Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ...

തമിഴ്നാട്ടിൽ അനിശ്ചിതത്വം നീങ്ങുമോ‍?! വിജയിയെ പിന്തുണക്കുമെന്ന് വി.സി.കെ; പ്രഖ്യാപനം ഉടൻ

text_fields
bookmark_border
തമിഴ്നാട്ടിൽ അനിശ്ചിതത്വം നീങ്ങുമോ‍?! വിജയിയെ പിന്തുണക്കുമെന്ന് വി.സി.കെ; പ്രഖ്യാപനം ഉടൻ
cancel

ചെന്നൈ: തമിഴ്നാട്ടിൽ വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ), സർക്കാർ രൂപീകരിക്കുന്നതിന് നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ)യെ പിന്തുണക്കുമെന്ന് റിപ്പോർട്ട്. ഉടൻ പ്രഖ്യാപനം ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. വി.സി.കെക്ക് രണ്ട് സീറ്റുകളുണ്ട്. വെള്ളിയാഴ്ച വി.സി.കെ പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാൻ ഗവർണർ തയ്യാറാവുകയും ചെയ്തിരുന്നില്ല.

തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണ പ്രക്രിയ കഴിഞ്ഞ ദിവസം രാത്രിയിൽ പുതിയ സംഭവ വികാസങ്ങൾക്കും വിവാദത്തിനും തിരികൊളുത്തിയിരുന്നു. വിജയിയെ പിന്തുണ നൽകുമെന്ന് പറഞ്ഞ എം.എൽ.എയെച്ചൊല്ലി ടി.വി.കെയും അമ്മ മക്കൾ മുന്നേറ്റ കഴകവും (എ.എം.എം.കെ) തമ്മിൽ കൊമ്പുകോർത്തു. തന്റെ പാർട്ടിയുടെ ഏക എം.എൽ.എയായ കാമരാജിന്റെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന "വ്യാജ കത്തിന്റെ" ഫോട്ടോകോപ്പിയാണ് ടി.വി.കെ ഗവർണർക്ക് സമർപ്പിച്ചതെന്നായിരുന്നു എ.എം.എം.കെ നേതാവ് ടി.ടി.വി. ദിനകരന്റെ ആരോപണം.

എന്നാൽ ആരോപണം നിഷേധിച്ച് എം.എൽ.എ ഒപ്പിടുന്ന വീഡിയോ ടി.വി.കെ പങ്കിട്ടു. കാമരാജ് ടി.വി.കെയെ പിന്തുണച്ച് കത്ത് എഴുതി ഒപ്പിടുന്നതായിരുന്നു വീഡിയോ. നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.കെ 108 സീറ്റുകൾ നേടിയെങ്കിലും കേവല ഭൂരിപക്ഷമായ 118 എത്തിയിരുന്നില്ല. 234 അംഗ സഭയിൽ വിജയിക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ.

അഞ്ച് സീറ്റുള്ള കോൺഗ്രസും രണ്ടു സീറ്റുകൾ വീതമുള്ള സി.പി.ഐയുടെയും സി.പി.എമ്മിന്റെയും സംസ്ഥാന നേതൃത്വം ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വി.സി.കെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അതേസമയം ഏറ്റവും വലിയ ഒറ്റ കക്ഷിയായ ടി.വി.കെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതും ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഗവർണറുടെ സഹായത്തോടെ ബി.ജെ.പി ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. അതിനിടെ പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ശത്രുത മറന്ന് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Show Full Article
TAGS:indianews Tamilnau TVK TVK Vijay Election News assembly 
News Summary - Tamil Nadu government formation LIVE: VCK to support TVK, announcement soon
Next Story