ദേശീയപാത അടച്ചതിനു പിന്നാലെ ഭീകരാക്രമണം; കശ്മീരിൽ കുടുങ്ങി സഞ്ചാരികൾ
text_fieldsജമ്മു കശ്മീരിൽ സന്ദർശനത്തിനുപോയ കേരള ഹൈകോടതി ജഡ്ജിമാർ സുരക്ഷിതർ. ജഡ്ജിമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത് കുമാർ, ജി.ഗിരീഷ് എന്നിവരാണ് ശ്രീനഗറിൽ സുരക്ഷിതരായി ഉള്ളത്.
ജമ്മു: റമ്പാനിലെ മേഘവിസ്ഫോടനത്തിൽ ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചതും തൊട്ടുപിന്നാലെയുണ്ടായ പഹൽഗാം ഭീകരാക്രമണവും നൂറുകണക്കിന് മലയാളി വിനോദസഞ്ചാരികളെ വലച്ചു. അവധി ആഘോഷിക്കാൻ നിരവധി മലയാളി കുടുംബങ്ങളാണ് ദിവസവും ജമ്മുതാവി റെയിൽവേ സ്റ്റേഷനിലും ശ്രീനഗർ വിമാനത്താവളത്തിലുമായി വന്നിറങ്ങുന്നത്.
എന്നാൽ, ഞായറാഴ്ച റമ്പാൻ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ ചന്ദേർക്കോടിൽ മലയിടിച്ചിലുണ്ടായി. ഇതിൽ ജമ്മു-ശ്രീനഗർ ദേശീയപാത പലയിടത്തും തകർന്നതോടെ പാത അടക്കുകയായിരുന്നു. ജമ്മുവിൽനിന്നുള്ള സഞ്ചാരികളുടെ ശ്രീനഗറിലേക്കുള്ള വഴി ഇതോടെ അടഞ്ഞു. പലരും ബദൽപാതയായ മുഗൾ റോഡിനെ ആശ്രയിച്ചെങ്കിലും ഇതുവഴി വലിയ വാഹനങ്ങൾക്ക് പൊലീസ് വിലക്കേർപ്പെടുത്തി. ഇതോടെ കുട്ടികളും സ്ത്രീകളുമടങ്ങുന്ന നിരവധി മലയാളികൾ പൗനിയിലും പൂഞ്ചിലും രാത്രിയിൽ കുടുങ്ങി.
മിക്കവരും വാഹനങ്ങളിൽതന്നെയാണ് രാത്രി മുഴുവനും കഴിച്ചുകൂട്ടിയത്. ചൊവ്വാഴ്ച പുലർച്ചെ ശ്രീനഗറിലേക്ക് പുറപ്പെട്ടെങ്കിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. പലരും നൂറ് കിലോമീറ്റർ താണ്ടി ജമ്മുവിലേക്കുതന്നെ മടങ്ങുകയായിരുന്നു. ഇതിനിടെ പഹൽഗാം ഭീകരാക്രമണം കൂടിയുണ്ടായതോടെ ശ്രീനഗറിലെത്തിയവരും കുടുങ്ങി. ഇവർക്കെല്ലാം മടക്കയാത്രക്ക് ദിവസങ്ങൾ കാത്തിരിക്കണം.
കരുവാരകുണ്ട്, കാളികാവ്, പൂളമണ്ണ, ഫറോക്ക്, കോഴിക്കോട്, തളിപ്പറമ്പ്, കണ്ണൂർ തുടങ്ങി നിരവധി ഇടങ്ങളിൽനിന്നുള്ള കുടുംബങ്ങൾ ഇപ്പോൾ ജമ്മുവിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവർ സുരക്ഷിതരാണ്. പാക്കേജ് വഴി നിരവധി സംഘങ്ങൾ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി കശ്മീരിലേക്ക് ട്രെയിൻ കയറിയിട്ടുണ്ട്. ഇവർ ഡൽഹിയിലോ മറ്റോ തങ്ങാനാണ് സാധ്യത. കശ്മീരിൽ ഹോട്ടലിലും കേബ്ൾ കാർ ഉൾപ്പെടെയുള്ള വിനോദപരിപാടികൾക്കും ഇവരെല്ലാം പണമടക്കുകയും ചെയ്തിട്ടുണ്ട്.