തമിഴ്‌നാട്ടിൽ ഒറ്റക്ക് അധികാരം പിടിക്കും; ഭൂരിപക്ഷം ഉറപ്പെന്ന് തമിഴക വെട്രി കഴകം
text_fieldsചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുടെയും പിന്തുണയില്ലാതെ തമിഴക വെട്രി കഴകം (ടി.വി.കെ) ഒറ്റക്ക് സർക്കാർ രൂപവത്കരിക്കുമെന്ന് പാർട്ടി നേതൃത്വം. വോട്ടെണ്ണൽ പുരോഗമിക്കെ, സംസ്ഥാനത്ത് തങ്ങൾ കേവല ഭൂരിപക്ഷം നേടുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് നടൻ വിജയിന്റെ നേതൃത്വത്തിലുള്ള പാർട്ടി.
തിരഞ്ഞെടുപ്പ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത് ടി.വി.കെ പല നിർണ്ണായക മണ്ഡലങ്ങളിലും മുന്നിലാണെന്നാണ്. ഇതിന് പിന്നാലെയാണ് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന് പാർട്ടി വക്താക്കൾ വ്യക്തമാക്കിയത്. തമിഴ്നാട്ടിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ദ്രാവിഡ കക്ഷികൾക്ക് പകരമായി വിജയിനെ അവർ ഹൃദയത്തിലേറ്റിയെന്നും ടി.വി.കെ കേന്ദ്രങ്ങൾ അവകാശപ്പെടുന്നു.
ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ വൻശക്തികളെ മറികടന്ന് പുതിയൊരു രാഷ്ട്രീയ ചരിത്രം എഴുതാനാണ് വിജയ് ലക്ഷ്യമിടുന്നത്. ആദ്യമായി തിരഞ്ഞെടുപ്പ് നേരിടുന്ന ഒരു പാർട്ടിയെ സംബന്ധിച്ചിടത്തോളം നിലവിലെ മുന്നേറ്റം അവിശ്വസനീയമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മറ്റ് പാർട്ടികളുമായി സഖ്യത്തിനില്ലെന്നും ജനവിധി തങ്ങൾക്കൊപ്പമാണെന്നും ടിവികെ ആവർത്തിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ ഫലങ്ങൾ പുറത്തുവരുന്നതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് ഒരു പുതിയ യുഗം കുറിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകരും രാഷ്ട്രീയ ലോകവും.


