Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ആദ്യം...

'ആദ്യം പഠിപ്പിക്കേണ്ടത് പൗരബോധം, എന്നിട്ടാകാം യോഗ'; സൗജന്യ യോഗാ മാറ്റിനായി യുപിയിൽ തമ്മിലടി

text_fields
bookmark_border
ആദ്യം പഠിപ്പിക്കേണ്ടത് പൗരബോധം, എന്നിട്ടാകാം യോഗ; സൗജന്യ യോഗാ മാറ്റിനായി യുപിയിൽ തമ്മിലടി
cancel

മീററ്റ്: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിനിടെ ഉത്തർപ്രദേശിലെ മീററ്റിൽ സൗജന്യ യോഗാ മാറ്റുകൾക്ക് വേണ്ടി പങ്കെടുത്തവർ തമ്മിലടിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. സർക്കാർ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിക്കിടെയാണ് പൊതുജനങ്ങൾ മാറ്റുകൾക്കായി പരസ്പരം തല്ലുകൂടുകയും പിടിച്ചുപറി നടത്തുകയും ചെയ്തത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഉത്തർപ്രദേശ് സർക്കാരിനും സംഘാടകർക്കും വലിയ നാണക്കേടായിരിക്കുകയാണ്.

ഇന്നലെ രാജ്യമൊട്ടാകെ വിപുലമായ യോഗാ ദിനാചരണങ്ങളാണ് നടന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യാനായി എത്തിച്ച യോഗാ മാറ്റുകൾ സ്വന്തമാക്കാൻ ആളുകൾ കൂട്ടത്തോടെ തള്ളിക്കയറുകയായിരുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, യോഗാ ദിനത്തിൽ മാറ്റുകൾ സൗജന്യമായി ലഭിക്കുമെന്ന വാർത്ത പരന്നതോടെ വൻ ജനക്കൂട്ടമാണ് ഒത്തുകൂടിയത്. തുടർന്ന് മാറ്റുകൾ വിതരണം ചെയ്യാൻ തുടങ്ങിയതോടെ ജനങ്ങൾ അച്ചടക്കം മറന്ന് പരസ്പരം തള്ളിമാറ്റിയും മാറ്റുകൾ ബലമായി പിടിച്ചെടുത്തും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒന്നിലധികം മാറ്റുകൾ കൈക്കലാക്കാൻ ചിലർ തർക്കത്തിലേർപ്പെടുമ്പോൾ, പ്രായമായവർ ഉൾപ്പെടെയുള്ള മറ്റുചിലർക്ക് ഒരു മാറ്റ് പോലും കിട്ടാത്ത സാഹചര്യമുണ്ടായി. ഉന്തും തള്ളും രൂക്ഷമായതോടെ ഒടുവിൽ യോഗാ ദിന പരിപാടി തന്നെ പൂർണ്ണമായി തടസ്സപ്പെടുകയും അലങ്കോലപ്പെടുകയും ചെയ്തു.

ദൃശ്യങ്ങൾ എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെ കടുത്ത ഭാഷയിലാണ് പൊതുജനം ഇതിനോട് പ്രതികരിക്കുന്നത്. യോഗയല്ല, മറിച്ച് സമൂഹത്തിൽ എങ്ങനെ മാന്യമായി പെരുമാറണമെന്ന അടിസ്ഥാന അച്ചടക്കമാണ് ഇത്തരം ആളുകളെ ആദ്യം പഠിപ്പിക്കേണ്ടതെന്ന് ഭൂരിഭാഗം പേരും കുറിച്ചു. ട്രെയിനുകളിൽ നിന്ന് ബെഡ്ഷീറ്റുകളും പൊതുവഴികളിലെ ചെടിച്ചട്ടികളും മോഷ്ടിക്കുന്ന അതേ മനോഭാവമാണ് ഇവിടെയും കണ്ടതെന്നും, പൊതുമുതൽ കൊള്ളയടിച്ചവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അടിസ്ഥാന പൗരബോധമില്ലാത്ത ഇത്തരം പ്രവണതകൾ രാജ്യത്തിന് തന്നെ അപമാനമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പൊതുവികാരം.

Show Full Article
TAGS:utherpradesh UP Yogi Adithyanath international yoga day 
News Summary - 'Teach Civic Sense First, Yoga Can Come Later'; Clash in UP for Free Yoga Mats
Next Story