഹസ്രങ്ങളെ ആകർഷിക്കുന്ന വിജയ്, വരുന്ന തെരഞ്ഞെടുപ്പിൽ നിർണായക സാന്നിധ്യമാകുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ബി.ജെ.പി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ടി.വി.കെക്ക് കോൺഗ്രസുമായി സഖ്യം രൂപവത്കരിക്കുന്നതിനോട് ഏറെ താൽപര്യമുള്ളതായാണ് അണിയറ സംസാരം. എന്നാൽ, ഡി.എം.കെയുമായും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും ആത്മബന്ധം പുലർത്തുന്ന കോൺഗ്രസ് നേതൃത്വം മറിച്ചൊരു തീരുമാനമെടുക്കാൻ സാധ്യത വളരെ കുറവാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയും കോൺഗ്രസും നയിച്ച മുന്നണി തമിഴ്നാട്ടിൽ മികച്ച വിജയമാണ് നേടിയതും.
അതേസമയം, ഡി.എം.കെ മുന്നണി വിട്ട് വിജയിയുടെ പാർട്ടിയുമായി സഖ്യം സ്ഥാപിക്കാൻ കോൺഗ്രസിനുള്ളിൽ ഒട്ടേറെ നേതാക്കന്മാർ താൽപര്യം കാട്ടുന്നതായാണ് റിപ്പോർട്ട്. ടി.വി.കെക്ക് ലഭിക്കുന്ന ജനപിന്തുണയും കൂടുതൽ സീറ്റുകളിൽ മത്സരിക്കാമെന്നതുമൊക്കെയാണ് അവരെ പ്രലോഭിപ്പിക്കുന്നത്.
കോൺഗ്രസ് ലെജിസ്ലേറ്റിവ് പാർട്ടി ലീഡറും കിള്ളിയൂർ എം.എൽ.എയുമായ എസ്. രാജേഷ് കുമാർ ഡി.എം.കെ സഖ്യത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ പാർട്ടി എം.എൽ.എമാർക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2021ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 21 സീറ്റുകളിലാണ് കോൺഗ്രസ് ഡി.എം.കെ മുന്നണിയിൽ മത്സരിച്ചത്. ഇക്കുറി കൂടുതൽ സീറ്റുകൾ പാർട്ടിക്ക് അനുവദിക്കണമെന്ന് ചില നേതാക്കൾ ആവശ്യമുന്നയിക്കുന്നുണ്ട്. ഒപ്പം ഭരണത്തിൽ പങ്കാളിത്തം വേണമെന്നും അവർ കർശന നിലപാടെടുത്തു തുടങ്ങുകയാണ്.
ആറു പതിറ്റാണ്ടുമുമ്പാണ് കോൺഗ്രസ് തമിഴ്നാട്ടിൽ ഭരണം കൈയാളിയിരുന്നത്. പിന്നീട് ഒരിക്കൽപോലും സംസ്ഥാന ഭരണം എത്തിപ്പിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സഖ്യകക്ഷി രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പ് വിജയങ്ങളിൽ പങ്കാളിയാകുന്നുവെങ്കിലും പാർട്ടി സംവിധാനം തമിഴകത്ത് ഏറെ ശോഷിച്ചിരിക്കുന്നുവെന്ന് നേതാക്കൾ തിരിച്ചറിയുന്നുണ്ട്. താഴേത്തട്ടിൽ സംഘടനാ സംവിധാനം ദുർബലമാണ്. പാർട്ടിയെ കെട്ടിപ്പടുക്കാനും വിശ്വാസ്യത വീണ്ടെടുക്കാനുമുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടാൻ ഭരണത്തിൽ പങ്കാളികളാവുകയും അതുവഴി മന്ത്രി സ്ഥാനം നേടുകയും ചെയ്താൽ എളുപ്പമാവുമെന്നാണ് എസ്. രാജേഷ് കുമാറിന്റെ അഭിപ്രായം.
കൂടുതൽ സീറ്റും ഭരണപങ്കാളിത്തവും; വാദം ഇങ്ങനെ...
