Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ ന്യൂനപക്ഷ...

തമിഴ്നാട്ടിൽ ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

text_fields
bookmark_border
https://www.madhyamam.com/tags/joseph-vijay
cancel

ചെന്നൈ: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, തൊഴിൽ മേഖലകളിലെ പുരോഗതി ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ വൻ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു. സർക്കാർ േക്വാട്ടയിൽ പ്രവേശനം നേടുന്ന മുസ്‍ലിം പെൺകുട്ടികളുടെ ബിരുദതല ട്യൂഷൻ ഫീസ് പൂർണമായും സർക്കാർ വഹിക്കുമെന്നതടക്കം വിവിധ പദ്ധതികൾ ന്യൂനപക്ഷ ക്ഷേമ മന്ത്രി എ.എം. ഷാജഹാൻ നിയമസഭയിൽ പ്രഖ്യാപിച്ചു.

സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ ആർട്സ്, സയൻസ്, എൻജിനീയറിങ്, മെഡിസിൻ, കൃഷി, നിയമം തുടങ്ങിയ കോഴ്സുകൾക്ക് ആനുകൂല്യം ലഭിക്കും. പദ്ധതിക്കായി ആദ്യഘട്ടത്തിൽ 20 കോടി രൂപ അനുവദിച്ചു. മുസ്‍ലിം പെൺകുട്ടികൾക്കുള്ള വഖഫ് ബോർഡ് സ്കോളർഷിപ് ഒമ്പത്, പത്ത് ക്ലാസുകളിലേക്കും വ്യാപിപ്പിച്ചു. പ്രതിവർഷം 2,000 രൂപ വീതം ലഭിക്കുന്ന പദ്ധതിക്ക് നിലവിൽ 41,384 ഗുണഭോക്താക്കളുണ്ട്. ഇതിനായി 8.28 കോടി രൂപ ചെലവഴിക്കും.

തമിഴ്നാട് വഖഫ് ബോർഡിന്റെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ ന്യൂനപക്ഷ വനിതകൾക്കായി പ്രത്യേക ആർട്സ് ആൻഡ് സയൻസ് കോളജ് സ്ഥാപിക്കും. മുസ്‍ലിം വഖഫ്, ക്രിസ്ത്യൻ മതസ്ഥാപനങ്ങളുടെ സ്വത്തുക്കളിൽ വാണിജ്യ സമുച്ചയങ്ങൾ, വിവാഹ മണ്ഡപങ്ങൾ തുടങ്ങിയ വരുമാനം ലഭ്യമാവുന്ന പദ്ധതികൾ നടപ്പാക്കുന്നതിനായി 100 കോടി രൂപയുടെ റിവോൾവിങ് ഫണ്ട് രൂപീകരിക്കും. ഈ ഫണ്ടിൽനിന്ന് പലിശരഹിത വായ്പകൾ നൽകും.

കൂടാതെ, അടുത്ത നാല് വർഷത്തിനിടെ 10,000 ന്യൂനപക്ഷ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകും. തമിഴ്നാട് സ്കിൽ ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പരിശീലനം സംഘടിപ്പിക്കും. ഇൻഫർമേഷൻ ടെക്നോളജി, ഓട്ടോമൊബൈൽ, വസ്ത്ര രൂപകൽപന, ബ്യൂട്ടി ആൻഡ് വെൽനെസ്, എംബ്രോയ്ഡറി, കൃഷി തുടങ്ങിയ മേഖലകളിലായിരിക്കും പരിശീലനം. സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിച്ച് ന്യൂനപക്ഷ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

Show Full Article
TAGS:Vijay Government Tamilnadu Minority welfare Welfare Schemes 
News Summary - Tamil Nadu Government Announces Major Welfare Schemes for Minorities
Next Story