ഡി.എം.കെ സഖ്യത്തിൽ പരമാവധി സീറ്റുകൾ നേടിയെടുക്കാൻ ശ്രമിക്കുന്നതിനൊപ്പം സമാന്തരമായി വിജയിയുടെ പാർട്ടിയുമായും ചർച്ച നടത്തണമെന്നാണ് കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഡി.എം.കെക്കൊപ്പം ഉറച്ചുനിൽക്കണമെന്നാണ് പാർട്ടിയുടെ ഉന്നതനേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുടെയും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപെരുംതഗൈയുടെയും വാദം. ഡി.എം.കെ സഖ്യത്തിൽനിന്ന് പുറത്തുകടക്കാൻ അവർ ആഗ്രഹിക്കുന്നേയില്ല. എന്നാൽ, സെൽവപെരുംതഗൈയുടെ വിരുദ്ധ ചേരിയിലുള്ള മാണിക്കം ടാഗോർ, ശശികാന്ത് സെന്തിൽ, രാജേഷ് കുമാർ, കെ.എസ്. അഴഗിരി തുടങ്ങിയവർ ടി.വി.കെക്ക് ഒപ്പം ചേരണമെന്ന അഭിപ്രായക്കാരാണ്. അങ്ങനെയൊരു കൂടുമാറ്റം പാർട്ടിക്ക് കൂടുതൽ സീറ്റും ഭരണപങ്കാളിത്തവും നേടിത്തരുമെന്നാണ് അവരുടെ വാദം.
എന്നാൽ, തമിഴ്നാട് ഭരണത്തിലല്ല രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുടെ ശ്രദ്ധ. പകരം 2029ൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടിയെടുക്കുകയെന്നതാണ്. ഡി.എം.കെക്കൊപ്പം 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായി മത്സരിച്ച കോൺഗ്രസ് മത്സരിച്ച ഒമ്പതിൽ എട്ടു സീറ്റിലും ജയിച്ചിരുന്നു. 2024ൽ ഡി.എം.കെ സഖ്യത്തിൽ മത്സരിച്ച ഒമ്പതു സീറ്റും ജയിച്ച് നേട്ടം നൂറുശതമാനമാക്കി.
ആശങ്കയായി രാഷ്ട്രീയ ഗോദയിലെ ‘ബോക്സോഫീസ് പരാജയങ്ങൾ’
അതേസമയം, അഭ്രപാളികളിൽനിന്ന് ക്രൗഡ്പുള്ളർമാരായി രാഷ്ട്രീയത്തിന്റെ ഗോദയിലിറങ്ങിയവർ പുതിയ തട്ടകത്തിൽ ‘ബോക്സോഫീസ് പരാജയം’ രുചിച്ചതും കോൺഗ്രസിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. വടിവേലു ഡി.എം.കെയുടെ താരപ്രചാരകനായെത്തിയ 2011ൽ പാർട്ടിക്ക് നേരിട്ടത് ചരിത്രത്തിലെ കനത്ത തോൽവികളിലൊന്നായിരുന്നു. ഉലക നായകൻ കമൽ ഹാസൻ മക്കൾ നീതി മയ്യവുമായി രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ വൻ ജനക്കൂട്ടത്തിന്റെ അകമ്പടിയുണ്ടായിരുന്നു. എന്നാൽ, ആ ആൾക്കൂട്ടമൊന്നും വോട്ടായി മാറിയില്ല. വിജയ്ക്കുപിന്നിലെ ജനസഹസ്രങ്ങൾ പോളിങ് ബൂത്തിൽ ഒപ്പം നിൽക്കുമോയെന്ന് തെളിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ കോൺഗ്രസ് എന്തിന് റിസ്കെടുക്കണം എന്ന ചോദ്യത്തിനും പ്രസക്തിയേറെയുണ്ട്. ‘പിടിച്ചതിനെ വിട്ട് പറക്കുന്നതിനെ പിടിക്കണോ’ എന്നതാണ് കോൺഗ്രസിനുള്ളിൽ ഉയരുന്ന വലിയ ആശയക്കുഴപ്പം.
എങ്കിലും, കോൺഗ്രസ്-ടി.വി.കെ അച്ചുതണ്ട് എന്ന ആശയം ചില കോൺഗ്രസ് വൃത്തങ്ങളിൽ സ്വകാര്യമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ‘തമിഴ്‌നാട്ടിൽ ഡി.എം.കെയുടെ പ്രതിബദ്ധതയും അനുസരണയുള്ള പങ്കാളിയാണ് കോൺഗ്രസ്’ എന്ന് മുതിർന്ന പാർട്ടി നേതാക്കളിൽ ഒരാൾ ചൂണ്ടിക്കാട്ടുന്നു. ഗാന്ധിമാരുമായി സ്റ്റാലിന് അത്രയേറെ അടുത്ത ബന്ധമാണുള്ളത്. ‘വോട്ട് കൊള്ള’ക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തെ പിന്തുണയ്ക്കാൻ അദ്ദേഹം ബിഹാറിലെത്തി റാലിയിൽ പങ്കെടുത്തു. ലോക്‌സഭയിൽ ഇൻഡ്യ ബ്ലോക്കിന് നിർണായകമായ 22 എം.പിമാരുടെ പിന്തുണയുണ്ട്. ടി.വി.കെ നിലവിൽ തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കപ്പെട്ടിട്ടില്ലാത്ത പാർട്ടിയാണ്’ -അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കരുത്തുറ്റ ദ്രാവിഡ പാർട്ടിയുടെ നിഴലായി നിൽക്കുന്നതിന് പകരം പുതിയ പാർട്ടികളും ചെറുപാർട്ടികളുമടങ്ങിയ സഖ്യത്തിൽ നിർണായക സാന്നിധ്യമായി പാർട്ടിയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് മുൻതൂക്കം നൽകുകയാണ് വേണ്ടതെന്ന വാദഗതിയുയർത്തുന്നു മറ്റു ചില നേതാക്കൾ. വിജയ് ആരാധകർ ഉൾപ്പെടെ ചെറുപ്പക്കാർക്കിടയിൽ ടി.വി.കെക്ക് കനത്ത അടിത്തറയാണുള്ളതെന്നും അവരുമായുള്ള സഖ്യം ഭാവിയിലേക്കുള്ള കരുതൽ കൂടിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വിജയ് വഴി വോട്ട് വരുമോ?
അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ വിജയ് നയിക്കുന്ന ടി.വി.കെക്ക് 20 ശതമാനത്തോളം വോട്ട് നേടാനാവുമെന്നാണ് കോൺഗ്രസിനുള്ളിലെ വൃത്തങ്ങൾ കണക്കുകൂട്ടുന്നത്. 12-15 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് ടി.വി.കെ നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 4.27 ശതമാനം വോട്ട് നേടിയ കോൺഗ്രസ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത് 10.67 ആയി ഉയർത്തിയിരുന്നു.
യുവജനങ്ങൾ, പ്രത്യേകിച്ച് 35 വയസ്സിന് താഴെയുള്ള സ്ത്രീകൾ ടി.വി.കെക്ക് വോട്ട് ചെയ്യുമെന്ന് ചില കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു. ടി.വി.കെയുടെ റാലിയിലെത്തുന്ന ആയിരക്കണക്കിനാളുകൾ വോട്ടിങ്ങിൽ പ്രതിഫലിക്കും. വരും മാസങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാവും. എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തിൽ കൂടുതൽ വിള്ളൽ വീഴുന്ന പക്ഷം, വിജയ് ചെലുത്തുന്ന സ്വാധീനം വർധിക്കും.
രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമാണ് വിജയ് പുലർത്തുന്നത്. അദ്ദേഹത്തിന്റെ പാർട്ടിയും കോൺഗ്രസുമായി നിലവിൽ സഖ്യ ചർച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും അത് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയേയും ഡി.എം.കെയെയും നിശിതമായി വിമർശിക്കുന്ന വിജയ്, രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടുകൊള്ള ആരോപണം സെപ്റ്റംബർ 13ന് നടത്തിയ റാലിയിൽ ഉയർത്തിയിരുന്നു.
ലക്ഷ്യം ‘ഡി.എം.കെ ഇല്ലാത്ത ഡി.എം.കെ മുന്നണി’
ഡി.എം.കെ മുന്നണിയിൽനിന്ന് സഖ്യകക്ഷികളെ തങ്ങൾക്കൊപ്പമെത്തിക്കുകയാണ് വിജയിയുടെ മനസ്സിലുള്ള പദ്ധതിയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഡി.എം.കെ ഇല്ലാത്ത ഡി.എം.കെ മുന്നണിയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികൾ, എം.ഡി.എം.കെ, വി.സി.കെ, മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ പാർട്ടികൾ എന്നിവരെയൊക്കെ ഉൾപ്പെടുത്തി മുന്നണി രൂപവത്കരിക്കാനാണ് ഉന്നം. അധികാരം പങ്കിടുകയെന്ന വാഗ്ദാനവും അവർക്കു മുമ്പാകെ വെക്കും. എന്നാൽ, ഇൻഡ്യ മുന്നണിയിലെ വിശ്വസ്ത ഘടകകക്ഷിയായ ഡി.എം.കെയുമായുള്ള പങ്കാളിത്തത്തിന്റെ വേരറുത്ത് കോൺഗ്രസ് വിജയ്ക്കൊപ്പം കൈകോർക്കുമോ? അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ അതിനുള്ള സാധ്യത തുലോം കുറവാണെങ്കിലും ആ തെരഞ്ഞെടുപ്പിൽ ടി.വി.കെ നേടുന്ന വോട്ടുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും അവരുമായി ഭാവിയിൽ കൂട്ടുകെട്ട് പടുത്തുയർത്താനുള്ള സാധ്യതകൾ.